അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസ്; നടന്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം


കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി.

ഇന്ന് രാവിലെ പത്തരയോടെയാണ് കോടതി ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച്‌ ഉത്തരവിട്ടത്. ദിലീപിന് പുറമേ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടിഎൻ സുരാജ്, ബന്ധു അപ്പു, സുഹൃത്തുക്കളായ ബൈജു ചെങ്ങമനാട്, ശരത് എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.

പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന പ്രോസിക്യുഷൻറെ വാദം തള്ളിയാണ് കോടതിയുടെ ഉത്തരവ്. തന്നെ കുടുക്കാൻ ഉദ്യോഗസ്ഥരാണ് ഗൂഢാലോചന നടത്തിയതെന്നും തന്റെ പേരിലുള്ള ശബ്ദരേഖ മിമിക്രി ആണെന്നുമായിരുന്നു ദിലീപിന്റെ അഭിഭാഷകൻ വാദിച്ചത്.

ഇന്ന് രാവിലെ വിധി വരുന്നതിന് മുന്‍പേ തന്നെ ദിലീപിന്റെ ആലുവയിലെ വീടിന് മുന്നിലും സഹോദരന്റെ വീടിന് മുന്നിലും ക്രൈംബ്രാഞ്ച് സംഘം എത്തിയിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാലുടൻ ദിലീപിനെ കസ്റ്റഡിയിലെടുക്കാനായിരുന്നു പദ്ധതി.

ബാലചന്ദ്രകുമാറിന്‍റെ ആവശ്യങ്ങള്‍ നിരസിച്ചതിലുളള വൈരാഗ്യമാണ് തനിക്കെതിരായ വധഗൂഡാലോചനാക്കേസിന് കാരണമെന്നാണ് ദിലീപിന്‍റെ വാദം. ഉദ്യോ​ഗസ്ഥരെ വധിക്കണമെന്ന് ദിലീപും സഹോദരന്‍ അനൂപും പറയുന്ന ഓഡിയോ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാ‍ര്‍ പുറത്തു വിട്ടതിന് പിന്നാലെ ബാലചന്ദ്രകുമാറിന്‍റെ ഓ‍ഡിയോ സന്ദേശം ഇന്നലെ പുറത്തു വന്നത്. തന്‍റെ 19 ലക്ഷം രൂപ കടം വീട്ടാന്‍ ദിലീപിടപെടണമെന്നാവശ്യപ്പെട്ടയച്ച ശബ്ദരേഖയാണ് പ്രതിഭാഗം കോടതിയില്‍ ഹാജരാക്കിയത്.

ദിലീപിന്‍റേയും കൂട്ടുപ്രതികളുടെയും ശബ്ദ പരിശോധന ചൊവ്വാഴ്ചയോ ബുധനാഴ്ചയോ നടത്തും.