സുനാമി പുനരധിവാസ കേന്ദ്രം; അർഹരായവർ പിന്തള്ളി തിക്കോടിയിൽ ആറു വീടുകളിൽ അനർഹർ; നടപടികൾ നോട്ടിസുകളിൽ മാത്രമൊതുങ്ങുന്നുവെന്ന് ആക്ഷേപം


കൊയിലാണ്ടി: അനേകം കുടുംബങ്ങളുടെ പ്രതീക്ഷകളായിരുന്നു സുനാമിയോടൊപ്പം ഒലിച്ചു പോയത്. എന്നാൽ നാളുകളേറെ കഴിഞ്ഞപ്പോൾ കച്ചിത്തുരുമ്പായി സുനാമി പുരധിവാസ പദ്ധതിയുടെ ഭാഗമായി തിക്കോടിക്കാർക്ക് വീടുകൾ നൽകും എന്ന അറിയിപ്പ് വന്നു. അത് നൽകിയ ആശ്വാസം അല്പമൊന്നുമായിരുന്നില്ല. പക്ഷെ പദ്ധതി പൂർത്തിയാക്കി വീടുകൾ നൽകിയപ്പോൾ വീണ്ടും പല ജീവിതങ്ങളിലും കാർമേഘങ്ങൾ നിറഞ്ഞു, തങ്ങളുടെ പേരുകൾ ആ ലിസ്റ്റിൽ നിന്ന് പിന്തള്ളപ്പെടുന്നതിനു സാക്ഷിയാകേണ്ടി വന്നു അവർക്ക്. പകരം അനർഹരായ പലരും ആ സ്ഥാനത്തേക്ക് വന്നു. ചില വീടുകൾ ഒഴിഞ്ഞു കിടന്നിട്ടും അർഹർക്ക് കിട്ടാത്ത അവസ്ഥ. ഇതിനെതിരെ പരാതികളും നടപടികളുമൊക്കെ ഉണ്ടായെങ്കിലും ഉദ്യോഗസ്ഥർ കണ്ണടയ്ക്കുകയാണെന്ന് ആരോപണവുമായി ശക്തമായി മുന്നോട്ടിറങ്ങിയിരിക്കുകയാണ് നാട്ടുകാർ.

തിക്കോടി പഞ്ചായത്ത് കേന്ദ്രികരിച്ച് ഇരുപതോളം വീടുകൾ ആണ് പുനരധിവാസ പദ്ധതിയിൽ നിർമ്മിച്ചത്. വി.എസ് അച്യുതാനന്ദൻ മന്ത്രി സഭയുടെ കാലഘട്ടത്തിലാണ് താക്കോൽ കൈമാറിയത്. എന്നാൽ ഇതിലെ നാലു വീടുകളിൽ അനർഹർ താമസിക്കുന്നതിനെതിരെയാണ് ശക്തമായ പ്രതിഷേധം ഉയർന്നിരിക്കുന്നത്. ഇത് കൂടാതെ രണ്ടു വീടുകളിൽ ആൾതാമസമില്ലായെന്നും നാട്ടുകാർ പറയുന്നു. വീടില്ലാത്ത അർഹരായ ആറു കുടുംബങ്ങൾക്കുള്ള അവസരമാണ് ഈ പ്രവർത്തിയിലൂടെ നഷ്ടപ്പെടുത്തിയത്.

ഈ അക്രമത്തിനെതിരെ കലക്ടറിന് പരാതി നൽകുകയും അതിൻ്റെ അടിസ്ഥാനത്തിൽ കലക്ടർ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. വില്ലേജ് ഓഫീസർ അന്വേഷണത്തിന്റെ പൂർണ്ണ ഉത്തരവാദിത്ത്വം ഏറ്റെടുത്തിരുന്നു. ഇതിൻ്റെ ഭാഗമായി അവിടെ അനർഹരാണ് താമസിക്കുന്നത് എന്ന് റിപ്പോർട്ട് തയ്യാറാക്കപ്പെടുകയുണ്ടായി.

