കിനാലൂരില്‍ എയിംസിന് 40 ഏക്കര്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കാന്‍ ഉത്തരവ്; നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്


ബാലുശ്ശേരി: കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനമില്ലെങ്കിലും കിനാലൂരില്‍ എയിംസിനായി 40 ഏക്കര്‍ ഭൂമികൂടി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. കിനാലൂര്‍, കാന്തലാട് വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന ജനവാസമുള്ള 40 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുക്കാനുള്ള നടപടി സ്വീകരിക്കാനാണ് ഉത്തരവ്. കിനാലൂര്‍ വ്യവസായ വികസന കേന്ദ്രത്തിന്റെ കാറ്റാടി, ചാത്തന്‍ വീട്, കിഴക്കെ കുറുമ്പൊയില്‍, കാന്തലാട് ഭാഗങ്ങളിലായി 160 ഏക്കര്‍ ഭൂമി വ്യവസായ വകുപ്പ് നേരത്തെ തന്നെ എയിംസിനായി വിട്ടുകൊടുത്തിട്ടുണ്ട്. ഇതിനു പുറമെ അധികമായി കണ്ടെത്തിയ 40 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുക്കാനാണ് ഉത്തരവിറങ്ങിയിട്ടുള്ളത്.

എയിംസ് സ്ഥാപിക്കാനായി 200 ഏക്കര്‍ ഭൂമി കൈമാറുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ തന്നെ അധിക ഭൂമി ഏറ്റെടുക്കാനുള്ള നടപടി ആരംഭിക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. റവന്യൂ വകുപ്പ് സ്ഥലത്തിന്റെ ലഭ്യത സംബന്ധിച്ച് വിശദമായ സ്‌കെച്ചും തയാറാക്കി നല്‍കിയിരുന്നു. വില്ലേജ് ഓഫിസുകളില്‍നിന്നും ആവശ്യമായ റിപ്പോര്‍ട്ടുകള്‍ നേരത്തെതന്നെ താലൂക്കു ഓഫിസിലേക്ക് സമര്‍പ്പിച്ചിട്ടുണ്ട്. കിനാലൂര്‍ വില്ലേജിലെ 20 ഏക്കര്‍ ഭൂമിയും കാന്തലാട് വില്ലേജില്‍നിന്ന് 20 ഏക്കര്‍ ഭൂമിയുമാണ് ഏറ്റെടുക്കുക. രണ്ടു വില്ലേജുകളിലുമായി 25 ഓളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവരുടെ സ്ഥലം ഏറ്റെടുക്കുമ്പോള്‍ മതിയായ നഷ്ടപരിഹാരമോ ബദല്‍ സംവിധാനമോ ഒരുക്കേണ്ടിവരും.

സ്ഥലം ഏറ്റെടുക്കുന്നതിനു മുന്നോടിയായി സാമൂഹികാഘാത പഠനം നടത്തേണ്ടതുണ്ട്. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥസംഘത്തെ നിയോഗിക്കേണ്ടിവരും. പഠനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സ്ഥലം അക്വയര്‍ ചെയ്യാന്‍ വേണ്ട നടപടി സ്വീകരിക്കുക. ജില്ലാ കലക്ടര്‍ക്കാണ് ചുമതല. കഴിഞ്ഞ നവംബര്‍ 20ന് സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോര്‍ജ് കിനാലൂരിലെ നിര്‍ദിഷ്ടസ്ഥലം സന്ദര്‍ശിച്ചിരുന്നു. മന്ത്രിയെ കണ്ട നാട്ടുകാര്‍ എയിംസ് സ്ഥാപിക്കാനായി ആവശ്യമായ സ്ഥലം വിട്ടുനല്‍കാന്‍ തയാറാണെന്നും അറിയിച്ചിരുന്നു.

എയിംസ് സ്ഥാപിക്കുകയാണെങ്കില്‍ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് ഉന്നത പഠന ഗവേഷണങ്ങള്‍ക്കും മികച്ച ചികിത്സ സൗകര്യം ലഭ്യമാക്കുന്നതിനും ഭാവിയിലെ വികസനവും കൂടി ലക്ഷ്യമിട്ടാണ് കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്നത്. 2025ഓടെ രാജ്യത്ത് 22 പുതിയ എയിംസ് ആശുപത്രികള്‍ പ്രവര്‍ത്തനമാരംഭിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ മറ്റു സംസ്ഥാനങ്ങളില്‍ പുതിയ എയിംസ് പ്രഖ്യാപനമുണ്ടെങ്കിലും ഏറെക്കാലമായി തുടരുന്ന മുറവിളിക്ക് ഇത്തവണയെങ്കിലും പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കേരളം.