സ്വന്തം വിവാഹത്തോളം പ്രാധാന്യം അവരുടെ വിശപ്പിനും; വെങ്ങളം സ്വദേശി അര്‍ജുന്‍ വിവാഹപ്പന്തലിലെത്തിയത് ഡി.വൈ.എഫ്.ഐയുടെ ഹൃദയപൂര്‍വ്വം പരിപാടിയ്ക്കായി പൊതിച്ചോറുകള്‍ ശേഖരിച്ച ശേഷം


ചേമഞ്ചേരി: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്ന സാധാരണക്കാരുടെ വിശപ്പകറ്റാനായി യുവജന സംഘടനയായ ഡി.വൈ.എഫ്.ഐ ആവിഷ്‌കരിച്ച പദ്ധതിയാണ് ഹൃദയപൂര്‍വ്വം. ആയിരക്കണക്കിന് പേരുടെ വിശപ്പകറ്റുന്ന ഈ പദ്ധതിയിലേക്ക് ഓരോ ദിവസവും പൊതിച്ചോറുകള്‍ നല്‍കുന്നതും സാധാരണക്കാരാണ്. ഓരോ ദിവസവും ഡി.വൈ.എഫ്.ഐയുടെ ഓരോ മേഖലാ കമ്മിറ്റികള്‍ക്കാണ് ഇതിന്റെ ചുമതല.

ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ഹൃദയപൂര്‍വ്വം പദ്ധതി പ്രകാരം പൊതിച്ചോറ് എത്തിക്കേണ്ട ചുമതല വെങ്ങളം മേഖലാ കമ്മിറ്റിക്കായിരുന്നു. മേഖലാ കമ്മിറ്റിക്ക് കീഴിലെ ഓരോ യൂണിറ്റ് കമ്മിറ്റിയുമാണ് പൊതിച്ചോറുകള്‍ ശേഖരിച്ചത്.

വെങ്ങളം ഈസ്റ്റ് യൂണിറ്റ് കമ്മിറ്റിക്കു വേണ്ടി പ്രദേശത്തെ വീടുകളില്‍ നിന്ന് പൊതിച്ചോറ് ശേഖരിക്കേണ്ട ചുമതല അര്‍ജുനായിരുന്നു. ഇന്നത്തെ ദിവസം അര്‍ജുനെ സംബന്ധിച്ച് മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. അര്‍ജുന്റെ വിവാഹദിവസമായിരുന്നു ഇന്ന്.

ഡി.വൈ.എഫ്.ഐ വെങ്ങളം ഈസ്റ്റ് യൂണിറ്റ് സെക്രട്ടറിയായ അര്‍ജുന്റെ വിവാഹദിവസമായ ഇന്ന് തന്നെ ഹൃദയപൂര്‍വ്വം പദ്ധതിക്കായി പൊതിച്ചോറ് സമാഹരിക്കേണ്ടതായും ഉണ്ട്. ഇത് അര്‍ജുനൊപ്പം സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആശങ്കയുണ്ടാക്കിയിരുന്നു.

എന്നാല്‍ അര്‍ജുന് ഇക്കാര്യത്തില്‍ ഒരു ആശയക്കുഴപ്പവും ഇല്ലായിരുന്നു. പതിവ് പോലെ വീടുകളിലെത്തി പൊതിച്ചോറുകള്‍ ശേഖരിക്കുന്ന പ്രവര്‍ത്തനത്തില്‍ അര്‍ജുന്‍ സജീവമായിരുന്നു.

വെങ്ങളം മേഖലാ കമ്മിറ്റി 3200 പൊതിച്ചോറുകളാണ് ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ഇതില്‍ 350 പൊതിച്ചോറുകള്‍ അര്‍ജുന്റെ വെങ്ങളം ഈസ്റ്റ് യൂണിറ്റാണ് സമാഹരിച്ചത്.

രാവിലെ മുതല്‍ നിരവധി വീടുകളില്‍ നിന്നായി ഈ 350 പൊതിച്ചോറുകളും അര്‍ജുന്റെ നേതൃത്വത്തില്‍ ശേഖരിച്ചു. തുടര്‍ന്ന് 10:30 ഓടെ വെങ്ങളം മേഖലാ കമ്മിറ്റിയുടെ 3200 പൊതിച്ചോറുകളുമായുള്ള വാഹനം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് തിരിച്ചു. ഈ വാഹനത്തെ യാത്രയാക്കിയ ശേഷമാണ് അര്‍ജുന്‍ തന്റെ വിവാഹപ്പന്തലിലെത്തിയത് ഓടിയെത്തിയത്.

വധുവായ അനാമികയുടെ വെങ്ങളത്തെ വീട്ടില്‍ വച്ചായിരുന്നു വിവാഹം. പതിനൊന്നു മണിയോടെ ഇവിടെയെത്തിയ അര്‍ജുന്‍ അനാമികയെ തന്റെ ജീവിതത്തിലേക്ക് സ്വീകരിച്ചു.

സ്വന്തം വിവാഹ ദിവസത്തിലും സഹജീവികളോടുള്ള കരുതല്‍ കൈവിടാന്‍ തയ്യാറാകാതിരുന്ന അര്‍ജുനെ സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരമെല്ലാം അഭിനന്ദിച്ചു. സോഷ്യല്‍ മീഡിയയിലും നിരവധി പേര്‍ അര്‍ജുനെ അഭിനന്ദിച്ച് രംഗത്തെത്തി.

മാരുതിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന അര്‍ജുന്‍ ഡി.വൈ.എഫ്.ഐയുടെ വെങ്ങളം ഈസ്റ്റ് യൂണിറ്റ് സെക്രട്ടറിയും സജീവ പ്രവര്‍ത്തകനുമാണ്.