കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവം; ഹോം സൂപ്രണ്ടിനെ സ്ഥലംമാറ്റി


കോഴിക്കോട്: വെള്ളിമാടുകുന്ന് സര്‍ക്കാര്‍ ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ സൂപ്രണ്ടിനെ സ്ഥലംമാറ്റി. ചില്‍ഡ്രന്‍സ് ഹോമിന്റെ പ്രൊട്ടക്ഷന്‍ ഓഫീസര്‍ – ഇന്‍സ്റ്റിറ്റിയൂഷന്‍ കെയറിനെതിരെ വകുപ്പ് തല നടപടിയും സ്വീകരിച്ചിട്ടുണ്ട്.

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും പെണ്‍കുട്ടികള്‍ പുറത്ത്‌പോയ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. വനിത ശിശുവികസന വകുപ്പ് ഹോമില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

റിപ്പബ്ലിക് ദിന പരിപാടികള്‍ക്ക് ശേഷം വൈകിട്ട് മൂന്ന് മണിയോടെ ആറ് പെണ്‍കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതാവുകയായിരുന്നു. ഒരാളെ ബാംഗ്ലൂരില്‍ നിന്നും ഒരാളെ മൈസുരില്‍ നിന്നും മറ്റ് നാല് പെണ്‍കുട്ടികളെ നിലമ്പൂരില്‍ നിന്നുമാണ് കണ്ടെത്തിയത്.