ട്രാൻസ്ഫോർമറുകളെ മുട്ടിയുരുമ്മി വഴിയോര കച്ചവടം; പതിയിരിക്കുന്നത് വൻ അപകടം


കൊയിലാണ്ടി: വഴി നിരത്തുകളെങ്ങും പഴങ്ങളും പച്ചക്കറികളും ഒപ്പം തട്ടുകടകളും നിറഞ്ഞിരിക്കുന്ന കാഴ്ച കൊയിലാണ്ടിക്ക് പുതിയതല്ല. സ്ഥിരമായി അവിടെ നിന്ന് സാധനങ്ങൾ വാങ്ങുന്നവരും അനവധിയാണ്. എന്നാൽ പല വഴിയോരക്കടകളും അപകടത്തിന്റെ വക്കിലാണ് നിൽക്കുന്നതറിയാമോ?. കച്ചവടക്കാർക്കത് അപകടമാണെന്നറിയാവുന്നിട്ടും കരുതലുകളൊന്നുമെടുത്തിട്ടില്ല. അതീവശ്രദ്ധയാവശ്യമായ ഇലക്ട്രിക്ക് ട്രാൻസ്ഫോർമറിനോട് ചേർന്നുള്ള വഴിയോര കടകളിലാണ് ഇത്തരം ഭീഷണി നിലകൊള്ളുന്നത്.

ട്രാൻസ്ഫോർമറിലെ സുരക്ഷയ്ക്കായി സ്ഥാപിച്ച ഇരുമ്പുവേലിയോട് ചേർത്ത് വച്ച്കെട്ടിയാണ് ഇത്തരം തട്ടുകടകൾ നഗരത്തിൽ പലയിടങ്ങളിലായുള്ളത്. യാതൊരു സുരക്ഷാ മുൻകരുതലുമില്ലാതെയാണ് ഇത്തരം കടകൾ ട്രാൻസ്ഫോർമറിനോട് ചേർത്തു തായ്യാറാക്കിയിരിക്കുന്നത്. ഒരു നിമിഷത്തെ സ്പാർക്ക് മൂലം പോലും വലിയ അപകടങ്ങൾ ഉണ്ടാവാം. വൈദ്യുതി കേബിളിലോ കമ്പികളിലോ ഉണ്ടാകാവുന്ന തകരാറുകൾ പോലും വലിയ തീപിടുത്തത്തിന് വഴിയൊരുക്കും.

നിരവധിപേർ ദിനംപ്രതി ഇത്തരം വഴിയോര കടകളിൽ നിന്നു സാധനം വാങ്ങുന്നത് പതിവാണ്. ആളുകൾ കൂട്ടം കൂടി നിൽക്കുന്ന സമയത്ത് അത്തരമൊരു അപകടമുണ്ടായാൽ ആളപായത്തിനു സാധ്യത ഏറെയാണ്.

കൊയിലാണ്ടി നഗരത്തിൽ അഞ്ചിലധികം സ്ഥലങ്ങളിൽ ട്രാൻസ്ഫോർമറിനോട് ചേർന്ന് ഇത്തരം വഴിയോര കച്ചവടങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. അപകടത്തിന്റെ ഭീകരത അറിയാമെങ്കിലും ഇതുവരെ ഇത്തരം കടകൾ മാറ്റി സ്ഥാപിച്ചിട്ടില്ല. ഈയടുത്തായി നഗരത്തിൽ നിരവധി തീപിടുത്തം നടന്നിരുന്നു.

ഇന്ന് വടകരയിൽ വലിയ പൊട്ടിത്തെറികളോടെ ട്രാൻസ്ഫോർമരിൽ തീ പിടിച്ച സംഭവം നാട്ടുകാരിൽ പരിഭ്രതയുളവാക്കിയിരുന്നു. വടകര നഗരസഭയിലെ കോഴിത്തട്ട പ്രദേശത്തായിരുന്നു സംഭവം. നോര്‍ത്ത് സെക്ഷന്‍ പരിധിയിൽ വരുന്ന ട്രാൻസ്ഫോമറിന് തീ കത്തിയതാണ് ആളുകളിൽ ആശങ്ക ഉണർത്തിയത്. ഒടുവിൽ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നുള്ള കഠിനമായ പരിശ്രമത്തിലാണ് തീ അണച്ചത്. ഇരു കൂട്ടരുടെയും സമയോചിതമായ പ്രവർത്തനം മൂലം വൻ അപകടമാണ് ഒഴിവായത്. ഇത്തരത്തിൽ ട്രാൻസ്ഫോർമറുകളിൽ നിന്ന് അപകടങ്ങൾ ഉണ്ടാവാൻ സാധ്യതകളേറെയാണ്. ഇത്രയും ഭയാനകമായ സാഹചര്യത്തിൽ ട്രാൻസ്ഫോർമറുകളിനോടൊപ്പമുള്ള കച്ചവടങ്ങൾക്കെതിരെ കെ.എസ്.ഈ.ബി യും മറ്റുത്തരവാദിത്തപെട്ട അധികൃതരും നടപടിയെടുക്കാത്തതിൻറെ രൂക്ഷ വിമർശനങ്ങളാണുയരുന്നത്.