ഇരിങ്ങല്‍ സ്വദേശിയായ എഴുപത്തിയഞ്ചുകാരിക്ക് ഇനി വീട്ടിലെത്തണമെങ്കില്‍ മുപ്പതടി ഉയരം കയറണം; ദേശീയപാത വീതി കൂട്ടിയപ്പോള്‍ എങ്ങനെ വീട്ടിലേക്ക് വഴിപോകുമെന്നറിയാതെ ഒരു കുടുംബം
പയ്യോളി: ദേശീയപാത വികസനത്തിന് സ്ഥലം വിട്ടുകൊടുത്ത എഴുപത്തിയഞ്ചുകാരിക്ക് വീട്ടിലേക്കുള്ള വഴി തന്നെ ഇല്ലാതായതായി പരാതി. ഇരിങ്ങല്‍ കുന്നുമ്മല്‍ സ്വദേശി സുശീലയ്ക്കാണ് ഈ അവസ്ഥ വന്നത്.
വീടിന്റെ മുന്‍വശത്തുള്ള മണ്ണ് ഇടിച്ച് നിരത്തിയതോടെ റോഡില്‍ നിന്നും മുപ്പതടി ഉയരത്തിലായി സുശീലയുടെ വീട്. കുന്നിന്‍മുനമ്പില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ് ഇപ്പോള്‍ ഈ കുടുംബം.
ഇനി എങ്ങനെ പുറത്തേക്കിറങ്ങും എന്നറിയാതെ ധര്‍മ്മസങ്കടത്തിലാണ് ഈ കുടുംബം. അരമീറ്റര്‍ സ്ഥലം മാത്രമാണ് വീടിന്റെ മുന്‍വശത്തുള്ളത്. ഇനിയൊരു മണ്ണിടിച്ചിലെങ്ങാന്‍ ഉണ്ടാവുകയാണെങ്കില്‍ വീട് തന്നെ തന്നെ അപകടത്തിലാകുമെന്നാണ് സ്ഥിതി.
നേരത്തെ സ്ഥലമേറ്റെടുക്കുന്ന സമയത്ത് വീടിനു മുന്‍ഭാഗത്ത് അഞ്ചുമീറ്റര്‍ സ്ഥലമുണ്ടാകുമെന്നും റോഡ് വീതി കൂട്ടുന്ന സമയത്ത് വീടിനെയോ വഴിയെയോ ബാധിക്കില്ലെന്നുമായിരുന്നു ദേശീയ പാത അധികൃതര്‍ നല്‍കിയ ഉറപ്പ്. എന്നാല്‍ പ്രവൃത്തി പുരോഗമിച്ചതോടെയാണ് വീട് പൂര്‍ണമായും അപകടാവസ്ഥയിലാവും എന്ന് മനസിലായത്.
ഇന്നലെ രാവിലെ മകന്റെ കൂടെ ആശുപത്രിയില്‍ പോയ സുശീല തിരിച്ചുവരുമ്പോഴേക്കും വീട്ടിലേക്കുള്ള വഴി നഷ്ടപ്പെട്ടിരുന്നു. അതോടെ ചെങ്കുത്തായ വീതി കുറഞ്ഞ സ്ഥലത്തുകൂടി സാഹസപ്പെട്ട് കയറേണ്ട അവസ്ഥയിലായി ഇവര്‍.
വീട് ഉള്‍പ്പെടുന്ന ആറു സെന്റ് സ്ഥലം കൂടി ഏറ്റെടുത്ത് സഹായിക്കണമെന്നാണ് സുശീലയും കുടുംബവും അധികൃതരോട് ആവശ്യപ്പെടുന്നത്. സുശീലയും മകന്‍ സുരേഷ് ബാബുവും ഈ ആവശ്യം അറിയിച്ച് കലക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. വരുംദിവസങ്ങളില്‍ എം.പിയ്ക്കും എം.എല്‍.എയ്ക്കും കൂടി പരാതി നല്‍കുമെന്നും അവര്‍ അറിയിച്ചു.