മണല്‍കുനയില്‍ തട്ടി മറിഞ്ഞ് യാത്രക്കാരന് പരുക്ക്; ജീവന് ഭീഷണിയുയര്‍ത്തി ചെമ്പ്ര-ചക്കിട്ടപ്പാറ റോഡിലെ മണല്‍ കൂനകള്‍


പേരാമ്പ്ര: ചെമ്പ്ര- ചക്കിട്ടപാറ പാതയിലെ യാത്രക്കാര്‍ക്ക് ഭീഷണിയായി റോഡിലെ മണല്‍കൂനകള്‍. കേബിള്‍ ലൈനിടാനെടുത്ത
കുഴിയില്‍ നിന്ന് നീക്കംചെയ്ത മണലാണ് യാത്രക്കാര്‍ക്ക് അപകട ഭീഷണിയുയര്‍ത്തുന്നത്. കഴിഞ്ഞ അഞ്ചു ദിവസത്തിനിടയില്‍ രണ്ടു പേരാണ് മണല്‍കൂനയില്‍ തട്ടി അപകടത്തില്‍പെട്ടത്. പരാതി നല്‍കിയെങ്കിലും തുടര്‍നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് അപകടത്തില്‍ പരിക്കേറ്റ ചെമ്പ്ര സ്വദേശി ഷാജു മാത്യൂ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ഫെബ്രുവരി ഏഴാം തിയ്യതി രാത്രിയാണ് ഷാജു അപകടത്തില്‍പെട്ടത്. ചക്കിട്ടപാറയില്‍ നിന്ന് ചെമ്പ്രയിലേക്ക് പോകുന്ന വഴിക്ക് റോഡിന്റെ വശത്തായി എടുത്ത കുഴിയില്‍ നിന്ന് നീക്കംചെയ്ത മണ്ണ് റോഡിലേക്ക് ഇട്ടതാണ് അപകടത്തിനിടയാക്കിയതെന്ന് ഷാജു പറഞ്ഞു. റോഡിന്റെ പല ഭാഗത്തായി ഇത്തരം കുഴികളുണ്ട്. എന്നാല്‍ അപകട സൂചന നല്‍കുന്ന സൈന്‍ ബോര്‍ഡുകളൊന്നും കുഴിക്ക് സമീപത്ത് വെച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അപകടത്തില്‍ സാരമായി പരിക്കേറ്റ ഷാജു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഫെബ്രുവരി എട്ടാം തിയ്യതിയും സമാനമായ രീതിയില്‍ മറ്റൊരാളും അപകടത്തില്‍ പെട്ടിരുന്നു. പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിനുസരിച്ച് കൃത്യമായി മണല്‍ നീക്കം ചെയ്തില്ലെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കും. ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കണന്നെും ഷാജു ആവശ്യപ്പെട്ടു.