‘ആകാശമായവളേ’ എഴുതിയപ്പോള്‍ ഏറെ അസ്വസ്ഥനായിരുന്നു, മാധ്യമപ്രവര്‍ത്തനം സിനിമയിലേക്കുള്ള പാലമായി; Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താ താരം പട്ടികയിലെ നിധീഷ് നടേരി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് മനസ് തുറക്കുന്നു


Sky ടൂർസ് & ട്രാവൽസ് കൊയിലാണ്ടിയും കൊയിലാണ്ടി ന്യൂസ് ഡോട് കോമും അവതരിപ്പിക്കുന്ന കൊയിലാണ്ടിയുടെ വാർത്താ താരം പരിപാടിയിലെ ആദ്യഘട്ട വോട്ടിങ്ങിൽ ഉൾപ്പെട്ട നിധീഷ് നടേരിയെ കുറിച്ച് പ്രത്യേകിച്ച് ഒരാമുഖത്തിന്റെ ആവശ്യമില്ല. മാധ്യമപ്രവർത്തകനായ നിധീഷ് ഗാനരചനയിലൂടെയാണ് പ്രശസ്തനാകുന്നത്. വെള്ളം, ക്യാപ്റ്റൻ എന്നീ ചിത്രങ്ങളിലെ നിധീഷ് രചിച്ച ഗാനങ്ങൾ മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. ക്യാപ്റ്റൻ എന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ് അസോസിയേറ്റുമായിരുന്നു അദ്ദേഹം.

നിധീഷ് നടേരി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് മനസ് തുറക്കുന്നു.

  • സംഗീതപശ്ചാത്തലമുള്ള കുടുംബത്തില്‍ വളര്‍ന്നതുകൊണ്ടുതന്നെ സ്വാഭാവികമായും ആ രംഗത്ത് നിധീഷിന് താല്‍പര്യമുണ്ടായി. എന്നാല്‍ സിനിമയെന്ന മോഹം മനസില്‍ രൂപപ്പെട്ടത് എപ്പോള്‍ മുതലാണ്? അതിനെക്കുറിച്ച് പറയാമോ?

സിനിമയില്‍ എഴുത്തിന്റെ മേഖലയില്‍ എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ഒരു കൊതിയുണ്ടായിരുന്നു. ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് എം.ടിയുടെയൊക്കെ സ്‌ക്രിപ്റ്റ് വായിക്കുമായിരുന്നു. അങ്ങനെ എപ്പോഴോ ആണ് അങ്ങനെ എഴുതി നോക്കണമെന്ന ആഗ്രഹം വരുന്നത്. എം.ടിയുടെ തന്നെ കഥയെടുത്ത് വെറുതെ സ്‌ക്രിപ്റ്റ് എഴുതി നോക്കുകയൊക്കെ ചെയ്തിരുന്നു അന്ന്.

നമുക്കൊക്കെ എത്തിപ്പെടാന്‍ പറ്റാത്ത മേഖലയാണ് ഇത് എന്ന ഒരു തിരിച്ചറിവുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഒരു ആഗ്രഹ പൂര്‍ത്തീകരണത്തിനുവേണ്ടി എഴുതി നോക്കുകയെന്നതായിരുന്ന നിലയിലായിരുന്നു എഴുത്ത് നടന്നത്.

