അസാധാരണമായ ഗ്രാഹ്യശേഷിയുമായി ഒരു ചേമഞ്ചേരിക്കാരി; ഒരുവയസും എട്ടുവയസും പ്രായമുള്ളപ്പോള്‍ സ്വന്തമാക്കിയത് മൂന്നു റെക്കോര്‍ഡുകള്‍


കാപ്പാട്: ഒരുവയസും എട്ടുമാസവും മൂന്ന് സുപ്രധാന റെക്കോര്‍ഡുകള്‍ സ്വന്തമാക്കി ചേമഞ്ചേരി തൂവ്വക്കോട് സ്വദേശി ഐസാ ഫാത്തിമ. കലാംസ് വേള്‍ട് റെക്കോര്‍ഡ്‌സ്, ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഇന്റര്‍നാഷണല്‍ ബുക്ക്‌സ് ഓഫ് റെക്കോര്‍ഡ് എന്നിവയിലാണ് ഈ കൊച്ചുമിടുക്കി ഇടംപിടിച്ചത്. അസാധാരണമായ ഗ്രാഹ്യശേഷിയാണ് ഈ കുഞ്ഞിന്റെ പ്രത്യേകത. ഒരു കാര്യം ഒരുതവണ കാണിച്ചു പരിചയപ്പെടുത്തിയാല്‍ ഐസ അത് പഠിച്ചെടുക്കുമെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.

തുവ്വക്കോട് മീത്തലെ പലോറത്ത് മുഹമ്മദ് അന്‍സാറിന്റെയും ഫെബിന പര്‍വിന്റെയും ഇളയ കുട്ടിയാണ് ഐസാ ഫാത്തിമ. മകള്‍ക്ക് ഏഴുമാസം പ്രായമുള്ളപ്പോള്‍ തന്നെ ഈ കഴിവ് തിരിച്ചെറിയാന്‍ കഴിഞ്ഞതെന്ന് ഒമാനില്‍ ജോലി ചെയ്യുന്ന പിതാവ് അന്‍സാര്‍ പറയുന്നു. ശരീരഭാഗങ്ങളാണ് ആദ്യം പഠിച്ചെടുത്തത്. ഏത് ഭാഗങ്ങള്‍ കാട്ടിത്തരാന്‍ ചോദിച്ചാലും അവര്‍ കൃത്യമായി അവ കാണിച്ചുതരും. സ്റ്റേഷനറി സാധനങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവ പരിചയപ്പെടുത്തിക്കഴിഞ്ഞാല്‍ ഐസ അപ്പോള്‍ തന്നെ അത് ഗ്രഹിച്ചെടുക്കും. ഒരുകൂട്ടം സാധനങ്ങളില്‍ നിന്നും അവ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ കൃത്യമായി ആ വസ്തു തെരഞ്ഞെടുക്കുകയും ചെയ്യും.

സമാനമായ കഴിവുകളുള്ള ഒരുകുട്ടിയെ സംബന്ധിച്ച വാര്‍ത്ത ടി.വിയില്‍ കണ്ടാണ് കുടുംബം ഐസയുടെ ഈ കഴിവിനെ പ്രോത്സാഹിപ്പിച്ചതും റെക്കോര്‍ഡുകള്‍ക്കുവേണ്ടി രജിസ്റ്റര്‍ ചെയ്തതും. മാതാപിതാക്കള്‍ക്കു പുറമേ മൂത്തമകന്‍ മുഹമ്മദ് നഷ്‌വാനാണ് ഐസയെ ഏറെ സഹായിക്കുന്നതും പിന്തുണയ്ക്കുന്നതും. സ്‌കൂളില്‍ നിന്നും പഠിക്കുന്ന ജനറല്‍ നോളജ് നഷ്‌വാന്‍ ഐസയെക്കൂടി പഠിപ്പിക്കും.

ഇന്ത്യന്‍ ബുക്ക്‌സ് ഓഫ് റെക്കോര്‍ഡ്‌സിനുവേണ്ടി 200 സാധനങ്ങളാണ് ഐസ ഗ്രഹിച്ചെടുത്തത്. പതിമൂന്ന് ശരീരഭാഗങ്ങള്‍, പത്ത് വാഹനങ്ങള്‍, പതിനഞ്ച് ഇലക്ട്രോണിക് സാധനങ്ങള്‍, ഒമ്പത് മൃഗങ്ങള്‍, മൂന്ന് പക്ഷികള്‍, ഏഴ് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍, അഞ്ച് നിറങ്ങള്‍, ആറ് പഴങ്ങള്‍, ആറ് പച്ചക്കറികള്‍, പത്ത് ഭക്ഷ്യസാധനങ്ങള്‍, ഇരുപത് വസ്തുക്കള്‍, പത്ത് ജനറല്‍ നോളജ് ചോദ്യങ്ങള്‍ എന്നിവ ഐസ വിജയകരമായി നേരിട്ടു.

ഏഷ്യന്‍ ബുക്ക്‌സ് ഓഫ് റെക്കോര്‍ഡ്‌സിനുള്ള തയ്യാറെടുപ്പിലാണ് ഐസ ഫാത്തിമയിപ്പോള്‍. അതിനായി 250 ഓളം സാധനങ്ങളെക്കുറിച്ച് ഗ്രഹിക്കേണ്ടതുണ്ട്. അതിനുശേഷം ഗിന്നസ് റെക്കോര്‍ഡ്‌സില്‍ കൂടി മകളുടെ പേര് വരണമെന്നാണ് അന്‍സാറിന്റെയും കുടുംബത്തിന്റെയും ആഗ്രഹം.