കൊയിലാണ്ടിയില്‍ ദീര്‍ഘദൂര ബസുകളുടെ മരണപ്പാച്ചില്‍ ജീവനെടുക്കുന്നത് തുടര്‍ക്കഥയാവുന്നു; ഡിസംബറില്‍ മാത്രം അമിതവേഗതയ്ക്ക് പൊലീസ് പിഴയായി ഈടാക്കിയത് ആറുലക്ഷം രൂപ


കൊയിലാണ്ടി: വാഹനങ്ങളുടെ അമിതവേഗതയും അതിനെത്തുടര്‍ന്നുണ്ടാകുന്ന അപകട മരണങ്ങളും കൊയിലാണ്ടിയില്‍ തുടര്‍ക്കഥയാവുകയാണ്. ഏറ്റവും ഒടുവിലായി തിങ്കളാഴ്ച രാത്രി റോഡ് മുറിച്ചുകടക്കുകയായിരുന്ന യുവാവിനാണ് ജീവന്‍ നഷ്ടമായത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന അമിത വേഗതയിലെത്തിയ ടൈഗര്‍ ബസ് കൊല്ലം സ്വദേശിയായ ശരത്തിനെ തട്ടിത്തെറിപ്പിച്ചശേഷം ദേഹത്തുകൂടെ കയറി ഇറങ്ങുകയായിരുന്നു. ഇതേ സ്ഥലത്താണ് കഴിഞ്ഞ ഒക്ടോബറില്‍ പന്തലായനി സ്വദേശി ഷീബ സ്‌കൂട്ടറില്‍ യാത്ര ചെയ്യവെ ലോറി തട്ടി മരിച്ചത്.

കോഴിക്കോട്-കണ്ണൂര്‍ ദീര്‍ഘദൂര ബസുകളുടെ വേഗപ്പാച്ചിലുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്. ദിവസങ്ങള്‍ക്കു മുമ്പ് വെസ്റ്റ് ഹില്ലില്‍ രണ്ട് ബൈക്ക് യാത്രികരായ യുവാക്കളുടെ ജീവന്‍ നഷ്ടപ്പെടുന്നതിന് വഴിവെച്ചതും ഈ മരണപ്പാച്ചില്‍ ആയിരുന്നു. കണ്ണൂരിലേക്ക് പോകുകയായിരുന്ന ആദികൃഷ്ണ എന്ന സ്വകാര്യ ബസ് അമിതവേഗതിയിലെത്തി മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രികരായ തലക്കുളത്തൂര്‍ സ്വദേശി മണികണ്ഠന്‍, പാലോറമല സ്വദശി നിധിന്‍ എന്നിവരായിരുന്നു മരണപ്പെട്ടത്.

ബസുകളുടെ അമിതവേഗത ചോദ്യം ചെയ്ത ബൈക്ക് യാത്രികനെ ബോധപൂര്‍വ്വം ഇടിച്ചുതെറിപ്പിച്ച സംഭവം നടന്നത് ഒരാഴ്ച മുമ്പാണ്. കഴിഞ്ഞ മൂന്നാം തിയ്യതി മാവൂര്‍ റോഡില്‍ കോഴിക്കോട് കണ്ണൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ഫെറാറി എന്ന ബസാണ് ബൈക്ക് യാത്രികനായ അഷ്‌റഫിനെ ഇടിച്ച് തെറിപ്പിച്ചശേഷം നിര്‍ത്താതെ പോയത്. ബസിലെ ഡ്രൈവറോട് മെല്ലെപ്പോയാല്‍ പോരേയെനന് മാവൂര്‍ റോഡിലെ ബസ്‌റ്റോപ്പിനടുത്തുവെച്ച് അഷ്‌റഫ് പറഞ്ഞിരുന്നെന്നും തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിനു സമീപത്തുവെച്ചു മനപൂര്‍വ്വം ബൈക്കിനു പിന്നില്‍ ഇടിക്കുകയും നിര്‍ത്താതെ പോകുകയുമായിരുന്നെന്നാണ് അഷ്‌റഫ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. അഷ്‌റഫിന്റെ കാലിലെ എല്ല് പൊട്ടുകയും ചെയ്തിരുന്നു.

അമിത വേഗതയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബറില്‍ മാത്രം കൊയിലാണ്ടി ട്രാഫിക് പൊലീസ് ആറുലക്ഷം രൂപയാണ് വിവിധ വാഹനങ്ങളില്‍ നിന്നും പിഴയായി ഈടാക്കിയത്. ഇന്ന് ഇതുവരെ രണ്ട് ബസുകള്‍ക്ക് പിഴയിട്ടിട്ടുണ്ടെന്നാണ് ട്രാഫിക് എസ്.ഐ ശശി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. ഏറെ പേടിയോടെയാണ് ദീര്‍ഘദൂര ബസുകളില്‍ യാത്രചെയ്യുന്നത് എന്നാണ് കോഴിക്കോട് ജോലി ചെയ്യുന്ന കൊല്ലം സ്വദേശിയായ ദിലു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. കഴിഞ്ഞദിവസം മാനാഞ്ചിറയില്‍ നിന്നും ഒരു സ്വകാര്യ ബസ് പതിനഞ്ച് മിനിറ്റുകൊണ്ടാണ് ഈ ട്രാഫിക്കൊക്കെ താണ്ടി ചെങ്ങോട്ടുകാവിലെത്തിയത്. മുന്നിലെ ചെറുവാഹനങ്ങളെ ഒട്ടും ഗൗനിക്കാത്ത തരത്തിലാണ് ഇവരുടെ പോക്കെന്നും അദ്ദേഹം പറയുന്നു.

കൊയിലാണ്ടി നഗരത്തില്‍ പതിവായ ഗതാഗതക്കുരുക്കും സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിന് ഒരു കാരണമാണ്. മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍ പെടുന്ന ബസുകള്‍ മറ്റൊന്നും നോക്കാതെ സമയം ഒപ്പിക്കാനായി വേഗതകൂട്ടുകയാണ്. ഇതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

ബസിനകത്തും പുറത്തുമുള്ള ആളുകളെ പേടിപ്പെടുത്തിക്കൊണ്ടുള്ള ബസുകളുടെ ഈ ഓട്ടം എങ്ങനെ അവസാനിപ്പിക്കണം എന്ന് ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഇനിയും ഇക്കാരണങ്ങള്‍കൊണ്ട് വിലപ്പെട്ട ജീവനുകള്‍ റോഡുകളില്‍ പൊലിയാനിടവരുത്തരുത്. ബസുടമകളും ജീവനക്കാരും ഭരണസംവിധാനവും ഒരുമിച്ചിരുന്ന് അപകടങ്ങള്‍ കുറയ്ക്കാന്‍ എന്ത് ചെയ്യാനാവുമെന്ന് ആലോചിക്കുകയും എത്രയും പെട്ടെന്ന് അവ പ്രായോഗത്തില്‍ വരുത്തുകയും വേണം. അമിതവേഗത ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതിപ്പെടാനുള്ള സംവിധാനവും വേണം.