കാല്‍നഷ്ടപ്പെട്ടിട്ടും ഫുട്‌ബോള്‍ പ്രണയം കൈവിട്ടില്ല; ഇന്ന് ഫുട്‌ബോളിനൊപ്പം ബാല്യകാല പ്രണയിനിയെക്കൂടി ജീവിതത്തോട് ചേര്‍ത്ത് പേരാമ്പ്ര സ്വദേശി വൈശാഖ്


പേരാമ്പ്ര: പതിമൂന്നാം വയസില്‍ ജില്ലാ ഫുട്‌ബോള്‍ ടീമിലേക്കുള്ള തെരഞ്ഞെടുപ്പിനായി ബൈക്കില്‍ പോകുമ്പോള്‍ ബസ് ഇടിച്ചുണ്ടായ അപകടം പേരാമ്പ്ര സ്വദേശിയായ വൈശാഖിന്റെ ജീവിതത്തെ മാറ്റിമറിച്ചിരുന്നു. അന്ന് വൈശാഖിന്റെ വലതുകാല്‍ മുറിച്ചുമാറ്റേണ്ടിവന്നു. എന്നാല്‍ ചെറുപ്പം മുതല്‍ ഫുട്‌ബോളിനോടും മൈതാനങ്ങളോടുമുണ്ടായിരുന്ന പ്രണയം വൈശാഖിനെ അംഗപരിമിതരുടെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റന്‍ പദം വരെ എത്തിച്ചു. ഇപ്പോഴിതാ കുട്ടിക്കാലത്തെ മറ്റൊരു പ്രണയത്തെക്കൂടി ഒപ്പംനിര്‍ത്തുകയാണ് അദ്ദേഹം, തന്റെ കളിക്കൂട്ടുകാരിയായ തീര്‍ത്ഥയെ ജീവിതസഖിയായി കൂടെക്കൂട്ടിക്കൊണ്ട്.

പ്രാഥമിക വിദ്യാഭ്യാസകാലത്ത് ഇരുവരും ഒരുമിച്ചായിരുന്നു പഠനം. ആ ബന്ധം തുടര്‍ന്നു. വൈശാഖിന്റെ വീഴ്ചയിലും ഒട്ടും തളരാതെ കൂടെ നിന്നു.

ഫുട്‌ബോളില്‍ വൈശാഖിനെ ഇന്നത്തെ വൈശാഖാക്കി മാറ്റിയ ഫാല്‍ക്കണ്‍ ക്ലബ്ബിലെ സുഹൃത്തുക്കളും ഇന്ത്യന്‍ ടീമിലെ സഹകളിക്കാരും അടങ്ങിയ സദസിനെ സാക്ഷിയാക്കിയായിരുന്നു ഇരുവരെയും വിവാഹം. ബി.എഡ് ബിരുദധാരിയാണ് തീര്‍ത്ഥ.

ജൂനിയര്‍ ഫുട്‌ബോളില്‍ ടീമില്‍ അംഗമാകാനുള്ള സെലക്ഷന്‍ നേടാന്‍വേണ്ടി കോഴിക്കോട്ടേക്ക് പോകവെയാണ് യാത്രാമധ്യേ പേരാമ്പ്ര കക്കാടുവെച്ച് വൈശാഖ് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. കെ.എസ്.ആര്‍.ടി.സി ബസ് വൈശാഖ് സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ജേഷ്ഠനും വൈശാഖും റോഡില്‍ തെറിച്ചുവീണു. വൈശാഖിന്റെ കാലിലൂടെ ബസ് ടയര്‍ കയറി, കാല്‍ മുട്ടുവെച്ച് മുറിക്കേണ്ടിവന്നു. ദേവഗിരി കോളേജില്‍ സുവോളജിക്ക് പഠിക്കുമ്പോഴാണ് അമ്പ്യൂട്ടി ഫുട്‌ബോളില്‍ താല്‍പര്യം തോന്നുകയും തുടര്‍ന്ന് സജീവമാകുകയും ചെയ്യുന്നത്. ഇന്ത്യന്‍ ടീമിന്റെ നായകനായി ശ്രീലങ്ക, കെനിയ, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ മത്സരിച്ചു. ഇപ്പോള്‍ പാലക്കാട് ആലത്തൂരില്‍ ഹോമിയോ ഫാര്‍മസിസ്റ്റായി ജോലി ചെയ്യുകയാണ്.

ആവളകുട്ടോത്ത് റിട്ടയേഡ് അധ്യാപകന്‍ തിരുമംഗലത്ത് ശശിധരന്റെയും രജനിയുടെയും മകനാണ് വൈശാഖ്.