ലഹരി വിൽപ്പനയുടെ താവളമായി കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പരിസരം; ഇരയാവുന്നതേറെയും വിദ്യാർത്ഥികൾ


കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പരിസരത്തേക്ക് ചെന്നാൽ നമ്മളെ സ്വാഗതം ചെയ്യുക ‘ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞിരിക്കുന്ന സിറിഞ്ചുകളും മദ്യകുപ്പികളുമായിരിക്കും’. ലഹരി വില്പനയുടെ വമ്പൻ താവളമായി മാറിയിരിക്കുകയാണ് കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പരിസരം. കാടുപിടിച്ച്‌ കിടക്കുന്നതിനാൽ വില്പനക്കാർക്ക് എല്ലാംകൊണ്ടും ഏറെ സൗകര്യമാണിവിടം. വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് ഇവരുടെ വില്പന ഏറെയും.

അട്ടിയിട്ടിരിക്കുന്ന സ്ലീപുകള്‍ക്ക് മറവിലും മേല്പാലത്തിന്റെ കോണിപ്പടികളുമാണ് കച്ചവടത്തിന്റെ പ്രധാന കേന്ദ്രങ്ങൾ. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും അതൊന്നും ഇവിടുത്തെ കച്ചവടങ്ങൾക്ക് തടസ്സമേയല്ല. ഹൈസ്‌കൂള്‍, പ്ലസ്ടു വിദ്യാര്‍ത്ഥികളാണ് പ്രധാനമായും ഈ ലോബികളുടെ ഇരയാവുന്നത്. രാവും പകലും അനവധി യുവാക്കളാണ് ഇവിടെ തമ്പടിക്കുന്നത്. പകൽ സമയത്തു പോലും ഇതുവഴിയെ നടക്കാൻ നാട്ടുകാർക്ക് ഭയമാണ്.

ഇവിടെ നിന്ന് വെറും നൂറു മീറ്റർ മാത്രമാണ് കണ്‍സ്യൂമര്‍ഫെഡിന്റെ ഔട്ട്ലെറ്റ്. അങ്ങനെ മദ്യപാനത്തിനും ഇവിടം പ്രിയപ്പെട്ട ഇടമായി മാറി. ലഹരിയുപയോഗിക്കുന്നവരും മദ്യപാനികളും കാരണം ഇതു വഴി പോകുന്ന കാൽനടക്കാർ വളരെയധികം ബുദ്ധിമുട്ടുകയാണ്. റെയില്‍വെ സ്റ്റേഷനും ഓവര്‍ ബ്രിഡ്ജിനും ഇടയില്‍ പാളം മുറിച്ച്‌ കടക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ ഈ വഴി തന്നെ ആശ്രയിച്ചേ മതിയാവുകയുള്ളു.

സ്ത്രീകളടക്കം പലരും പഴയ ഗേറ്റ് കടന്നാണ് യാത്രചെയ്യുന്നത്. മത്സ്യ ഭവന്‍, കൃഷി ഭവന്‍ എന്നിവിടങ്ങളിലേക്ക് പോകുന്നവർക്കും ഈ വഴി തന്നെയാണ് ശരണം. വളരെയധികം ഭയന്നാണ് യാത്രക്കാർ ഇതുവഴി പോകുന്നത്.

ലഹരി ഉപയോഗത്തിനെതിരെ യുവജന സംഘടനകളും റസിഡന്‍സ് അസോസിയേഷനുകളും രംഗത്ത് എത്തിയിരുന്നെങ്കിലും യാതൊരുവിധ നടപടികളും സ്വീകരിച്ചില്ല.അനധികൃതമായി റെയില്‍വെയുടെ സ്ഥലം ലഹരി വില്പനയ്ക്കും മദ്യപാനത്തിനുമായി ഉപയോഗിക്കുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.

പ്രസ്തുത സ്ഥലത്ത് നിന്ന് ഇരുനൂറ് മീറ്റ് മാത്രമാണ് എക്‌സൈസ് ഓഫീസിന്റെ കെട്ടിടത്തിലേക്ക്. എന്നാൽ അവരുടെ ഭാഗത്ത് നിന്ന് യാതൊരു വിധ നടപടിയുമുണ്ടായിട്ടില്ല. കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ നിരവധി പോലീസുകാർക്ക് കോവിഡ് ആയതിനാൽ ഈ സമയത്ത് ലഹരി ഉപയോഗവും വിൽപ്പനയും വർദ്ധിപ്പിച്ചിരിക്കുകയാണ്.

ഇതിനെതിരെ ഇനിയും നടപടികൾ എടുത്തില്ലെങ്കിൽ പൂർണ്ണമായും ലഹരി മാഫിയകളുടെ വിഹാര കേന്ദ്രമായി കൊയിലാണ്ടി സ്റ്റേഷൻ മാറുകയും കൂടുതൽ കുട്ടികളെ അവർ ഇരയാക്കുമെന്നതിലും സംശയം തെല്ലും വേണ്ട എന്നാണ് നാട്ടുകാർ പറയുന്നത്.