സർക്കാർ ജോലി നേടിയത് കഷ്ടപ്പാടുകളോട് പൊരുതി; പൊന്നോമന പിറന്നത് മൂന്ന് മാസം മുമ്പ്; കൊല്ലം സ്വദേശി ശരത്തിനെ മരണം കൊണ്ടുപോയത് നിവര്‍ന്നുനിന്ന് ജീവിതമൊന്ന് ആസ്വദിക്കുന്നതിന് മുമ്പേ


കൊല്ലം: തിങ്കളാഴ്ച രാത്രിയോടെ കൊല്ലം കുന്ന്യോറമലയില്‍ ശരത്തിന്റെ മരണവാര്‍ത്തയറിഞ്ഞതുമുതല്‍ ശരത്തിന്റെ കുടുംബത്തെ എങ്ങനെ ഈ വാര്‍ത്തയറിയിക്കും എന്ന വിഷമത്തിലായിരുന്നു നാട്ടുകാരും സുഹൃത്തുക്കളുമെല്ലാം. പ്രദേശവാസികള്‍ക്കെല്ലാം ഏറെ പരിചിതനാണ് ശരത്തും അദ്ദേഹത്തിന്റെ കുടുംബവും. ആ കുടുംബത്തിന് എത്രത്തോളം വലിയ ആഘാതമായിരിക്കും ഈ വാര്‍ത്തയെന്ന് അവര്‍ക്ക് ഊഹിക്കാവുന്നതേയുണ്ടായിരുന്നുള്ളൂ. സോഷ്യല്‍ മീഡിയവഴിയോ മറ്റോ കുടുംബം കാര്യങ്ങള്‍ അറിയാതിരിക്കാന്‍ എല്ലാവരും ഏറെ ജാഗരൂകരായി. ഇന്ന് രാവിലെയാണ് ഭാര്യയടക്കമുള്ളവരെ വിവരം അറിയിച്ചത്.

ഇന്നലെ രാത്രി ദേശീയപാതയില്‍ കൊയിലാണ്ടി നന്തിലത്ത് ജി മാര്‍ട്ടിനു സമീപം റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ് ഇടിച്ചാണ് ശരത്ത് മരണപ്പെട്ടത്. മുടിവെട്ടാനായി വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു അദ്ദേഹം. ‘ജീവിതം ഈ നിലയിലെത്തിക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് അവന്‍’ ശരത്തിനെക്കുറിച്ച് ചോദിക്കുമ്പോള്‍ സുഹൃത്തുക്കള്‍ പറയുന്നതാണിത്. അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്നതാണ് ശരത്തിന്റെ കുടുംബം. അച്ഛന്‍ പാചകത്തൊഴിലാളിയാണ്. ശരത്ത് പ്ലസ് ടു വരെ പഠിച്ചിട്ടുണ്ട്. അതിനുശേഷം തേപ്പിന്റെ പണിയ്ക്ക് പോയാണ് കുടുംബം പുലര്‍ത്തിയത്. രാവിലെ മുതല്‍ വൈകുന്നേരം വരെ പണിയെടുത്തശേഷം മടങ്ങി വന്ന് കുത്തിയിരുന്ന് മണിക്കൂറുകളോളം പഠിക്കും. അങ്ങനെയാണ് രണ്ടുവര്‍ഷം മുമ്പ് പി.എസ്.സി വഴി കൃഷി വകുപ്പില്‍ ജോലി കിട്ടിയത്. വലിയൊരു ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലായിരുന്നു ശരത്തും കുടുംബവും. ഇതിനിടെ വീടുപണിയും ഒന്നരവര്‍ഷം മുമ്പ് കല്ല്യാണവും നടന്നു. മൂന്നുമാസം മുമ്പാണ് ശരത്തിനും ഭാര്യ ആദിത്യയ്ക്കും കുഞ്ഞ് ജനിച്ചത്. പ്രസവം കഴിഞ്ഞ ഭാര്യയേയും കുഞ്ഞിനേയും വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഒരുക്കത്തിലായിരുന്നു ശരത്ത്. ഇതിനിടെയാണ് വാഹനാപകടത്തില്‍പ്പെട്ടത്.

ദേശീയപാതയ്ക്കരികില്‍ ബൈക്ക് നിര്‍ത്തി റോഡ് മുറിച്ചു കടക്കുന്നതിനിടെ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ടൈഗര്‍ എന്ന ബസ് ശരത്തിനെ ഇടിച്ചിടുകയായിരുന്നു. പിന്നീട് ശരത്തിന്റെ ശരീരത്തിലൂടെ ഈ ബസ് കയറിയിറങ്ങിയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.