പാട്ടെഴുത്ത് നേരത്തെ തന്നെയുണ്ടായിരുന്നു. പത്താംക്ലാസ് മുതലൊക്കെ ലളിതഗാനങ്ങള്‍ എഴുതി നോക്കുമായിരുന്നു. പിന്നീട് ഇളയച്ഛന്‍ കാവുംവട്ടം വാസുദേവന്‍, ആനന്ദ് കാവുംവട്ടം അതിന് സംഗീതം നല്‍കുകയും കലോത്സവവേദികളില്‍ ശിഷ്യന്മാരെക്കൊണ്ട് പാടിക്കുകയും ചെയ്തിരുന്നു. ഈ രീതിയില്‍ പഠിക്കുന്ന കാലത്തേ പാട്ടെഴുത്തില്‍ ചെറിയ രീതിയിലുള്ള പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. അപ്പോഴും സിനിമയില്‍ എത്തിപ്പെടാന്‍ പറ്റുമെന്നോ നമുക്ക് പറ്റിയ മേഖലയാണെന്നോ ഉള്ള ഉറപ്പില്ലാത്തതുകൊണ്ട് അങ്ങനെയൊരു സ്വപ്‌നമൊന്നും കണ്ടിട്ടില്ല.

ഗായകൻ പി.ജയചന്ദ്രനൊപ്പം നിധീഷ് നടേരി


ബി.എഡ് കഴിഞ്ഞശേഷം വയനാട്ടില്‍ ഒരു അണ്‍ എയ്ഡഡ് സ്‌കൂളില്‍ കുറച്ചുകാലം ജോലി ചെയ്തിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ ജേണലിസം കോഴ്‌സിലേക്ക് അപേക്ഷ വിളിക്കുന്നതും ഞാനതിന്റെ എന്‍ട്രന്‍സ് എഴുതി അവിടേക്ക് അഡ്മിഷന്‍ കിട്ടുന്നതും. ഇനിയൊരു കോഴ്‌സ് കൂടി ചെയ്യണമോയെന്ന സംശയമൊക്കെയുണ്ടായിരുന്നു. എന്നാല്‍ സിനിമയിലേക്ക് എത്താനുള്ള ഒരു ബ്രിഡ്ജ് എന്ന നിലയില്‍ അത്തരം ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയുമെന്ന ധാരണയിലാണ് ശരിക്കും ആ കോഴ്‌സ് ചെയ്യുന്നത്.

കോഴ്‌സിന്റെ ഇന്റേണ്‍ഷിപ്പ് സമയത്ത് മാധ്യമത്തില്‍ സബ് എഡിറ്റര്‍ ട്രെയിനിയായി കിട്ടുകയും ആ കാലമാണ് ശരിക്കും പറഞ്ഞാല്‍ ഒരുപാട് ബന്ധങ്ങള്‍ ഉണ്ടാക്കിത്തന്നതും. അവിടെ സിനിമാ സ്വപ്‌നങ്ങള്‍ പങ്കുവെക്കാന്‍ പറ്റുന്ന, കഥകള്‍ ചര്‍ച്ച ചെയ്യാന്‍ പറ്റുന്ന ഒരുപാടാളുകള്‍ ഉണ്ടായിരുന്നു. പ്രജേഷ് സെന്‍, സാമിര്‍ സലാം, രവിശങ്കര്‍, എന്‍.പി. സജീഷ് അങ്ങനെ ഒരുപാട് പേര്‍. അവിടെ നിന്നാണ് പ്രജേഷ് സെന്‍ ക്യാപ്റ്റന്‍ എന്ന സിനിമയെക്കുറിച്ചുള്ള സങ്കല്പവും കഥയുമൊക്കെ പറയുന്നത്. ഞാനും രവിശങ്കറും തൃശൂര്‍ മാധ്യമത്തില്‍ ജോലി ചെയ്യുന്ന സമയത്താണ് വേഗം എന്ന ചിത്രത്തിനുവേണ്ടിയുള്ള സ്‌ക്രിപ്റ്റ് എഴുതുന്നത്. പക്ഷേ ആ പ്രൊജക്ട് അവസാന ഘട്ടത്തില്‍ നടക്കാതെ പോയി. പിന്നീട് ആ സ്‌ക്രിപ്റ്റ് പത്മകുമാറിനു കൊടുത്തു. അദ്ദേഹം വളരെ നല്ല അഭിപ്രായമൊക്കെയാണ് പറഞ്ഞത്. അതുമായി അദ്ദേഹം മുന്നോട്ടുപോവുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നെ എന്തുകൊണ്ടോ അത് നടന്നില്ല.

