കൃഷി ഓഫീസറോ അസിസ്റ്റന്റോ ഇല്ലാതെ അനാഥമായി കൊയിലാണ്ടി കൃഷി ഓഫീസ്; സബ്‌സിഡികളും മറ്റും നഷ്ടമാകുമെന്ന ആധിയില്‍ പ്രദേശത്തെ കര്‍ഷകര്‍


കൊയിലാണ്ടി: കൃഷി ഓഫീസില്‍ ജീവനക്കാര്‍ ആരും ഇല്ലാതായതോടെ കൊയിലാണ്ടിയിലെ കര്‍ഷകര്‍ വലയുന്നു. ഫെബ്രുവരി ഒന്നുമുതല്‍ ഡാറ്റ എന്‍ട്രി പോലുള്ള ജോലികള്‍ ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരല്ലാതെ കൃഷി ഓഫീസറോ കൃഷി അസിസ്റ്റന്റുമാരോ കൊയിലാണ്ടി കൃഷി ഓഫീസിലില്ല. വിളകള്‍ക്ക് എന്തെങ്കിലും രോഗങ്ങളുണ്ടായാലോ കൃഷി സംബന്ധമായ പദ്ധതികള്‍ക്കുവേണ്ടിയോ ആരെ സമീപിക്കും എന്നറിയാത്ത അവസ്ഥയിലാണ് പ്രദേശത്തെ കര്‍ഷകര്‍.

ഒരു കൃഷി ഓഫീസറും മൂന്ന് കൃഷി അസിസ്റ്റന്റുമാണ് ഇവിടെ വേണ്ടത്. എന്നാല്‍ ഒരു കൃഷി ഓഫീസറെയും ഒരു കൃഷി അസിസ്റ്റന്റിനെയും വെച്ചാണ് കുറച്ചുകാലമായി ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. നാലുമാസം മുമ്പേ അവിടെയുണ്ടായിരുന്ന കൃഷി അസിസ്റ്റന്റ് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അവധിയില്‍ പോയി. പിന്നീട് പതിനഞ്ചുദിവസത്തിനുശേഷം വര്‍ക്കിങ് അറൈയ്ഞ്ച്‌മെന്റ്‌സില്‍ തിക്കോടി ഫാമിലെ ജീവനക്കാരനെ കൊയിലാണ്ടിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ രണ്ടരമാസത്തിനുശേഷം ജീവനക്കാരനെ വീണ്ടും തിക്കോടിലേക്കു തന്നെ തിരിച്ചുവിളിച്ചു. അതോടെ കൃഷി ഓഫീസര്‍മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ കൃഷി ഓഫീസര്‍ ഗര്‍ഭിണിയാവുകയും ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഫെബ്രുവരി 21 മുതല്‍ അവധിയില്‍ പ്രവേശിക്കുകയും ചെയ്തതോടെ ഓഫീസില്‍ ഒന്നോ രണ്ടോ താല്‍ക്കാലിക ജീവനക്കാര്‍ മാത്രം എന്ന സ്ഥിതിയിലായി.

പ്രദേശത്തെ കര്‍ഷകര്‍ കൃഷി സംബന്ധമായ കാര്യങ്ങളില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ കൃഷി ഓഫീസിലെത്തി സഹായം തേടുകയും കൃഷി അസിസ്റ്റന്റുമാര്‍ നേരിട്ട് കൃഷി സ്ഥലം സന്ദര്‍ശിച്ചശേഷം പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയാണ് ചെയ്യാറുള്ളത്. അതേപോലെ മാര്‍ച്ച് 31ന് മുമ്പ് കൃഷി സംബന്ധമായ പദ്ധതികളുടെയും മറ്റും ബില്ലുകള്‍ കൈമാറിയില്ലെങ്കില്‍ ഫണ്ട് ലാപ്‌സ് ആവുന്ന സ്ഥിതിയുമുണ്ടാകും. ഇതിനു പുറമേ വിവിധ കൃഷികള്‍ക്ക് കര്‍ഷകര്‍ക്ക് ലഭിക്കുന്ന സബ്‌സിഡികള്‍ നഷ്ടമാകുന്ന സ്ഥിതിയുമുണ്ടാകും. സബ്‌സിഡികള്‍ക്കുവേണ്ടി കര്‍ഷകര്‍ അപേക്ഷ നല്‍കുന്ന മുറയ്ക്ക് സ്ഥലം സന്ദര്‍ശിച്ചശേഷമാണ് ഫണ്ട് പാസാക്കി നല്‍കുക. എന്നാല്‍ അപേക്ഷ സ്വീകരിക്കാനോ സ്ഥലം സന്ദര്‍ശിക്കാനോ ഓഫീസില്‍ ആരുമില്ലയെന്ന അവസ്ഥയാണിപ്പോള്‍.