സമ്പൂര്‍ണ്ണ ഉറവിട മാലിന്യ സംസ്‌കരണ നഗരസഭ പദവിയിലേക്ക് കൊയിലാണ്ടിയും


 

കൊയിലാണ്ടി: സമ്പൂര്‍ണ്ണ ശുചിത്വ നഗരസഭയാകാനൊരുങ്ങി കൊയിലാണ്ടി. മാലിന്യ സംസ്‌ക്കരണത്തിലൂടെയാണ് നഗരസഭ ഇത്തരമൊരു നേട്ടം കൈവരിക്കുന്നത്. ഇതിന്റെ ഭാഗമായി വീടുകളിലെ മാലിന്യ സംസ്‌ക്കരിക്കാനായി റിംഗ് കമ്പോസ്റ്റുകള്‍ നഗരസഭ വിതരണം ചെയ്യും. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി സുധ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.

രണ്ടായിരം കുടംബങ്ങള്‍ക്ക് നഗരസഭ ഇത്തവണ നഗരസഭ റിംഗ് കമ്പോസ്റ്റ് വിതരണം ചെയ്യും. ഇതിനായി നാല്‍പ്പത്തി എട്ട് ലക്ഷം രൂപ പദ്ധതി വിഹിതം അനുവദിച്ചാണ് പ്രാവര്‍ത്തികമാക്കുന്നത്. വിവിധ പദ്ധതികളിലായി നഗരസഭയിലെ 12000 വീടുകള്‍ക്ക് അടുക്കള മാലിന്യം സംസ്‌ക്കരിക്കാനുള്ള ഉപാധികള്‍ നല്‍കി കഴിഞ്ഞു. ജനകീയാസൂത്രണം 2021 – 22 പദ്ധതി പ്രകാരം കൊയിലാണ്ടി നഗരസഭ ഉറവിട മാലിന്യ സംസ്‌കരണ രംഗത്ത് മാതൃകയാവുകയാണ്.

വൈസ് ചെയര്‍മാന്‍ അഡ്വ.കെ സത്യന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഇ.കെ അജിത്ത് മാസ്റ്റര്‍, കൗണ്‍സിലര്‍മാരായ വി.പി ഇബ്രാഹീംകുട്ടി, കേളോത്ത് വത്സരാജ്, നഗരസഭ സെക്രട്ടറി എന്‍.സുരേഷ് കുമാര്‍, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ മുതലായവര്‍ പങ്കെടുത്തു. ആരോഗ്യ സ്റ്റാന്റിഗ് കമ്മറ്റി ചെയര്‍ പേഴ്‌സന്‍ സി. പ്രജില സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ പി രമേശ് നന്ദിയും പറഞ്ഞു.