കാവിലുംപാറ സ്വദേശിയുടെ മൂക്കിൽ നിന്നും ആഴ്ച്ചകളായി നിലയ്ക്കാത്ത രക്തസ്രാവവും മൂക്കടപ്പും, പരിഹാരം കാണാനാകാതെ ഡോക്ടർമാര്‍; ഒടുവിൽ വില്ലനെ കണ്ടെത്തി, ഒന്നരയിഞ്ച് നീളമുള്ള അട്ടകള്‍: കയറി കൂടിയ വഴി അറിഞ്ഞപ്പോള്‍ അതിലേറെ ഞെട്ടല്‍


പേരാമ്പ്ര: ആഴ്ചകളോളമായി മൂക്കിൽ നിന്നും ചോരവരുന്നതിന്റെ കാരണമറിയാതെ ആശങ്കയിലായിരുന്നു കാവിലുംപാറ സ്വദേശിയായ മധ്യവയസ്കൻ. മാറിമാറി പല ഡോക്ടർമാരെ സമീപിച്ചിരുന്നെങ്കിലും പരിഹാരമുണ്ടായില്ല. ഒടുവിൽ രക്തസ്രാവത്തിന്റെയും മൂക്കടപ്പിന്റെയും കാരണം കണ്ടെത്തിയിരിക്കുകയാണ് കുറ്റ്യാടി ഷേഡ് ആശുപത്രിയിലെ ഡോ. പി.എം ആഷിഫ് അലി. മധ്യവയസ്കന്റെ മൂക്കില്‍നിന്ന് ഒന്നര ഇഞ്ച് നീളമുള്ള അട്ടകളെയാണ് ഡോക്ടർ പുറത്തെടുത്തത്.

മൂന്നാഴ്ചയായി ഇയാൾക്ക് മൂക്കില്‍നിന്ന് രക്തംപൊടിയുകയും മൂക്കടപ്പ് അനുഭവപ്പെടുകയും ചെയ്തിരുന്നു. ചില ഡോക്ടര്‍മാരെ കണ്ടെങ്കിലും പരിഹാരമുണ്ടായില്ല. ഒടുവില്‍ ശനിയാഴ്ച ഡോ. ആഷിഫ് അലിയെ കാണാനെത്തി. രോഗമോ പരിക്കോ ഒന്നുമില്ലാത്തതിനാൽ രക്തസ്രാവത്തിൻ്റെ കാരണം ഡോക്ടർ ചോദിച്ചറിഞ്ഞു.

മൂന്നാഴ്ച മുമ്പ് മലയിലെ വെള്ളത്തില്‍ മുഖം കഴുകിയിരുന്നതായി അയാൾ പറഞ്ഞു. മൂക്ക് പരിശോധിച്ച ഡോ. ആഷിഫിന് ലക്ഷണങ്ങള്‍ കേട്ടപ്പോള്‍ അകത്ത് എന്തെങ്കിലും ജീവിയുണ്ടോ എന്ന സംശയമായി. മുമ്പ് ഇതേ ക്ലിനിക്കിലുള്ള ഡോക്ടറുടെ വാപ്പ പരേതനായ ഡോ. ഒ. ആലി ഇത്തരം ലക്ഷണങ്ങളുമായി വന്ന രോഗിയുടെ മൂക്കിൽ നിന്ന് അട്ടയെ പുറത്തെടുത്തിരുന്നു. ആ ഓർമയിൽ ഡോ. ആഷിഫലി ഈ രോഗിയുടെ മൂക്കിൽ ഉപ്പുവെള്ളം ഇറ്റിച്ചു. അതോടെ അട്ട പുറത്തേക്ക് തലയിട്ടു. ഇതിനെ പുറത്തെടുക്കുകയായിരുന്നു. ഇതോടെയാണ് മൂക്കിലിരുന്നത് അട്ടയാണ് എന്ന് മനസിലായത്.

രണ്ടാമത്തെ മൂക്കിനും ബുദ്ധിമുട്ടുള്ളതായി മധ്യവയസ്‌കന്‍ പറഞ്ഞു. അതോടെ ഈ മൂക്കിലും ഉപ്പുവെള്ളമൊഴിച്ച് അട്ടയെ പുറത്തിറക്കി. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് മധ്യവയസ്‌ക്കന്‍ ഡോ. ആഷിഫ് അലിയെ സമീപിക്കുന്നത്.

Summary: A resident of kavilumpara has been suffering from non-stop bleeding and nasal congestion for weeks. Finally found the an inch-and-a-half long leeches in his nose