തിക്കോടിയില്‍ മീന്‍വില്‍ക്കാനെത്തിയ ആള്‍ മൂന്നരവയസുകാരിയുടെ മാല മോഷ്ടിച്ചു; കൊയിലാണ്ടി സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു


പയ്യോളി: മീന്‍വില്‍ക്കാനെന്ന പേരില്‍ എത്തിയയാള്‍ മൂന്നരവയസുകാരിയുടെ കഴുത്തില്‍ നിന്നും മാല ഊരിയെടുത്തു കടന്നുകളഞ്ഞു. ചിങ്ങപുരം പുതിയകുളങ്ങര മുഹമ്മദ് നിയാസിന്റെ മകളുടെ മാലയാണ് മോഷ്ടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി കൊയിലാണ്ടി വലിയമങ്ങാട് കൃഷ്ണ ഹൗസില്‍ ബാബു (55)നെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ചോദ്യം ചെയ്തുവരികയാണെന്നും പയ്യോളി പൊലീസ് അറിയിച്ചു.

ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. കഴിഞ്ഞ ഒരാഴ്ചയായി ഇയാള്‍ കവറില്‍ മീനുമായി പ്രദേശത്തെ വീടുകള്‍ തോറും കയറി ഇറങ്ങി വില്‍പ്പന നടത്താറുണ്ട്. സംഭവ സമയത്ത് നിയാസിന്റെ വീട്ടില്‍ ഭാര്യയും മകളും മാത്രമാണുണ്ടായത്. മകളുടെ കഴുത്തില്‍ നിന്നും ഇയാള്‍ മാല ഊരി കടന്നുകളയുകയായിരുന്നു. മകള്‍ ഇക്കാര്യം അമ്മയോട് പറയുകയും തുടര്‍ന്ന് നിയാസിനെ വിവരം അറിയിക്കുകയുമായിരുന്നു.

ഉടന്‍ തന്നെ നിയാസ് മകളെയും ഒപ്പംകൂട്ടി സുഹൃത്തുക്കള്‍ക്കൊപ്പം പ്രദേശത്ത് പരിശോധന നടത്തി. തിക്കോടി പൂവെടിത്തറയ്ക്ക് സമീപത്തുവെച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പോക്കറ്റില്‍ നിന്നും മാല കണ്ടെടുക്കുകയും ചെയ്തു. തുടര്‍ന്ന് പയ്യോളി പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും പൊലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയുമായിരുന്നു.