‘വൈകിട്ട് നന്തിയിലെ വീട്ടിൽ നിന്ന് പോയ ഷാഫിയെ കണ്ടത്തുന്നത് രാവിലെ റെയിൽവേ പാളത്തിന് സമീപത്തു നിന്ന്’; ദുരൂഹതകളഴിയാതെ മുഹമ്മദ് ഷാഫിയുടെ മരണം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് നാട്ടുകാർ


കൊയിലാണ്ടി: മാസമൊന്നായിട്ടും ദുരൂഹതകളഴിയാതെ മുഹമ്മദ് ഷാഫി എന്ന യുവാവിന്റെ മരണം. ജനുവരി രണ്ടാം തീയ്യതി രാത്രി എട്ടുമണിക്ക് വീട്ടിൽ നിന്ന് പോയ മുഹമ്മദിനെ രാവിലെ ആറ് മണിക്ക് നന്തി പഴയലൈറ്റ് ഹൗസ് ഗെയിറ്റിന് സമീപം റെയിൽവേ ട്രാക്കിൽ കിടക്കുന്ന നിലയിലായിരുന്നു കണ്ടത്. ഈ മരണത്തിനു പിന്നിൽ ദുരൂഹതയുണ്ടന്നും ഇതിനെതിരെ ശക്തമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നാട്ടുകാർ. ഗ്രാമപഞ്ചായത്ത് മെമ്പർ എം.കെ.മോഹനനെ ചെയർമാനായി നിയമിച്ച് നന്തി പ്രദേശത്ത് നാട്ടുകാർ ആക്ഷൻ കമ്മറ്റി രൂപികരിച്ചു. ജനറൽ കൺ വീനറായി പി.പി കരീമിനെയും ട്രഷററായി ടി.കെ. നാസറിനെയും തിരഞ്ഞെടുത്തു.

ജനുവരി രണ്ടാം തീയ്യതി ഏകദേശം എട്ടു മണി സമയത്താണ് മുഹമ്മദ് ഷാഫിക്ക് ഒരു ഫോൺ കാൾ വരുന്നത്. ഉടനെ തന്നെ പുറപ്പെട്ട് പോയ ഷാഫിയെ പിന്നീട് കാണുന്നത് നന്തി റെയിൽവേ പാളത്തിന് താഴെ ബോധരഹിതനായ നിലയിൽ. ജനുവരി മൂന്നാം തിയതി മരണപ്പെട്ട വടകര പതിയാരക്കര കോലാടത്ത് ബഷീറിൻ്റെയും നന്തി തട്ടാൻ കണ്ടി റസിയുടെയും മകൻ മുഹമ്മദ് ഷാഫിയുടെ മരണത്തിലെ ദുരൂഹതകൾ ഏറെയുണ്ടെന്ന് നാട്ടുകാർ.

വടകരയിലൊരു ബേക്കറിയിൽ ജീവനക്കാരനായിരുന്ന ഷാഫി ഉമ്മയുടെ നന്തിയിലെ വീട്ടിലെത്തിയതായിരുന്നു. എന്നാൽ പിന്നീടൊരു ഫോൺ കോൾ വരുകയും പുറത്തേക്കു പോവുകയുമായിരുന്നു. പിറ്റേന്ന് രാവിലെ റെയില്‍വേ ട്രാക്കിന് സമീപത്തു കൂട്ടി പത്രമിടാൻ പോയവരാണ് അസ്വാഭാവികമായ നിലയിൽ ഒരു പയ്യൻ റെയിൽവേ ട്രാക്കിൽ കിടക്കുന്നത് കണ്ടത്. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും തലയ്ക്കു സാരമായ പരുക്കേറ്റിരുന്ന ഷാഫി ചികിത്സയിലിരിക്കെ മരിച്ചു.

ഉമ്മയുടെ വീട്ടില്‍ നില്‍ക്കുന്ന സമയത്ത് ഷാഫിയെ ഫോണില്‍ ആരോ വിളിച്ചെന്നും പെട്രോള്‍ വാങ്ങിക്കൊടുക്കാനെന്നു പറഞ്ഞാണ് ഷാഫി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതെന്നുമാണ് അദ്ദേഹം പറഞ്ഞത്. വീട്ടില്‍ നിന്നും ഇറങ്ങുന്ന സമയത്ത് ഷാഫിയുടെ ഫോണില്‍ ചാര്‍ജ് കുറവായിരുന്നു. പിന്നീട് വിളിച്ചുനോക്കിയപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് എന്നാണ് പറഞ്ഞത്.

‘ട്രെയിൻ തട്ടിയാണ് മരണമെങ്കിലും രാത്രി മുഴുവനും മുഹമ്മദ് ഷാഫി എവിടെയായിരുന്നു എന്ന സംശയമാണ് നാട്ടുകാർ ഉയർത്തുന്നത്. റെയിൽവേ ട്രാക്കിന്റെ താഴയായാണ് ഷാഫി കിടന്നിരുന്നത്. രാവിലെ കണ്ടെത്തുമ്പോഴും ബോധമുണ്ടായിരുന്നു, തലയ്ക്കു സാരമായ പരുക്കുകൾ ഉള്ളതിനാൽ തന്നെ രാവിലെ വരെ ജീവനോടെ ഇരിക്കുക വിശ്വസിക്കാൻ അൽപ്പം പ്രയാസമുണ്ട്. അതിനാൽ തന്നെ പുലർച്ചെ എപ്പോഴോ ആണ് അപകടം നടന്നതെന്നാണ് സംശയം.’

‘കൂടാതെ തെരുവ് നായകളുടെയും കുറുക്കന്മാരുടെയും ശല്യം അസഹ്യമായ ഒരിടമാണ് ഇവിടം. തലയിലുണ്ടായ മുറിവിൽ നിന്ന് ഒഴുകിയ ചോര മണത്തിൽ ഇവർ ഷാഫിയെ ഉപദ്രവിച്ചേനെ. എന്നാൽ അത്തരത്തിൽ യാതൊരു വിധ പരിക്കുകളും പോസ്റ്റ് മാർട്ടത്തിൽ കണ്ടെത്തിയിട്ടില്ല.’ ഷാഫിയുടെ ഉമ്മ ഇടയ്ക്കു വിളിച്ചപ്പോഴും കൂടെ ആളുകൾ സംസാരിക്കുന്നതായി തോന്നിയെന്നും പറയപ്പെടുന്നു.

ഈ കാരണങ്ങളാൽ തന്നെ മരണം പുലർച്ചെ എപ്പോഴോ ആയിരിക്കാം നടന്നെതെന്നാണ് നാട്ടുകാർ ശക്തമായി വിശ്വസിക്കുന്നത്. വൈകിട്ട് വീട്ടിൽ നിന്ന് പോയ ഷാഫി അത്രയും നേരം എവിടെയായിരുന്നു, എന്ത് സംഭവിച്ച തുടങ്ങിയ കാര്യങ്ങളിലെ ദുരൂഹതകൾ വെളിച്ചത്തു കൊണ്ടുവരാനാണ് നാട്ടുകാർ ആക്ഷൻ കമ്മിറ്റിക്ക് രൂപം നൽകിയത്.