ലോക്ക് ഡൗൺ സമാന നിയന്ത്രണങ്ങൾ; വിജനമായി കൊയിലാണ്ടി നഗരം


കൊയിലാണ്ടി: അതിതീവ്ര കോവിഡ് വ്യാപനത്തിൽ നിയന്ത്രണങ്ങളോട് പൂർണ്ണമായും സഹകരിച്ച് കൊയിലാണ്ടി നഗരം. ലോക്ക്ഡൗണിന് സമാനമായ നിയന്ത്രങ്ങളായിരുന്നു സംസ്ഥാനമൊട്ടാകെ ഏര്‍പ്പെടുത്തിയിരുന്നത്. കൊയിലാണ്ടിയിലും അവശ്യ സേവനങ്ങള്‍ക്ക് മാത്രമായിരുന്നു പ്രവർത്തനാനുമതി.

 

മറ്റാവശ്യങ്ങൾക്കായി പുറത്തിറങ്ങിയവർ കാരണം വ്യക്തമാക്കുന്ന രേ‌ഖകളോ സത്യവാങ്മൂലമോ കയ്യിൽ കരുതിയിരുന്നു. നിരത്തുകളില്‍ പോലീസ് പരിശോധന കർശനമാക്കിയിരുന്നു.

അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കുമെന്നും വാഹനം പിടിച്ചെടുക്കുമെന്നും
മുൻപ് തന്നെ അറിയിച്ചിരുന്നു. അനാവശ്യമായി പുറത്തിറങ്ങുന്ന കാൽനടക്കാർക്കെതിരെയും ശിക്ഷ എടുക്കാനുള്ള അധികാരം പോലീസിന് നൽകിയിരുന്നു. അത്യാവശ്യത്തിനുള്ള സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങുന്നത്. നിയന്ത്രണങ്ങളോട് ജനങ്ങള്‍ പൂര്‍ണമായി സഹകരിക്കുന്നുണ്ട്.

ജില്ലാ എ കാറ്റഗറി ആയതിനാൽ വിവാഹ, മരണാനന്തര ചടങ്ങുകളില്‍ 50 പേർക്ക് പങ്കെടുക്കാമെങ്കിലും ഇന്നത്തെ ചടങ്ങുകൾക്ക് 20 പേർക്ക് മാത്രമേ അനുമതിയുണ്ടായിരുന്നുള്ളു.

കർശന നിയന്ത്രണങ്ങളെ തുടർന്ന് കൊയിലാണ്ടി നഗരവും വിജനമായിരുന്നു.കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഇന്ന് തിരക്ക് വളരെ കുറവായിരുന്നു. അടിയന്തര ആവശ്യങ്ങളുള്ളവർ മാത്രമേ ആശുപത്രി സന്ദർശിച്ചുള്ളു.

ഹാര്‍ബറിലും തിരക്ക് വളരെ കുറവായിരുന്നു. സമീപ പ്രദേശങ്ങളിലുള്ള തൊഴിലാളികള്‍ മാത്രമാണ് ഇന്ന് ജോലിയ്ക്കായി എത്തിയത്. പഴം, പച്ചക്കറി, പലവ്യഞ്ജനം, പാല്‍, മീന്‍, ഇറച്ചി എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മണിക്ക് ആരംഭിച്ച് 9 മണി വരെയാണ് പ്രവർത്തിച്ചത്. ഹോട്ടലിലും ബേക്കറിയിലും ഇരുന്നു കഴിക്കാൻ അനുമതിയുണ്ടായിരുന്നില്ല. എന്നാൽ പാഴ്‌സൽ അനുവദിച്ചിരുന്നു.


.
കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ നിരവധി പോലീസുകാർക്ക് കോവിഡ് ബാധിച്ചിരുന്നത് നിയന്ത്രണങ്ങളെങ്ങനെ ആകുമെന്ന് ആശങ്ക ഉളവാക്കിയിരുന്നു. സി.ഐ അടക്കം പന്ത്രണ്ട് പൊലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ ഇന്ന് നിരത്തുകളില്‍ പോലീസ് പരിശോധന കർശനമായിരുന്നു. പരിശോധനയ്ക്കായി കൂടുതൽ പൊലീസുകാരെ ഉത്തരവാദിത്തപെടുത്തിയിരുന്നു.