കേരളഗ്രാമീണ ബാങ്കിന് മുന്നിലെ പ്രതിഷേധം അവസാനിപ്പിച്ച് കെ.എസ്.യു; പേരാമ്പ്ര സ്വദേശിനിക്ക് വിദ്യാഭ്യാസ വായ്പ അനുവദിച്ചു


പേരാമ്പ്ര: വിദ്യാഭ്യാസ വായ്പ അനുവദിച്ചതോടെ കേരളഗ്രാമീണ ബാങ്കിന് മുന്നിലെ പ്രതിഷേധം അവസാനിപ്പിച്ച് കെ.എസ്.യു. വിദ്യാര്‍ത്ഥിയുടെ വായ്പ പ്രശ്‌നത്തിന് പരിഹാരമായതോടെയാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചത്.

അപേക്ഷ നല്‍കി ആറ് മാസമായിട്ടും വിദ്യാഭ്യാസ വായ്പ ലഭിച്ചിച്ചെന്ന് ആരോപിച്ച് ബി.എസ്.സി. നഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കള്‍ കഴിഞ്ഞ ദിവസം ബാങ്കില്‍ കുത്തിയിരിപ്പ് പ്രതിഷേധം നടത്തിയിരുന്നു. രണ്ട് ദിവസത്തിനകം പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുമെന്നാണ് അന്ന് ബാങ്ക് അധീകൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ പരിഹാരമാകാതായതോടെ ഇന്ന് രാവിലെ മുതല്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ ബാങ്കിന് മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തുകയായിരുന്നു.

ബെംഗളൂരുവില്‍ മദര്‍ തെരേസ കോളേജില്‍ ബി.എസ്.സി. നഴ്‌സിങ്ങ് വിദ്യാര്‍ത്ഥിയാണ് അവ്യലക്ഷ്മി. പഠനത്തിനായി നാല് ലക്ഷം രൂപ ആവശ്യപ്പെട്ടാണ് ആദ്യം അപേക്ഷ നല്‍കിയത്. പിന്നീട് 2.50 ലക്ഷം രൂപയേ അനുവദിക്കാനാകൂവെന്ന് ബാങ്ക് അധീകൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് രേഖകളെല്ലാം രണ്ടാം തവണയും സമര്‍പ്പിച്ചു. പിന്നീട് പല തവണ ബാങ്കില്‍ കയറി ഇറങ്ങിയിട്ടും വായ്പ അനുവദിച്ച് കിട്ടിയില്ല. പരീക്ഷ തിയ്യതി അടുത്തിട്ടും നടപടികള്‍ പൂര്‍ത്തീകരിച്ച് വായ്പ ലഭിക്കാത്തത് കുട്ടിയുടെ പഠനത്തെ അനിശ്ചിതത്വത്തിലാക്കിയിരുന്നു. ഫീസ് അടച്ചാല്‍ മാത്രമേ പരീക്ഷക്കിരുത്തുവെന്ന് കോളേജ് അധീകൃതരും വ്യക്തമാക്കി.

എന്നാല്‍ ഇവരുടെ അപേക്ഷയും അനുബന്ധ രേഖകളും അന്തിമാനുമതിക്കായി കല്പറ്റയിലെ റീജണല്‍ ഓഫീസിന് കൈമാറിയിട്ടുണ്ടെന്നും രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാവുമെന്നും, മാനേജ്മെന്റ് സീറ്റില്‍ പഠിക്കുന്നവരുടെ വായ്പാകാര്യങ്ങളില്‍ അനുമതി നല്‍കേണ്ടത് റീജണല്‍ ഓഫീസില്‍ നിന്നാണെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചിരുന്നത്. പറഞ്ഞ തിയ്യതിയായിട്ടും വായ്പ അനുവദിക്കാത്തതിനെ തുടര്‍ന്നാണ് കെ.എസ്.യു ബാങ്കിന് മുന്നില്‍ സമരം നടത്തിയത്.

ഇന്ന് രാവിലെ മുതല്‍ തുടങ്ങിയസമരം വിദ്യാര്‍ത്ഥിക്ക് വായ്പ അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് വരുന്നതു വരെ തുടര്‍ന്നു. ഇന്ന് ഉച്ചയോടെ കുട്ടിക്ക് വിദ്യാഭ്യാസ വായ്പ അനുവദിച്ചെന്ന് ബോധ്യമായതിന് ശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോയത്. സമരത്തില്‍ കെഎസ്യു ജില്ല വൈസ് പ്രസിഡന്റ് വി.ടി. സൂരജ്, നിയോജക മണ്ഡലം പ്രസിഡന്റ് മുആദ് നരിനട, ആദില്‍ മുണ്ടിയത്ത്, മുഹമ്മദ് ഷാഫി, നജീബ് ചെറുവണ്ണൂര്‍, സിയാദ് അന്നച്ചാലില്‍ എന്നിവര്‍ പങ്കെടുത്തു.