വാഹനപരിശോധനയ്ക്കിടെ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന ഹാഷിഷ് ഓയിലുമായി കൊയിലാണ്ടി സ്വദേശി പിടിയില്‍


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ വാഹന പരിശോധനക്കിടെ ഹാഷിഷ് ഓയില്‍ പിടികൂടി. പെരുവട്ടൂര്‍ ഇയ്യഞ്ചേരി മുക്കില്‍വെച്ച് കെ.എല്‍ 56 ടി 9145 എന്ന നമ്പറിലുള്ള ആക്ടീവ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന ആറര ഗ്രാം ഹാഷിക് ഓയിലാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി കുറുവങ്ങാട് വല്ലത്ത് ഹൗസില്‍ (അല്‍ തൗഖ) കെ. മുഹമ്മദ് ആരിഫ് (30) നെ പൊലീസ് അറസ്റ്റു ചെയ്തു.

ഹാഷിഷ് കത്തിക്കാന്‍ ഉപയോഗിക്കുന്ന പേപ്പറുകളും പിടികൂടിയിട്ടുണ്ട്. ചെറിയ മൂന്നു ബോട്ടിലുകളിലാണ് ഹാഷിഷ് ഉണ്ടായിരുന്നത്. ഇതിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. പിന്നില്‍ വന്‍ ലഹരി മാഫിയാ സംഘമുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

കൊയിലാണ്ടി സി.ഐ എന്‍.സുനില്‍കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ എം.എന്‍.അനൂപ്, എ എസ്.ഐ.അഷറഫ്, സി.പി.ഒമാരായ കെ.സോജന്‍, സിനു രാജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വാഹന പരിശോധന നടത്തിയത്.