വടകരയില്‍ കടലാക്രമണത്തില്‍ തൊണി തകര്‍ന്ന് രണ്ടായി മുറിഞ്ഞു; അത്ഭുതകരമായി രക്ഷപ്പെട്ട് തൊഴിലാളികള്‍


വടകര: കടലാക്രമണത്തില്‍ തോണി തകര്‍ന്ന് രണ്ടായി മുറിഞ്ഞു. കോട്ടപ്പുഴ അഴിമുഖത്ത് വെച്ചാണ് സംഭവം. തോണിയിലുണ്ടായിരുന്ന മണല്‍ത്തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

അഴിമുഖത്ത് നിന്ന് കറുവ പാലത്തേക്ക് വരുന്നതിനിടെ തോണി രണ്ടായി മുറിഞ്ഞ് വെള്ളത്തിനടിയിലേക്ക് താഴ്ന്ന് പോകുകയായിരുന്നു. തോണിയിലുണ്ടായിരുന്ന കളത്തില്‍ സുനില്‍കുമാര്‍, പാറേമ്മല്‍ വാസു എന്നീ തൊഴിലാളികള്‍ നീന്തി രക്ഷപ്പെടുകയായിരുന്നു.

സുനില്‍കുമാറിന്റെ ഉടമസ്ഥതയിലുളള തോണിയാണ് അപകടത്തില്‍പ്പെട്ടത്. പൂഴി തൊഴിലാളികള്‍ക്ക് മാന്യമായ വേതനവും നഷ്ടപ്പെട്ട തോണികള്‍ക്ക് നഷ്ടപരിഹാരവും നല്‍കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു.