എഴുപത് ശതമാനത്തിലധികം മാര്‍ക്ക് നേടുന്ന പി.എച്ച്.സികള്‍ക്കുള്ള കായകല്‍പ്പ് അവാര്‍ഡ് നേടി നൊച്ചാട് കുടുംബാരോഗ്യ കേന്ദ്രം


പേരാമ്പ്ര: എഴുപത് ശതമാനത്തിലധികം മാര്‍ക്ക് നേടുന്ന പി.എച്ച്.സികള്‍ക്കുള്ള 2021ലെ കായകല്‍പ്പ് അവാര്‍ഡ് നേടി നൊച്ചാട് കുടുംബാരോഗ്യകേന്ദ്രം. അന്‍പതിനായിരം രൂപയാണ് പുരസ്‌കാരമായി ലഭിക്കുക. 95% മാര്‍ക്കാണ് നൊച്ചാട് കുടുംബാരോഗ്യകേന്ദ്രത്തിന് ലഭിച്ചത്.

ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ച അവാര്‍ഡാണ് കായകല്‍പ്പ്.

കേരളത്തിലെ ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികള്‍ക്കാണ് കായകല്‍പ്പ് അവാര്‍ഡ് നല്‍കുന്നത്. ആശുപത്രികളില്‍ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാര്‍ഡ് നിയന്ത്രണ കമ്മിറ്റിയിലൂടെയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തിരിക്കുന്നത്.