പയ്യോളി സ്റ്റേഷനിലെ ഏഴു പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു


പയ്യോളി: പയ്യോളി പോലീസ് സ്റ്റേഷനിലെ ഏഴു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗ്രേഡ് എസ്ഐമാർ ഉൾപ്പെടെയുള്ള പോലീസുകാർക്കാണ് കോവിഡ് ബാധിച്ചത്. രണ്ട് ഗ്രേഡ് എസ് ഐ മാർക്കും ഒരു വനിതാ പോലീസിനും ഒപ്പം രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരാൾക്കും കോവിഡ് ബാധിച്ചു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതിനാൽ പോലീസിന്റെ സേവനം കൂടുതലായി വേണ്ട സമയമാണിത്. രോഗ വ്യാപനം കൂടുന്നതിനാൽ നിയന്ത്രണങ്ങൾ കർശനമാക്കാനും നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടി എടുക്കാനുമാണ് പോലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം. എന്നാൽ പൊലീസുകാര്‍ക്കിടയില്‍ രോഗ വ്യാപനം സംഭവിച്ചതോടെ ഇത്തരം പരിശോധനകള്‍ നടത്താന്‍ കഴിയാത്ത അവസ്ഥയാണിപ്പോൾ.

കോവിഡ് ഒന്നാം തരംഗത്തിലും പയ്യോളി സ്റ്റേഷനിൽ വ്യാപനം സംഭവിച്ചിരുന്നു. പ്രിൻസിപ്പൽ എസ് ഐ ഉൾപ്പെടെ ഇരുപത്തഞ്ചിലേറെ പോലീസുകാർക്കാണ് അന്ന് കോവിഡ് ബാധിച്ചത്.

സമാനമായ സാഹചര്യത്തിൽ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ നിരവധി പോലീസുകാർക്കും കോവിഡ് ബാധിച്ചിരുന്നു. സി.ഐ അടക്കം പന്ത്രണ്ട് പൊലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.