പയ്യോളിയിൽ വീടും തട്ടുകടയും ആക്രമിച്ച് സ്ത്രീകളുടെ സംഘം


പയ്യോളി: പയ്യോളിയിൽ വിടിനും തട്ടുകടയ്ക്കും നേരെ അക്രമം. സ്ത്രീകളുടെ സംഘമാണ് അക്രമം നടത്തിയത്. അയനിക്കാട് 24-ാം മൈൽ ബസ്സ് സ്റ്റോപ്പിന് സമീപമുള്ള തട്ടുകടയ്ക്കും വീടിനും നേരെയാണ് അക്രമം നടന്നത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. അയനിക്കാട് കളത്തിൽ കാസിമിൻറെ വീടിനു നേരെയാണ് അക്രമമുണ്ടായത്.

നാലു സ്ത്രീകളുൾപ്പടെ അഞ്ചു പേരായിരുന്നു അക്രമ സംഘത്തിലുണ്ടായിരുന്നു. ഇന്നോവ കാറിലാണ് സംഘമെത്തിയത്. കാസിമിന്റെ വീട്ടിലെത്തിയ സംഘം വീട്ടുമുറ്റത്തുണ്ടായിരുന്ന ചെടിച്ചട്ടികളും കിളിക്കൂടും തട്ടി മറിച്ചിട്ടു. ശബ്ദം കേട്ടെത്തിയ കാസിമിൻറെ ഭാര്യക്ക് നേരെ ഭീഷണി ഉയർത്തുകയും ആക്രമിക്കാൻ ശ്രമിച്ചതായും അവർ പറഞ്ഞു. മോശം വാക്കുകളാണിവർ ഉപയോഗിച്ചതെന്നും കൂട്ടിച്ചേർത്തു.

കാസിമിന്റെ വീടിനു നേരെയുണ്ടായ അക്രമത്തിനു ശേഷം സമീപത്തുണ്ടായിരുന്ന തട്ടുകടയ്ക്കു നേരെയും ഇവരുടെ ആക്രമണം തുടർന്നു. കാസിമിന്റെ സഹോദരൻ കളത്തിൽ അഷ്റഫിൻറെ തട്ടുകടയണിവർ ആക്രമിച്ചത്.ആക്രമണത്തിൽ നിരവധി നാശനഷ്ട്ടങ്ങളുണ്ടായി. അലമാരയുടെ കണ്ണാടി ചില്ല് പൂർണ്ണമായി തകർന്നു. ഒപ്പം കടയിലുണ്ടായിരുന്ന കസേരയും മേശയുമടക്കമുള്ള സാധനങ്ങൾക്ക് കേടു പാടുകൾ സംഭവിച്ചു. അഷ്റഫിൻറെ ഭാര്യക്ക് നേരെയും അക്രമമുണ്ടായതായി ഇവർ പറഞ്ഞു. സാമ്പത്തിക ഇടപാടുകൾ മൂലമുള്ള പ്രശ്നമാണെന്നാണ് പ്രാഥമിക നിഗമനം.

പരാക്രമണം റോഡിലേക്കും നീങ്ങിയതോടെ ദേശീയ പാതയിൽ ഗതാഗതം തടസ്സപെട്ടു. തുടർന്ന്‌ പോലീസെത്തി അഞ്ചംഗ സംഘത്തെ സ്റ്റേഷനിലേക്ക് കൊണ്ട് പോയി. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പയ്യോളി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.