പെരുമാൾ പുറത്ത് ആളില്ലാത്ത വീട്ടിൽ കയറി മോഷണം; നഷ്ടമായത് 8 പവൻ സ്വർണവും ഇരുപതിനായിരം രൂപയും


പയ്യോളി: പെരുമാൾ പുറത്ത് ആളില്ലാത്ത വീട്ടിൽ മോഷണം. സ്വർണ്ണവും പണവും നഷ്ട്ടപെട്ടു. തിക്കോടി പഞ്ചായത്തിലെ രണ്ടാം വാർഡിലെ ഊളയിൽ ശ്രീ പതി വീട്ടിലാണ് സംഭവം. 8 പവൻ സ്വർണവും ഇരുപതിനായിരം രൂപയുമാണ് വീട്ടിൽ നിന്ന് മോഷണം പോയത്.

 

റിട്ടയേർഡ് അധ്യാപികയായ അംബിക രണ്ടു ദിവസത്തേക്ക് സഹോദരന്റെ വീട്ടിലേക്ക് പോയപ്പോഴാണ് സംഭവം. ഇന്നുച്ചയ്ക്ക് അവർ തിരികെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നുവെന്ന് മനസ്സിലാക്കുന്നത്. മുൻവശത്തെ വാതിൽ ഇളക്കി അകത്തു കടന്നുവെന്നാണ് സംശയം. കിടപ്പുമുറിയിലുള്ള രണ്ട് അലമാരകളുടെ വാതിൽ തകർന്ന അവസ്ഥയിലായിരുന്നു.

വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. പയ്യോളി സി.ഐ കെ സി സുഭാഷ് ബാബു, എസ്.ഐ പി എം സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പയ്യോളി പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.