പ്രജേഷ് സെന്നുമായുള്ള ബന്ധം കൊണ്ടാണ് ശരിക്കും ക്യാപ്റ്റന്‍ പ്രോജക്ടില്‍ വര്‍ക്കു ചെയ്യാനുള്ള അവസരം കിട്ടുന്നത്. സ്‌ക്രിപ്റ്റ് എഴുത്തില്‍ കൂടെ നില്‍ക്കാന്‍ പറ്റി. ഒരു പാട്ടെഴുതാനുള്ള അവസരവും ലഭിച്ചു. അങ്ങനെയാണ് ‘പാട്ടുപെട്ടിയില്‍…’ എന്ന ഗാനം പിറക്കുന്നത്.


‘ക്യാപ്റ്റനി’ലെ പാട്ടുപെട്ടിയിൽ’എന്ന ഗാനം


  • നിധീഷ് എഴുതിയ ഗാനങ്ങളില്‍ വ്യക്തിപരമായി ഏറെ ഇഷ്ടപ്പെട്ട, സംതൃപ്തി തോന്നിയ ഗാനത്തെക്കുറിച്ച് പറയാമോ?

ഒരു കലാസൃഷ്ടിയിലും സ്രഷ്ടാവിന് പൂര്‍ണമായ സംതൃപ്തിയെന്ന ഒന്ന് ഉണ്ടാവില്ലല്ലോ. ചലഞ്ചിങ്ങായ, ഇതുവരെ ചെയ്യാത്ത ചില മേഖലകള്‍ കിട്ടുമ്പോള്‍ നമുക്കൊരു ആനന്ദം കിട്ടില്ലേ, അങ്ങനെ തോന്നിയ പാട്ടാണ് വെള്ളത്തിലേത്. അതില്‍ കഥാപാത്രം ജീവിതത്തിന്റെ വല്ലാത്തൊരു അവസ്ഥയില്‍ നിന്നും അതിജീവിച്ച് തിരിച്ചുവരുമ്പോഴുള്ള പാട്ട്…. ‘ആഴിയാഴങ്ങള്‍ക്കുള്ളില്‍ തെന്നിത്തുഴയുമീ ജലകണം മേലെ വാനേറുംവാര്‍മേഘച്ചിറകിലോ ചേര്‍ന്നിടും’ എന്ന പാട്ട്. ഈ പാട്ട് ഇതുവരെ ചെയ്യാത്ത പുതിയൊരു സാഹചര്യം, കഥാപാത്രത്തിന്റെ ട്രാന്‍സ്ഫര്‍മേഷനുകളെല്ലാം അതില്‍ വരണമെന്നുള്ളത്, ആ പാട്ടിന്റെ ഫോര്‍മാറ്റ് എല്ലാം എന്നെ സംബന്ധിച്ച് രസകരമായി തോന്നി. ഇന്‍സ്പയേര്‍ഡ് ആക്കുന്ന ഒരു പാട്ട് എഴുതുകയെന്ന രീതിയിലൊക്കെ എനിക്കൊരു പുതുമയായിരുന്നു അത്. അതുകൊണ്ടായിരിക്കാം അത് എഴുതിക്കഴിഞ്ഞപ്പോള്‍ വലിയൊരു സന്തോഷം തോന്നിയിരുന്നു.

പിന്നെ ‘പുലരിയിലച്ഛന്റെ’ എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനാ ഗീതം. ഒരു പ്രയറിലേക്ക് അച്ഛനെയും അമ്മയെയും കൊണ്ടുവരണം, മാത്രമല്ല മുരളിയെന്ന കുട്ടിയുടെ വിഷമവും മാനസികാവസ്ഥയും അതില്‍ വരണം, എന്നാല്‍ ഒരു പ്രയര്‍ ആയി നില്‍ക്കുകയും വേണം എന്നൊരു ചാലഞ്ച് അതിലുണ്ടായിരുന്നു. ആ നിലയില്‍ ഈ രണ്ടുപാട്ടുകളും എഴുതിക്കഴിഞ്ഞപ്പോള്‍ കുറച്ചധികം സന്തോഷം തോന്നിയ പാട്ടുകളാണ്.

