ട്രാഫിക് നിയമങ്ങൾ അനുസരിച്ചവർക്ക് അനുമോദന സർട്ടിഫിക്കറ്റ്; വ്യത്യസ്തമാർന്ന ട്രാഫിക് ബോധവൽക്കരണ പരിപാടിയുമായി കൊയിലാണ്ടി ട്രാഫിക് പോലീസും ജെ.സി.ഐയും


കൊയിലാണ്ടി: വ്യത്യസ്തമാർന്ന ട്രാഫിക് ബോധവൽക്കരണ പരിപാടിയുമായി കൊയിലാണ്ടി ട്രാഫിക് പോലീസും ജെ.സി.ഐയും. ഇതിനോടനുബന്ധിച്ച് നഗരത്തിൽ വാഹന പരിശോധന നടത്തി. എന്നാൽ വാഹന പരിശോധനക്ക് ശേഷം കൃത്യമായ രേഖകളും ഹെൽമെറ്റും ധരിച്ചവർക്ക് അനുമോദന സർട്ടിഫിക്കേറ്റ് നൽകിയതോടെ യാത്രക്കാർക്കും കൗതുകം.

നിയമലംഘനം നടത്തിയവർക്ക് ബോധവൽക്കരണം നൽകി. പരിശോധനയിൽ മുപ്പതോളം പേർ കൃത്യമായ രേഖകളും ഹെൽമറ്റും ധരിച്ചാണ് യാത്ര ചെയ്യുന്നതെന്ന് സംഘം കണ്ടെത്തി. ദൂരദേശത്ത് നിന്ന് വരുന്നവരാണ് കൂടുതലും നിയമം പാലിക്കാതെ യാത്ര ചെയ്യുന്നതെന്നാണ് ഇവരുടെ വിലയിരുത്തൽ.വിദ്യാർത്ഥികളും സ്ത്രീകളും ഉൾപ്പെടെ ആരെയും പരിശോധനയിൽ നിന്ന് മാറ്റിനിർത്തിയിരുന്നില്ല.

പരിപാടി ട്രാഫിക് എസ്.ഐ വി.എം ശശിധരൻ ഉദ്ഘാടനം ചെയ്തു. എസ്.ഐ രാജീവൻ, ജെ.സി.ഐ അംഗങ്ങളായ ഗോകുൽ ജെ.ബി, കെ.കെ.റഷീദ്, ഡി.പ്രവീൺ കുമാർ, ശ്രീജിത്, ധൃപത് ശരൺ എന്നിവർ സംസാരിച്ചു.