കൂട്ടുകാരെ രക്ഷിക്കുന്നതിനിടയില്‍ വെള്ളത്തില്‍ മുങ്ങിപ്പോയി; എടച്ചേരിയില്‍ പാറക്കുളത്തില്‍ വീണ പതിനാലുകാരന് ദാരുണാന്ത്യം


വടകര: എടച്ചേരിയില്‍ പാറക്കുളത്തില്‍ വീണ കൂട്ടുകാര െരക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മുങ്ങിപ്പോയ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. പതിനാലുകാരനായ കച്ചേരിയിലെ കുറുമാടിയില്‍ സന്തോഷിന്റെ മകന്‍ അദ്വൈതാണ് മരിച്ചത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പാറക്കുളത്തില്‍ നിന്നും അദ്വൈതിന്റെ മൃതദേഹം കണ്ടെത്തിയത്.

എടച്ചേരി പഞ്ചായത്തിലെ കച്ചേരിയില്‍ പാറകുളത്തില്‍ കൂട്ടുകാര്‍ക്കൊപ്പം മീന്‍പിടിക്കാനെത്തിയതായിരുന്നു അദ്വൈത്. നാല് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരില്‍ മൂന്ന് പേരാണ് അപകടത്തില്‍പെട്ടത്. സമീപത്തെ പറമ്പില്‍ ആടുമേക്കാന്‍ എത്തിയ വ്യക്തിയാണ് രണ്ട് കുട്ടികളെ രക്ഷിച്ച് കരയ്‌ക്കെത്തിച്ചത്. ഇതിനിടയില്‍ അദ്വൈത് മുങ്ങിപ്പോയി. കച്ചേരിയിലെ ആഴമേറിയ പാറക്കുളത്തില്‍ നിറയെ വെള്ളമുണ്ടായിരുന്നു.

നാദാപുരത്തുനിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുാകരും രണ്ട് മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും അദ്വൈതിനെ കണ്ടത്താനായില്ല. പേരാമ്പ്രയില്‍ നിന്നെത്തിയ ഫയര്‍ ആന്റ് റസ്‌ക്യൂ ടീം ഓക്‌സിജന്‍ ഘടിപ്പിച്ച ഉപകരണങ്ങളുമായി വെള്ളത്തിലിറങ്ങി തിരച്ചില്‍ നടത്തി. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് അദ്വൈതിന്റെ മൃതദേഹം പാറക്കുളത്തില്‍ നിന്ന് കണ്ടെത്തിയത്.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍മാരായ കെ സുനില്‍, ടി ബബീഷ്, സി സന്തോഷ് കുമാര്‍ എന്നിവരടങ്ങിയ സ്‌ക്കൂബാ ടീമാണ് അദ്വൈതിനെ വെള്ളത്തില്‍ നിന്നും മുങ്ങിയെടുത്തത്. നാദാപുരം സ്റ്റേഷന്‍ ഓഫീസര്‍ ജാഫര്‍ സാദിഖ്, അസ്സി. സ്റ്റേഷന്‍ ഓഫീസര്‍ സുജേഷ് കുമാര്‍ , ഫയര്‍ ആന്‍ഡ് റസ്‌കൂ ഓഫീസര്‍മാരായ സി.കെ ഷൈജേഷ്, ഇ.കെ നികേഷ്, എം ബൈജു, എം.വിശ്രീരാഗ്, എം മനോജ്, പി.കെ ജയ്‌സല്‍, എം ജയേഷ്, കെ അജേഷ് എന്നിവരും രണ്ടു മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. സിവില്‍ ഡിഫന്‍ന്‍ അംഗങ്ങളായ ശ്രീജിത്ത് പി, ശ്രീജിത്ത് ഒ.പി, മുഹമ്മദ് റയീസ് എന്നിവരും നാട്ടുകാരും രക്ഷാപ്രവര്‍ത്തില്‍ പങ്കാളികളായി.