‘ആകാശമായവളേ’ എഴുതിയപ്പോള്‍ ഞാന്‍ ഏറെ അസ്വസ്ഥനായിരുന്നു. അത് ഏത് രീതിയില്‍ സ്വീകരിക്കപ്പെടുമെന്നോ എഴുതിയതില്‍ എന്തെങ്കിലും പോരായ്മകളുണ്ടെന്നോ ഒരു സാധാരണ പാട്ടിനപ്പുറത്തേക്ക് അത് എന്തെങ്കിലും ആകുമെന്നോ ഒന്നും അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ ആ പാട്ട് എഴുതിക്കഴിഞ്ഞപ്പോള്‍ ഞാനൊട്ടും തൃപ്തനല്ലായിരുന്നു.

നടൻ ജയസൂര്യയ്ക്കൊപ്പം നിധീഷ് നടേരി


  • സംവിധായകന്‍ പ്രജേഷ് സെന്നുമായുള്ള സൗഹൃദമാണ് ചലച്ചിത്ര ഗാനരചയിതാവ് എന്ന നിലയിലേക്ക് നിധീഷിനെ എത്തിക്കുന്നത്. സിനിമയോടുള്ള താല്‍പര്യമായിരുന്നോ നിങ്ങളെ തമ്മിലടുപ്പിച്ചത്?

മാധ്യമത്തില്‍ നിന്നുലഭിച്ച വലിയ ആത്മ സൗഹൃദങ്ങളിലൊന്നാണ് പ്രജേഷ് സെന്‍. ആ സമയത്തുതന്നെ ഒരുപാട് സിനിമകളുടെ കഥകള്‍ എഴുതി സിനിമയെ അത്രമേല്‍ മോഹിച്ച് മുന്നോട്ടുകൊണ്ടുപോകുന്ന ഒരാളായിരുന്നു പ്രജേഷ്. അദ്ദേഹത്തിന്റെ കഥകളൊക്കെ കേള്‍ക്കാനും ചര്‍ച്ചകളുടെ ഭാഗമാകാനുമൊക്കെയുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. ക്യാപ്റ്റന് മുമ്പ് മറ്റൊരു ചിത്രം, ഒരു ഹ്യൂമര്‍ സബ്ജക്ട് ഞങ്ങള്‍ ആലോചിച്ചിരുന്നു. ഞങ്ങള്‍ ഒരുമിച്ചിരുന്ന് എഴുതി പൂര്‍ത്തിയാക്കിയിരുന്നു. പക്ഷേ അത് പ്രൊജക്ട് ആയില്ല. ക്യാപ്റ്റനാണ് ആദ്യത്തെ പ്രൊജക്ട് ആയി വരുന്നത്. ശരിക്കും പറഞ്ഞാല്‍ ആ സൗഹൃദം തന്നെയാണ് സിനിമയില്‍ എത്തിച്ചത്.

  • നിധീഷ് ജനിച്ചതും വളര്‍ന്നതുമെല്ലാം കൊയിലാണ്ടിയിലാണല്ലോ. അവിടുത്തെ ഒരു സാംസ്‌കാരിക പശ്ചാത്തലം നിതീഷിലെ കലാകാരനെ രൂപപ്പെടുത്തുന്നതില്‍ എത്രത്തോളം പങ്കുവഹിച്ചിട്ടുണ്ട്?

