അസൗകര്യങ്ങള്‍ക്ക് വിട, കൊയിലാണ്ടിയിലെ വാട്ടര്‍അതോറിറ്റിയുടെ മൂന്ന് ഓഫീസുകള്‍ പുതിയ കെട്ടിടത്തിലേക്ക്
കൊയിലാണ്ടി: അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്ന കൊയിലാണ്ടിയിലെ വാട്ടര്‍അതോറിറ്റിയുടെ മൂന്ന് ഓഫീസുകള്‍ പുതിയ കെട്ടിടത്തിലേക്ക് മാറുന്നു. വര്‍ഷങ്ങളായി സ്വകാര്യവ്യക്തിയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വാട്ടര്‍ അതോറിറ്റി സബ് ഡിവിഷന് ഓഫീസും സെക്ഷന്‍ ഓഫീസുകളുമാണ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നത്.
നഗരത്തില്‍ കുടിവെളളമെത്തിക്കാനുളള പദ്ധതിക്ക് മിനി സിവില്‍ സ്റ്റേഷന് സമീപം നിര്‍മിച്ച കൂറ്റന്‍ ജലസംഭരണിയുടെ താഴെയാണ് ഈ മൂന്ന് ഓഫീസിനും ഇടംലഭിച്ചത്. വാട്ടര്‍ അതോറിറ്റി പി.എച്ച്. സബ് ഡിവിഷന് ഓഫീസ്,വാട്ടര്‍ അതോറിറ്റിയുടെ രണ്ടു സെക്ഷന്‍ ഓഫീസുകള്‍ എന്നിവയാണ് പുതിയ കെട്ടിടത്തിലേക്ക് മാറുക. ഫെബ്രുവരി 14-ന് നടക്കുന്ന ചടങ്ങില്‍ കാനത്തില്‍ ജമീല എം.എല്‍.എ ഓഫീസ് പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കും.
കൊയിലാണ്ടി നഗരത്തിലും തുറയൂര്‍ പഞ്ചായത്തിലും കുടിവെള്ളമെത്തിക്കാനാണ് 174 കോടി രൂപയുടെ കുടിവെള്ളപദ്ധതി ആവിഷ്കരിച്ചത്. ഇതിന്റെ ഭാഗമായിട്ടാണ് മിനി സിവില്‍ സ്റ്റേഷന് സമീപം വലിയ ജലസംഭരണി സ്ഥാപിച്ചത്.
മുപ്പതോളംജീവനക്കാരാണ് മൂന്ന് ഓഫീസുകളിലായിട്ടുള്ളത്. വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവും ഫയലുകളുമെല്ലാം ആകുമ്പോള്‍ നിന്ന് തിരയാനിടമില്ലാതെ ബുദ്ധിമുട്ടിലായിരുന്നു ജീവനക്കാര്‍. പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും.