കുറ്റ്യാടിയെ ഞെട്ടിച്ച് മാവോയിസ്റ്റ് സന്ദർശനം; എത്തിയത് നാലു സ്ത്രീകളുൾപ്പെടെ ആറംഗ സംഘം


നാദാപുരം: ജില്ലയിൽ വീണ്ടും മാവോയിസ്റ് എത്തിയെന്നു സംശയം. കുറ്റ്യാടി പശുക്കടവിലാണ് മാവോയിസ്റ്റ് സംഘമെത്തിയെതായി പരാതി നൽകിയത്. തിങ്കളാഴ്ച വൈകുന്നേരമാണ് പാമ്പൻകോട് മലയില്‍ മാവോയിസ്റ്റ് സംഘമെത്തിയത്. നാല് സ്ത്രീകളും 2 പുരുഷന്മാരുമടങ്ങിയ ആറംഗ സംഘമാണെത്തിയത്. പ്രദേശവാസികളായ എം സണ്ണി, എം സി അശോകന്‍ എന്നിവരുടെ വീടുകളിലണ് ആറു മവോയിസ്റ്റുകളെത്തിയത്.

ഒരാള്‍ തോക്കുമായി റോഡിൽ നിൽക്കുകയായിരുന്നു, സംഘത്തിലെ മറ്റുള്ളവര്‍ വീടുകളില്‍ കയറി സംസാരിച്ചു. മലയാളത്തിലാണ് ഇവർ സംസാരിച്ചതെന്നു വീട്ടുകാര്‍ പറഞ്ഞു. മാവോയിസ്റ്റ് ലഘുലേഖകൾ നൽകിയതിന് ശേഷം കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചോദിച്ചെന്ന് വീട്ടുകാര്‍ പറഞ്ഞു. ആറംഗ സംഘം ഇവിടെ നിന്ന് ആഹാരവും കഴിച്ചാണ് മടങ്ങിയത്.

സംഘത്തിന്റെ പക്കല്‍ തോക്കുമുണ്ടായിരുന്നതായാണ് പൊലീസിന് ലഭിച്ച മൊഴി. വിവരം അറിഞ്ഞ് നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കേരള പൊലീസ് സംഘവും തണ്ടര്‍ബോള്‍ട്ടും ഈ മേഖലയില്‍ തിരച്ചില്‍ നടത്തി.