നരയംകുളത്ത് സഹോദരങ്ങള്‍ തമ്മിലുള്ള അടിപിടിയെത്തുടര്‍ന്ന് ജ്യേഷ്ഠന്‍ മരിച്ചു; അനുജന്‍ അറസ്റ്റില്‍


പേരാമ്പ്ര: നരയംകുളത്ത് സഹോദരങ്ങള്‍ തമ്മിലുണ്ടായ അടിപിടിയെത്തുടര്‍ന്ന് യുവാവ് മരിച്ചു. നരയംകുളം പുളിയാംപൊയില്‍ മീത്തല്‍ രാജന്‍ (45) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരന്‍ ഷൈജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം.

തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് രാജനെ ബോധരഹിതനായ നിലയില്‍ വീടിനകത്ത് കണ്ടെത്. തുടര്‍ന്ന് കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വയറിലെ അള്‍സര്‍ പൊട്ടിയതാണ് മരണത്തിനിടയാക്കിയതെന്നാണ് പോസ്റ്റമോര്‍ട്ടത്തിലെ സൂചന.

രാജനും അനുജന്‍ ഷൈജുവും തമ്മില്‍ ഞായറാഴ്ച പകല്‍ അടിപിടി നടന്നതായാണ് പോലീസിന് ലഭിക്കുന്ന വിവരം. ഇതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ നിഗമനം. തുടര്‍ന്ന് കൂരാച്ചുണ്ട് ഇന്‍സ്‌പെക്ടര്‍ കെ.പി. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഷൈജുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുറ്റകരമായ നരഹത്യയ്ക്ക് ഷൈജുവിന്റെ പേരില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

രാജനും അച്ഛന്‍ കേളപ്പനും മാത്രമാണ് രാജന്റെ വീട്ടില്‍ താമസം. കേളപ്പന്‍ സെക്യൂരിറ്റി ജീവനക്കാരനായതിനാല്‍ രാത്രി വീട്ടിലുണ്ടായിരുന്നില്ല. രാജന്റെ ഭാര്യ അടുത്ത് തന്നെയുള്ള സ്വന്തം വീട്ടിലാണ്. രാജന്‍ താമസിക്കുന്ന വീടിന്റെ പറമ്പില്‍ തന്നെയാണ് ഷൈജുവും താമസിക്കുന്നത്.

മെഡിക്കല്‍ കോളേജിലെ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം തിങ്കളാഴ്ച വൈകീട്ട് ആറോടെ വീട്ടിലെത്തിച്ച മൃതദേഹം സംസ്‌കരിച്ചു. അമ്മ: മാണിക്യം. ഭാര്യ: സനില. മക്കള്‍: ആരതി, രേവതി, ആദിത്യ, അജല്‍രാജ്, വേദ. മരുമകന്‍: സജിന്‍. മറ്റു സഹോദരങ്ങള്‍: മാധവി, ദാമോദരന്‍.