‘പകരം സ്ഥലം നല്കാൻ ഉള്ളവർക്കാണ് വീട് നൽകുക എന്നതായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാൽ വീട് നൽകിയ ആരുടെയും സ്ഥലം ഏറ്റെടുത്തിട്ടില്ല. പിന്നീട് പലരും സ്ഥലം വിൽക്കുകയും മക്കളുടെ പേരിൽ മാറ്റി എഴുതുകയും ചെയ്തുവെന്ന് നാട്ടുകാർ.

ആറു മാസം മുൻപാണ് പട്ടയം നൽകിയത്. അതിൽ ആറു കുടുംബങ്ങൾക്ക് പട്ടയം നൽകിയില്ല.വീടില്ലാത്ത പലരും അപേക്ഷയുമായി നിരന്തരം കളക്ടറേറ്റും മറ്റു ഗവണ്മെന്റ് സ്ഥാപനങ്ങളും കയറിയിറങ്ങിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഈ ആറു വീടുകൾക്ക് പട്ടയം നൽകാഞ്ഞത്. ഇതിലെ രണ്ടു വീടുകൾ വാടകയ്ക്ക് നൽകിയിരിക്കുകയാണ്. ഗവണ്മെന്റ് വീട് അനുവദിച്ചു നൽകിയവർ വേറെ ആളുകൾക്ക് വീട് വാടകയ്ക്കു നൽകിയിരിക്കുകയാണ്. മൂന്നാമത്തെ വീട്ടിൽ ഒരു വയോധികയെ നോക്കാനായി വന്ന സ്ത്രീ വയോധികയുടെ മരണ ശേഷവും അവിടെ താമസം തുടരുകയാണ്. നാലാമത്തെ വീട്ടിൽ താമസിച്ചിരുന്നയാൾ ആ വീട് മാറുകയും തന്റെ സഹോദരന് ആ വീട് നൽകുകയുമായിരുന്നു. പിന്നീടുള്ള രണ്ടു വീടുകളിൽ ഒരാൾക്ക് വേറെ രണ്ടു സ്ഥലങ്ങളിലായി മുപ്പത്തിരണ്ടു സെന്റ് സ്ഥലവും രണ്ടു വീടും ഉണ്ട്. അവർ മറ്റൊരു വീട്ടിലാണ് അവർ താമസം. പിന്നീടുള്ള വീടിന്റെ ഉടമയ്ക്കും മറ്റൊരു വീടും സ്ഥലവുമുണ്ട്. ഇത്തരത്തിൽ അനർഹരായവരെ മാറ്റി അർഹർക്ക് നൽകണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും നാട്ടുകാർ പറഞ്ഞു.

അർഹരായ നാലു പേരുടെ പേരുകൾ തിക്കോടി പഞ്ചായത്തിൽ നിന്ന് ശുപാർശ ചെയ്തിട്ടുണ്ട്. ആയിഷ, മൻസൂർ, ബീവി, രേഷ്മ എന്നിവരുടെ പേരുകളാണ് പഞ്ചായത്തിൽ നിന്ന് നിർദ്ദേശിച്ചിട്ടുള്ളത്. ഇതിൽ അയിഷയും ബീവിയും സുനാമി ക്വാർട്ടേഴ്സിൽ വാടകയ്ക്ക് താമസിക്കുന്നവരാണ്. വാടകയ്ക്ക് താമസിക്കുന്ന ആളുകൾക്ക് മറ്റു വീടും കാര്യങ്ങളുമില്ലാത്തതിനാൽ അവർ താമസിച്ചു വരുന്ന വീടുകൾ തന്നെ നല്കാൻ ആണ് പഞ്ചായത്തിന്റെ തീരുമാനം. ആൾതാമസമില്ലാത്ത രണ്ടു വീടുകൾ രേഷ്മയ്ക്കും മന്സൂറിനും നൽകാനായിരുന്നു പദ്ധതി.

