കീഴരിയൂര്‍ ആനപ്പാറ ക്വാറി സംഘര്‍ഷം: സമരസമിതി നേതാക്കളെ പോലീസ് വേട്ടയാടുന്നതായി പരാതി; വീടുകളില്‍ പോലീസ് പരിശോധന


കീഴരിയൂര്‍: ആനപ്പാറ ക്വാറി സംഘര്‍ഷവുമായി ബന്ധപ്പെട്ട് സമരസമിതി നേതാക്കളെ പോലീസ് വേട്ടയാടുന്നതായി പരാതി. ക്വാറിയില്‍ നിന്നും മെറ്റലുമായി പുറത്തേക്കുവന്ന ലോറികള്‍ സ്ത്രീകള്‍ തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ഇതുമായി ബന്ധപ്പെട്ട് സമരസമിതി നേതാക്കളെ അന്വേഷിച്ച് പോലീസുകാര്‍ വീടുകളിലെത്തി. പോലീസ് വീട്ടിലുള്ള സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയെന്ന് സമര സമിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് പലരും വീടുകളില്‍ നിന്ന് മാറി നില്‍ക്കുകയാണ്.

ക്വാറിക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സമരക്കാര്‍ക്കും പോലീസ്‌കാര്‍ക്കും പരിക്കേറ്റിരുന്നു. സംഘര്‍ഷത്തിനിടെ തലയ്ക്ക് അടിയേറ്റ് ബോധരഹിതയായി വീണ സ്ത്രീയെയും മറ്റൊരു സമരക്കാരനെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തില്‍ മൂന്ന് പൊലീസുകാര്‍ക്കും പരിക്കേറ്റു. എസ്.ഐമാരായ അനൂപ്, കെ.ടി.രഘു, എ.ആര്‍ ക്യാമ്പിലെ ദേവാനന്ദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

സംഭവത്തില്‍ സമര സമിതി നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസുകാരെ ആക്രമിച്ചുവെന്ന കേസില്‍ പിടികൂടി ജയിലിലടക്കാന്‍ നീക്കം നടക്കുന്നതായി സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നു. രാത്രിയോടെ കൂടുതല്‍ പോലീസ് വീടുകളില്‍ റെയ്ഡിനെത്തുമെന്നുമാണ് ഇവര്‍ നല്‍കുന്ന വിവരം.

പോലീസുകാരെ ആക്രമിച്ചതിന് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി കൊയിലാണ്ടി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.