ഞാന്‍ മനസിലാക്കിയിടത്തോളം കൊയിലാണ്ടി പ്രദേശം, അത്രമേല്‍ കലാപരമായി കഴിവുള്ള ഒരുപാട് ആളുകള്‍ വന്നുപോയ സ്ഥലമാണ്. പ്രഗത്ഭരായ ഒരുപാട് മനുഷ്യര്‍ ജീവിച്ചിരുന്നതും ജീവിച്ചുകൊണ്ടിരിക്കുന്നതുമായ നാട് തന്നെയാണിത്. കലാപരമായ ഒരുപാട് മുന്നേറ്റങ്ങള്‍ക്ക് വേദിയായ പ്രദേശമാമിത്. എന്റെ കുട്ടിക്കാലത്തൊക്കെ നാട്ടില്‍ വളരെ സജീവമായ കലാസമിതികളൊക്കെ കണ്ടിട്ടുണ്ട്. അതിന്റെ ഭാഗമായി ഉണ്ടായ ഒരു ശീലമുണ്ട്, കലാകാരന്മാരെ സ്‌നേഹിക്കുകയും അംഗീകരിക്കുകയും അവരുടെ സൃഷ്ടിക്കളെ ആസ്വദിക്കുകയുമൊക്കെ ചെയ്യുന്ന ശീലം. കലാസമിതികളുടെ പരിപാടികള്‍ കാണാനും ആസ്വദിക്കാനും എങ്ങനെയാണവര്‍ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നത് എന്നൊക്കെ കുട്ടിക്കാലം മുതല്‍ കണ്ടറിയാനും ഉള്ള ഒരു അവസരം ഉണ്ടായിട്ടുണ്ട്. തീര്‍ച്ചയായും അത് കൊയിലാണ്ടി പ്രദേശത്തുള്ള കലാസാംസ്‌കാരിക ഭൂമികയുടെ ഒരു പ്രത്യേകത തന്നെയായിരിക്കും.

  • ഗാനരചയിതാവ് എന്ന നിലയില്‍ നിതീഷിനെ അടയാളപ്പെടുത്തിയ പാട്ടാണ് വെള്ളത്തിലെ ‘ആകാശമായവളേ..’ ആ പാട്ടിന്റെ പിറവിയെക്കുറിച്ച് പറയാമോ?

വെള്ളം എന്ന ചിത്രത്തിനുവേണ്ടി ആദ്യം എഴുതിയ പാട്ടാണ് ‘ആകാശമായവളേ’ . വെള്ളത്തിന്റെ പ്രോജക്ട് തുടങ്ങിയപ്പോള്‍ കഥ പറയാന്‍ വേണ്ടി പ്രജേഷ് സെന്‍ കോഴിക്കോട്ടുവന്നു. ഞങ്ങള്‍ കോഴിക്കോട് ബീച്ചില്‍ ഒരു തട്ടുകടയില്‍ ഇരുന്ന് വെള്ളത്തിന്റെ കഥ പറയുന്നു. മുരളിയേട്ടന്റെ ജീവിതത്തിലെ വളരെ വൈകാരികമായ സാഹചര്യത്തിലാണ് ഈ പാട്ടുവരുന്നത്.


