കെ-റെയില്‍: പന്നിയങ്കര മുതല്‍ വെസ്റ്റ്ഹില്‍ വരെ 21 മീറ്റര്‍ താഴ്ചയില്‍ ഭൂഗര്‍ഭപാത, കോഴിക്കോട്ടേത് ഏക ഭൂഗര്‍ഭ സ്റ്റേഷന്, ജില്ലയുമായി ബന്ധപ്പെട്ട ഡി.പി.ആര് വിവരങ്ങള്‍ ഇങ്ങനെ
കോഴിക്കോട്: 33.621 മീറ്റര്‍ താഴ്ചയില്‍ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷന്, ജില്ലയില്‍ ആകെ 7.9 കിലോമീറ്റര്‍ ദൂരത്തില്‍ ഭൂഗര്‍ഭ പാത. കല്ലായിപ്പുഴ കടക്കാനും ഭൂഗര്‍ഭപാത. ഇന്നലെ പുറത്തുവിട്ട കെ റെയില്‍ പദ്ധതി രൂപരേഖയില്‍ ജില്ലയുമായി ബന്ധപ്പെട്ട വിവരങ്ങളാണിത്. കെ റെയിലില്‍ സംസ്ഥാനത്തെ ഏക ഭൂഗര്‍ഭ സ്റ്റേഷന് കോഴിക്കോട്ടാണ്.
പന്നിയങ്കര മുതല്‍ വെസ്റ്റ്ഹില്‍ റെയില്‍വേ സ്റ്റേഷന് വരെ പാത കടന്നുപോവുന്നത് ഭൂനിരപ്പില്‍നിന്ന് 21 മീറ്റര്‍ താഴ്ചയിലൂടെ. നിലവിലുള്ള കെട്ടിടങ്ങളുടെ 18 മീറ്റര്‍ താഴ്ചയിലായിരിക്കും ടണല്‍ നിര്‍മിക്കുക. സുരക്ഷപരിഗണിച്ച് പൈലിങ് നടത്തി നിര്‍മിച്ച ഉയരമുള്ള കെട്ടിടങ്ങളെ ഒഴിവാക്കിയാണ് ഭൂഗര്‍ഭപാത ആസൂത്രണം ചെയ്തിരിക്കുന്നത്. ജനം തിങ്ങിപ്പാര്‍ക്കുന്ന മേഖലയായതുകൊണ്ടാണ് പന്നിയങ്കര മുതല്‍ വെസ്റ്റ്ഹില്‍ വരെ ഭൂഗര്ഭപാതയാക്കിയതെന്നാണ് ഡി.പി.ആറില്‍ (വിശദ പദ്ധതി റിപ്പോര്‍ട്ട്) പറയുന്നത്. 520 കെട്ടിടങ്ങളാണ് സംരക്ഷിക്കപ്പെടുക. 15 മീറ്റര്‍ വീതിയിലാണ് നിര്‍മാണം. കോഴിക്കോട് റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുതന്നെയായിരിക്കും ഇതിന്റെ ഭൂഗര്‍ഭ സ്റ്റേഷനും പണിയുക.
പദ്ധതി രൂപരേഖ പ്രകാരം തിരൂര്‍ മുതല്‍ കോഴിക്കോട് ജില്ലയിലൂടെ നിലവിലെ റെയില്‍വേ ട്രാക്കിനു പടിഞ്ഞാറുവശത്തു കൂടിയാണ് സില്‍വര്‍ ലൈന്‍ പാത കടന്നുപോവുക. പദ്ധതിക്കായി സ്ഥലമേറ്റെടുക്കുന്നതു പരമാവധി കുറയ്ക്കാന്‍ നിലവിലെ പാതയ്ക്കു സമാന്തരമായി റെയില്‍വേയുടെ സ്ഥലത്തുകൂടി പുതിയ പാത പണിയാനാണ് ലക്ഷ്യം.
കോഴിക്കോട് നഗരത്തിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളും ഇടുങ്ങിയ തെരുവുകളും കണക്കിലെടുത്താണ് ഭൂഗര്‍ഭപാത നിര്‍മിക്കാന്‍ തീരുമാനം. 7.9 കിലോമീറ്റര്‍ ഭൂഗര്ഭപാതയില് 5.214 കിലോമീറ്റര്‍ പൂര്‍ണമായും ഭൂഗര്‍ഭ തുരങ്കം നിര്‍മിക്കണം. കോഴിക്കോടു സ്റ്റേഷനില്‍നിന്നു കാസര്‍കോട് ഭാഗത്തേക്ക് 2.292 കിലോമീറ്റര്‍ വടക്കോട്ടും 2.922 കിലോമീറ്റര്‍ തെക്കോട്ടുമാണ് തുരങ്കം നിര്‍മിക്കേണ്ടത്. ഇതില്‍ കല്ലായിപ്പുഴയുടെ ഭാഗത്തും തുരങ്കം നിര്‍മിക്കേണ്ടിവരും. തുരങ്കം നിര്‍മിക്കുന്നതിലൂടെ നിലവിലെ 4 റെയില്‍വേ മേല്പാലങ്ങള് പുതുക്കിപ്പണിയുന്നത് ഒഴിവാക്കാം.
