ബാലുശ്ശേരിയിലെ വീട്ടിൽ നിന്നും ഒരു കിലോയിലധികം കഞ്ചാവും ഒരു ലക്ഷത്തിലധികം രൂപയും പിടികൂടി; യുവാവ് അറസ്റ്റിൽ


ബാലുശ്ശേരി: ബാലുശ്ശേരി ഇയ്യാടെ വീട്ടിൽ നിന്നും ഒരു കിലോയിലധികം കഞ്ചാവും ഒരു ലക്ഷത്തിലധികം രൂപയും പിടികൂടി. ഒരു കിലോ അറുനൂറ്റി അൻപത് ഗ്രാം കഞ്ചാവും ഒരുലക്ഷത്തിഏഴായിരം രൂപയുമാണ് പിടികൂടിയത്. നരിക്കുനി മനയിൽ തൊടുകയ്യിൽ അബ്‌ദുൾഖാദറുടെ മകൻ മുഹമ്മദ് ഷാഫി(30 ) എന്ന യുവാവാണ് പിടിയിലായത്.

ഇയാൾ ഇയ്യാട് വാടകയ്ക്ക് താമസിക്കുന്ന നീലഞ്ചേരി എന്ന വീട്ടിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇന്ന് രാവിലെ പത്തു മണിയോടെയാണ് പ്രതിയെ പിടികൂടിയത്.

രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് ബാലുശ്ശേരി സബ് ഇൻസ്‌പെക്ടർ റഫീഖ് പി, സി.ഐ ഇൻചാർജ് രഞ്ജിത്ത് പി, എസ് ഐ സുരേഷ് ബാബു, എ.എസ്. ഐ മുഹമ്മദ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു.