ആഭരണങ്ങളും വെള്ളിക്കിരീടവും അണിഞ്ഞ് പരിചയും വാളും വീശി പരദേവത; നടയ്ക്കല്‍ ആനയും; ഭക്തിനിര്‍ഭരമായ കാഴ്ചയായി കീരരിയൂര്‍ എളമ്പിലാട്ട് ക്ഷേത്രത്തിലെ ആനപിടുത്തം


കൊയിലാണ്ടി: കീഴരിയൂര്‍ എളമ്പിലാട്ട് ക്ഷേത്രോത്സവത്തിന്റെ മുഖ്യ ചടങ്ങായ ആന പിടുത്തം ഭക്തജനങ്ങള്‍ക്ക് അവിസ്മരണീയ കാഴ്ചയായി. കീരന്‍ കുന്ന് പ്രദക്ഷിണം ചെയ്തുള്ള എഴുന്നള്ളത്ത് ക്ഷേത്രാങ്കണത്തിലെത്തിയ ശേഷം വിളക്കിനെഴുന്നള്ളിപ്പ് നടന്നു. തുടര്‍ന്ന് നടന്ന നട്ടത്തിറയിലാണ് പരദേവതയുടെ ആന പിടുത്ത ചടങ്ങ് നടന്നത്. മേളങ്ങള്‍ക്കൊത്ത്‌നൃത്തം ചെയ്ത് ആഭരണങ്ങളും വെള്ളിക്കിരീടവും അണിഞ്ഞ് പരിചയും വാളും വീശിയാണ് പരദേവത ആനയെ ആവശ്യപ്പെട്ടത്. അപ്പോഴേക്കും ആന ക്ഷേത്രപടി മുറ്റത്ത് എത്തിച്ചിരുന്നു. തുടര്‍ന്ന് ആനയുടെ കൊമ്പില്‍ പിടിച്ച് ക്ഷേത്രപടിക്കലെ തിരുമുമ്പില്‍ കൊണ്ടുവന്നു. അവിടെ വച്ച് ആനക്ക് നാളീകേരവും ശര്‍ക്കരയും നല്‍കി. ഒടുവില്‍ ആന പരദേവതക്ക് മുമ്പില്‍ തൊഴുതു കൊണ്ട് മടങ്ങി.

കോവിഡ് ഭയാശങ്കകള്‍ മറന്ന് ആന പിടുത്ത ചടങ്ങ് കാണാന്‍ ഇത്തവണ സ്ത്രീകളടക്കം ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രത്തിലെത്തിയത്. ഉത്സവത്തിന്റെ ഏറെ ആകര്‍ഷകമായ മറ്റൊരു ചടങ്ങാണ് പൂക്കലശമെഴുന്നള്ളത്ത്. മുളക്കമ്പില്‍ ചെമ്പക പൂക്കളും കുരുത്തോലയും കൊണ്ട് ഗോപുരാകൃതിയില്‍ നിര്‍മ്മിക്കുന്നതാണ് പൂക്കലശങ്ങള്‍. വ്രതാനുഷ്ഠാനങ്ങളോടെ നേര്‍ച്ച കെട്ടുന്ന പൂക്കലശക്കാരുടെ ചുവടുവെപ്പുകളും അതിനൊത്ത ചെണ്ടമേളങ്ങളും ആകര്‍ഷകമായി മാറി. രാത്രിയില്‍ മേളവിധ ഗ്ദന്‍ കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളത്തോടെ കുളിച്ചാറാട്ടെഴുന്നള്ളത്തും തുടര്‍ന്ന് നടന്ന വിളക്കോടെയും ഉത്സവം സമാപിച്ചു.

വീഡിയോ കാണാം: