കക്കയം-തലയാട് റോഡിലെ കുഴിയെണ്ണൂ, കുഴിമന്തി നേടൂ…


കൂരാച്ചുണ്ട്: റോഡിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെ വ്യത്യസ്ത പ്രതിഷേധ പരിപാടിയുമായി യൂത്ത് കോണ്‍ഗ്രസ്. കക്കയം-തലയാട് റോഡില്‍ ടാറിങ് പാടേ തകര്‍ന്നതിനാല്‍ യാത്ര ദുഷ്‌ക്കരമാണ്. ഈ സാഹചര്യത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചത്.

കക്കയം-തലയാട് റോഡില്‍ 28-ാം മൈല്‍ ബസ് സ്റ്റോപ്പ് മുതല്‍ മേലേ തലയാട് ബസ്സ്റ്റാന്‍ഡുവരെയുള്ള റോഡിലെ കുഴികള്‍ എണ്ണിത്തിട്ടപ്പെടുത്തി വാട്‌സാപ്പ് സന്ദേശമയക്കുക. ഇവരില്‍നിന്ന് വിജയികളെ കണ്ടെത്തി കുഴിമന്തി സമ്മാനമായി നല്‍കുന്നതാണ് പ്രതിഷേധപരിപാടി. മലബാറിലെ പ്രധാന വിനോദസഞ്ചാരമേഖലയായിട്ടും കക്കയത്തേയ്ക്കുള്ള റോഡുകളുടെ പരിതാപകരമായ അവസ്ഥയാണ് ഇത്തരമൊരു പ്രതിഷേധപരിപാടിക്ക് കാരണമെന്ന് യൂത്ത് കോണ്‍ഗ്രസ് ബാലുശ്ശേരി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി നിസാം കക്കയം പറഞ്ഞു.

താരതമ്യേന വീതികുറഞ്ഞ റോഡായതിനാല്‍ കെ.എസ്.ആര്‍.ടി.സി., സ്വകാര്യ ബസുകള്‍ വളരെ പണിപ്പെട്ടാണ് ഇതുവഴി കടന്നുപോകുന്നത്. അതോടൊപ്പം റോഡിലെ കുഴികളും യാത്ര ദുഷ്‌ക്കരമാക്കുന്നു.

കോവിഡ് നിയന്ത്രണമില്ലാത്തസമയത്ത് കക്കയം വൈദ്യുതോത്പാദനകേന്ദ്രം, ഉരക്കുഴി ഇക്കോ ടൂറിസം, ഹൈഡല്‍ ടൂറിസം, കരിയാത്തുംപാറ വിനോദസഞ്ചാരകേന്ദ്രം എന്നിവിടങ്ങളിലേക്ക് നിരവധി പേരാണ് ദിനംപ്രതി എത്തിച്ചേരാറുള്ളത്. സ്വകാര്യ വാഹനങ്ങളിലാണ് ഭൂരിപക്ഷം പേരും എത്തുന്നത്. ഇവര്‍ കടന്നുപോകുന്ന റാഡില്‍ ഇരുപത്തിയേഴാംമൈല്‍ ഭാഗത്ത് റോഡരികില്‍ അപകടകരമായ കുഴിയും രൂപംകൊണ്ടിട്ടുണ്ട്. ഇത് അപകടങ്ങള്‍ക്കിടയാക്കാന്‍ സാധ്യതയേറെയാണ്.