ഒരു റെയില്‍വേ അടിപ്പാതയുടെ നിര്‍മാണവും രണ്ട് പുതിയ മേല്പാലങ്ങളുടെ നിര്‍മാണവും ഒഴിവാക്കാമെന്നും ഡിപിആറില്‍ പറയുന്നു. നിലവിലെ നാല് റെയില്‍വേ മേല്‍പാലങ്ങളുടെയും തൂണുകളുടെ പൈലിങ്ങില്നിന്ന് ഏറ്റവും കുറഞ്ഞത് 3 മീറ്റര്‍ താഴ്ചയിലാക്കും തുരങ്കം നിര്‍മിക്കുക. കെട്ടിടങ്ങളുടെ അടിത്തറയുടെ അടിയില്‍നിന്ന് 21 മീറ്റര്‍ താഴ്ചയിലാകും തുരങ്കം നിര്‍മിക്കുകയെന്നും പറയുന്നു. കടലുണ്ടിപ്പുഴ, ചാലിയാര്‍, ഫറോക്ക് പുഴ എന്നിവയ്ക്കുകുറുകെ പുതിയ പാലം പണിയേണ്ടിവരും. കോഴിക്കോട് റെയില്‍വേ സ്റ്റേഷനു സമാന്തരമായി പടിഞ്ഞാറുവശത്താണ് സില്‍വര്‍ലൈന്‍ പാതയിലെ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനും വരുന്നത്. രണ്ട് പ്ലാറ്റ്ഫോമുകളുണ്ടായിരിക്കും.
വെസ്റ്റ്ഹില്‍ റെയില്‍വേ സ്റ്റേഷനോടുചേര്‍ന്ന് റോ-റോ സ്റ്റേഷന് പണിയും. മറ്റ് വേഗമുള്ള തീവണ്ടികള്‍ കടന്നുപോവുന്ന സമയത്ത് അര്‍ധ അതിവേഗതീവണ്ടികളെ പിടിച്ചിടാനും അര്‍ധ അതിവേഗതീവണ്ടി കടന്നുപോവുന്ന സമയത്ത് മറ്റ് ഹ്രസ്വദൂരതീവണ്ടികള് പ്രധാനപാതയില്‍നിന്ന് മാറ്റി പിടിച്ചിടാനും വേണ്ടിയാണ് റോ-റോ സ്റ്റേഷന് സ്ഥാപിക്കുന്നത്.
തിക്കോടി റെയില്‍വേ സ്റ്റേഷന് രണ്ട് കിലോമീറ്റര്‍ അകലെവച്ച് നിലവിലെ റെയില്‍പാതയ്ക്കു കുറുകെ മേല്‍പാലം നിര്‍മിക്കും. ഇതിലൂടെ സില്‍വര്‍ലൈന്‍ നിലവിലെ പാതയെ മുറിച്ചുകടക്കും. കോഴിക്കോടിനും കണ്ണൂരിനും ഇടയ്ക്ക് 31 റെയില്‍വേ മേല്പാലങ്ങള് പുതുക്കിപ്പണിയേണ്ടി വരും. ദേശീയപാതയെ ഒന്‍പതിടങ്ങളില്‍ മുറിച്ചുകടക്കും. സംസ്ഥാനപാത ഒരിടത്തും മുറിച്ചുകടക്കും. 13 പ്രധാനറോഡുകളും മുറിച്ചുകടക്കും. കോഴിക്കോടിനും കണ്ണൂരിനും ഇടയ്ക്ക് ആറു പുഴകള്‍ മുറിച്ചുകടക്കാനുമുണ്ട്. 13.507 കിലോമീറ്റര്‍ വയാഡക്റ്റുകള്‍ പണിയേണ്ടതായി വരും.
പാതയുടെ നിര്‍മ്മാണം തിക്കോടിഭാഗത്തും ജനവാസകേന്ദ്രങ്ങളെ ബാധിക്കും. വെങ്ങാലിയിലെ പള്ളി സംരക്ഷിക്കാന്‍ കഴിയില്ലെന്നാണ് ഡി.പി.ആറില്‍ പറയുന്നത്. കടലുണ്ടി, ചാലിയാര്‍, ഫറോക്ക്, കോരപ്പുഴ തുടങ്ങിയ നദികള്ക്കുകുറുകെ പാത കടന്നുപോവും.
ഏറ്റവുമധികം സ്വകാര്യഭൂമി ഏറ്റെടുക്കേണ്ടിവരുന്ന എലത്തൂര്‍ വില്ലേജില്‍ രണ്ട് രൂപരേഖ പരിഗണനയിലുണ്ട്. പുതിയ രൂപരേഖ സര്‍ക്കാറിന്റെ അന്തിമഅനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. അതുകൊണ്ട് എലത്തൂരില്‍ എത്രഭൂമിയാണ് ഏറ്റെടുക്കേണ്ടതെന്ന് രൂപരേഖ അംഗീകരിച്ചതിനുശേഷമേ തീരുമാനിക്കുകയുള്ളൂ.
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ദിഷ്ട ലൈറ്റ് മെട്രോ സ്റ്റേഷനുമായി കെ-റെയിലിനെ ബന്ധപ്പെടുത്തുന്നുണ്ട്. രാജ്യത്ത് അതിവേഗം വളരുന്ന നാലാമത്തെ നഗരമാണ് കോഴിക്കോട്. രണ്ട് സൈബര്‍പാര്‍ക്കുകള്‍, എന്‍.ഐ.ടി., ഐ.ഐ.എം. തുടങ്ങിയ സ്ഥാപനങ്ങളുണ്ട്. കോഴിക്കോട്ടുവന്നിറങ്ങുന്ന വിദേശ-തദ്ദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. അതുകൊണ്ട് കെ-റെയില്‍ ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടുമെന്ന് ഡി.പി.ആറില്‍ പറയുന്നു.