ഉപ്പിലിട്ട ഭക്ഷ്യ വസ്തുക്കളുടെ വിൽപ്പനയ്ക്ക് നിരോധന; ഉത്തരവിറക്കി കോഴിക്കോട് കോർപറേഷൻ
കോഴിക്കോട്: കോഴിക്കോട് കടലോരങ്ങളുടെ ഹരമായ ഉപ്പിലിട്ടതിനു നിരോധന പുറപ്പെടുവിച്ച് കോഴിക്കോട് കോർപ്പറേഷൻ . കോര്‍പറേഷന്‍ പരിധിയില്‍ എവിടെയും ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ ഇത്തരം ഭക്ഷണസാധനങ്ങള്‍ വിൽക്കരുത് എന്നാണ് ഉത്തരവ്.
ഉപ്പും വിനാഗിരിയും ചേർത്ത് തയാറാക്കുന്ന പഴം, പച്ചക്കറി കൊണ്ടുള്ള ഭക്ഷണ സാധനങ്ങൾ വിൽക്കാൻ പാടില്ല എന്നതാണ് കോര്‍പറേഷന്‍ സെക്രട്ടറിയുടെ ഉത്തരവ്. ഇത്തരം വസ്തുക്കള്‍ കഴിച്ച് ആരോഗ്യപ്രശ്നമുണ്ടായതായി പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് വീണ്ടും പരാതി ലഭിച്ചതായി സെക്രട്ടറി അറിയിച്ചു.
ഞായറാഴ്ച വരക്കല്‍ ബീച്ചിൽ ഉപ്പിട്ടത് കഴിച്ച എരിച്ചപ്പോൾ വെള്ളമെന്ന് കരുതി ഒരു കുട്ടി ആസിഡ് കുടിച്ച് പൊള്ളലേറ്റതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി.
വരക്കൽ ബീച്ചിലെ രണ്ട് തട്ടുകടകളിൽ കന്നാസുകളിൽ സൂക്ഷിച്ചിരുന്നത് ഗ്ലേഷ്യൽ അസറ്റിക് ആസിഡാണെന്ന് കണ്ടെത്തിയിരുന്നു. ഉപ്പിലിട്ട വസ്തുക്കൾ സൂക്ഷിച്ചിരുന്നത് വിനാഗിരി ലായനിയിൽ തന്നെയാണെന്നും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തുകയുണ്ടായി.
ഉപ്പിലിട്ട പഴങ്ങളിൽ സത്തുപിടിപ്പിക്കാന്‍ ബാറ്ററി വെള്ളം ഉപയോഗിക്കുന്നുണ്ടെന്നും അവ ചീയാതിരിക്കാന്‍ അസറ്റിക് ആസിഡ് ഒഴിക്കുന്നുണ്ടെന്നുമാണ് പുറത്തു വന്ന റിപ്പോർട്ടുകൾ. അതിനെ തുടർന്ന് കോഴിക്കോട്ടെ തട്ടുകടകളില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന കർശനമാക്കിയിരുന്നു. കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗവുമായി ചേർന്നാണ് പരിശോധന നടത്തിയത്.
പൊള്ളലേറ്റ വിവരം പുറത്ത് വന്ന ഉടനെ തന്നെ ഭക്ഷ്യ സുരക്ഷാ വിഭാഗവും ആരോഗ്യ വിഭാഗവും കടകളില്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു. ഭക്ഷ്യസുരക്ഷ ഗുണ നിലവാര നിയമ പ്രകാരം 3.75 ശതമാനം മാത്രമേ അസറ്റിക്ക് ആസിഡ് ഉപയോഗിക്കാനാകൂ. എന്നാൽ കടകളിൽ വീര്യം കുറയ്ക്കാതെയുള്ള ആസിഡാണോ ഉപയോഗിക്കുന്നതെന്ന് സംശയം ഉയർന്നിരുന്നു.
കടകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ച ശേഷം അനുവദനീയമായതിനേക്കാള്‍ വീര്യത്തില്‍ ആസിഡ് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും എന്ന് ഉദ്യോഗസ്ഥർ അറിയിക്കുകയുണ്ടായി.
എന്നാൽ കോഴിക്കോട് ബീച്ചിലെ പെട്ടിക്കടകളില്‍ ഹാനികരമായ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് പൊലീസ് കമ്മിഷണര്‍ മുന്നറിയിപ്പ് നൽകിയെങ്കിലും ബന്ധപ്പെട്ടവർ അവഗണിക്കുകയായിരുന്നു എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. രണ്ട് മാസം മുന്‍പ് തന്നെ ആരോഗ്യവിഭാഗത്തിനാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് കൈമാറിയത്.