‘വെള്ള’ത്തിലെ ആകാശമായവളേ എന്ന ഗാനം


അദ്ദേഹം ഡീ അഡിക്ഷന്‍ സെന്ററില്‍ നില്‍ക്കുന്നു. ഭാര്യ തന്നില്‍ നിന്ന് അകന്നുപോകുന്നു. ജീവിതത്തില്‍ അദ്ദേഹം ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുള്ള സ്ത്രീയാണ്. അവരെ തിരിച്ചറിയാന്‍ അദ്ദേഹത്തിന് പറ്റിയില്ലല്ലോ എന്ന കുറ്റബോധം വരുന്നുണ്ട്. ഇതെല്ലാം ആ പാട്ടില്‍ കൊണ്ടുവരണം. അന്ന്, ആ ഡീ അഡിക്ഷന്‍ സെന്ററിലെ മറ്റൊരാള്‍ പാടുന്ന പാട്ടായാണ് ഞങ്ങള്‍ അത് പ്ലാന്‍ ചെയ്തിരുന്നത്. അത് മുരളിയ്ക്ക് തന്റെ പാട്ടായി തോന്നുന്നു എന്ന രീതിയിലായിരുന്നു ഉദ്ദേശിച്ചത്. പ്രജേഷ് സെന്നിന് ഒരു നിര്‍ബന്ധമുണ്ടായിരുന്നു, അത് സാധാരണക്കാരനായ ഒരാള്‍ പാടുന്ന പാട്ടാണ്, അതുകൊണ്ടുതന്നെ അത് സാധാരണക്കാരന്റെ മനസിലേക്ക് എളുപ്പത്തില്‍ ഇറങ്ങിപ്പോകുന്ന രീതിയിലുള്ള പദങ്ങളുള്ള പാട്ടായിരിക്കണം. പക്ഷേ, അതില്‍ തീവ്രമായിട്ടുള്ള വേദന നഷ്ടബോധം ഉണ്ടാവുകയും വേണം. ഇതായിരുന്നു എന്റെ ടാസ്‌ക്.

ആദ്യത്തെ നാലുവരി കഥ കേട്ടദിവസം വെറുതേ ഡയറിയില്‍ എഴുതിയ വരികളായിരുന്നു. പിന്നീട് ബിജിയേട്ടന്‍ സ്റ്റുഡിയോയില്‍ നിന്നാണ് കുറച്ചുവരികളെഴുതുന്നത്. തിരിച്ച് വീട്ടിലെത്തിയാണ് അത് പൂര്‍ത്തിയാക്കുന്നത്. ആ പാട്ട് ബിജിയേട്ടന്‍ അന്ന് മൂളി കേട്ടപ്പോള്‍ തന്നെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. എവിടെയൊക്കെയോ മനസിലേക്ക് ഇറങ്ങിപ്പോകും പോലെ തോന്നിയിരുന്നു. അത് വലിയ രീതിയില്‍ സ്വീകരിക്കപ്പെടുമെന്നോ ഒരുപാട് ആളുകളിലേക്ക് എത്തുമെന്നോ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ, പാട്ട് ഇറങ്ങിയ ആ ദിവസം തന്നെ അത് സ്വീകരിക്കപ്പെടുന്നതിന്റെ സൂചകള്‍ കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നി.

  • തിരക്കഥാ രചനയില്‍ വലിയ താല്‍പര്യമുള്ളയാളാണ് നിതീഷ്. ക്യാപ്റ്റന്റെ സ്‌ക്രിപ്റ്റ് അസോസിയേറ്റ് ആയിരുന്നു. വേഗം എന്ന പേരില്‍ ഒരു തിരക്കഥ രചിച്ചിട്ടുമുണ്ട്. നിധീഷിന്റെ തിരക്കഥയില്‍ ഒരു സിനിമ എപ്പോള്‍ പ്രതീക്ഷിക്കാം? വേഗത്തിന് എന്താണ് സംഭവിച്ചത്?

ശരിക്കു പറഞ്ഞാല്‍ ‘വേഗം’ ഞങ്ങളുടെ എഴുത്ത് പരീക്ഷണമായിരുന്നു. എഴുതുതന്നതെല്ലാം വര്‍ക്കായി കൊള്ളണമെന്നില്ല. അങ്ങനെ വര്‍ക്കായി വരാത്തതെല്ലാം എഴുത്ത് പരിശീലനത്തില്‍ കൂട്ടിയാല്‍ മതിയെന്ന് രവി ശങ്കര്‍ പറയാറുണ്ട്. ആവേശം കൊണ്ടുള്ള ആദ്യത്തെ എഴുത്തായിരുന്നു അത്.


നിധീഷ് നടേരിയെ കൊയിലാണ്ടിയുടെ വാർത്താ താരമായി തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്ത് ഉടൻ വോട്ട് ചെയ്യൂ….