ആൾത്താമസമില്ല എന്ന വില്ലജ് ഓഫീസറുടെ ഉത്തരവിനടിസ്ഥാനമാക്കി കളക്ടറുടെ ഉത്തരവ് പ്രകാരമാണ് പഞ്ചായത്ത് ഇത്തരത്തിൽ ഒരു തീരുമാനമെടുത്തത്. ‘വിവരമറിഞ്ഞതിനെ തുടർന്ന് ഈ വീട്ടുക്കാർ പകൽ സമയങ്ങളിൽ വന്നു നിൽക്കാൻ തുടങ്ങിയതായും പറയപ്പെടുന്നു.
ഇപ്പോൾ ആ വീടുകളിൽ താമസമുണ്ടെന്ന രീതിയിൽ ഉദ്യോഗസ്ഥർ മറ്റൊരു റിപ്പോർട്ട് നൽകി. ഇതിനെ തുടർന്നാണ് കളക്ടറേറ്റിൽ നിന്നും വീണ്ടും അന്വേഷണ ഉത്തരവിറക്കിയത്. അതിലാണ് ഈ രണ്ടു പേരുടെയും പേരിൽ സ്വത്തുക്കളുണ്ടെന്നു കണ്ടെത്തിയത്. നിലവിൽ സ്വന്തമായി സ്വത്തോ ഭൂമിയോ ഉള്ളവർക്ക് സുനാമി ക്വാർട്ടേഴ്സിൽ വീട് നല്കാൻ അനുമതി ഇല്ല എന്നിരിക്കെ ഇത് ചട്ട ലംഘനമാണ്. ഇവർ രണ്ടും ആ വീടുകൾക്ക് അനർഹരാണ്‌.

ഡിസംബർ പതിനാലാം തിയതി കളക്ടറേറ്റിൽ യോഗം കൂടുകയും ഉടനടി ഇവരെ ഒഴിപ്പിക്കണമെന്ന് ഉത്തരവ് നൽകി. കഴിഞ്ഞ മാസം ആറാം തിയതി എല്ലാ വീട്ടുകാർക്കും നോട്ടീസ് നൽകി ഏഴു ദിവസത്തിനകം ഒഴിപ്പിക്കണമെന്ന് ഓർഡർ നൽകിയെങ്കിലും ഇതുവരെ അത്തരത്തിലൊരു നടപടി ഉണ്ടായിട്ടില്ല. ‘എന്നാൽ അതിന്റിടയിലും മാറിപോകണമെന്നു ആവശ്യപ്പെട്ടതിലെ ഒരു വ്യക്തി വീട് വീണ്ടും വാടകയ്ക്ക് നല്കാൻ ശ്രമിച്ചു. വില്ലജ് ഓഫീസർ ഇതിനെതിരെ നടപടികൾ ഒന്നുമെടുക്കുന്നില്ല എന്ന പരാതിയെ തുടർന്ന് കളക്ടറേറ്റിൽ നിന്ന് വീണ്ടും അടിയന്തര നടപടിയെടുക്കണമെന്ന ഉത്തരവിറങ്ങിയെങ്കിലും വീണ്ടും പതിനാലു ദിവസത്തിനുള്ളിൽ ഇറങ്ങി നൽകണമെന്ന നോട്ടീസ് നൽകലിൽ മാത്രമായി ഇത് ഒതുങ്ങുകയാണ് എന്നാണ് ആരോപണം.

നിലവിൽ ആറു വീടുകളും ഒഴിഞ്ഞു നൽകണം, വാടകക്ക്‌ താമസിച്ചിരുന്നവരിൽ അർഹരെന്നു ബോധ്യപ്പെട്ട രണ്ട് പേർക്കും അർഹരായ മറ്റു രണ്ടുപേർക്കും പിന്നീട് നടപടി ക്രമങ്ങളനുസരിച്ച് വീട് നൽകും. അർഹരായ രണ്ടു പേരെ കൂടി കണ്ടെത്തും.

എന്നാൽ നടപടികൾ കൃത്യമായി നടക്കുന്നുണ്ടെന്ന് വില്ലജ് ഓഫീസർ ദിനേശൻ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ‘രണ്ടു വീട്ടുകാർ വീടൊഴിഞ്ഞ് നൽകി, ഇനിയുള്ള കുടുംബം വീടൊഴിയാൻ വിമുഖത കാട്ടുന്നുണ്ടെന്നും അതിനെതിരെയുള്ള നടപടികൾ ഉടൻ തന്നെ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.