നടന്‍ സിദ്ധിഖിന് ഉപാധികളോടെ മുന്‍കൂര്‍ജാമ്യം അനുവദിച്ച് സുപ്രീംകോടതി


ഡല്‍ഹി: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യം. സുപ്രിംകോടതിയാണ് ജാമ്യം അനുവദിച്ചത്. ഹൈക്കോടതി ജാമ്യം തള്ളിയതിന് പിന്നാലെയാണ് സിദ്ദീഖ് സുപ്രിം കോടതിയെ സമീപിച്ചത്. സിദ്ദീഖിനു വേണ്ടി ഹാജരായ അഭിഭാഷകനായ മുഗുല്‍ റോഹ്ത്താക്കി പരാതി നല്‍കാന്‍ വൈകിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി.

പീഢനക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ഒളിവില്‍ കഴിയുന്നതിനിടെയാണ് സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ട് കോടതി ഉത്തരവുണ്ടാകുന്നത്. രണ്ട് ആഴ്ചത്തേക്കാണ് അറസ്റ്റ് തടഞ്ഞത്. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കും.

മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെതിരെ മൂന്ന് തടസവാദ ഹരജികളും സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്തിരുന്നു. തനിക്ക് 67 വയസായെന്നും അത് പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നും സിദ്ദീഖ് കോടതിയില്‍ വാദിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്നും നടന്‍ അറിയിച്ചു.

സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിനെ അതിജീവത എതിര്‍ത്തു. അമ്മ സംഘടനയുടെ ശക്തനായ നേതാവാണ് സിദ്ദീഖ് എന്ന് അതിജീവിതയുടെ അഭിഭാഷക ഐശ്വര്യ ഭാട്ടി അറിയിച്ചു. പക്ഷെ പരാതി നല്‍കാന്‍ കാലതാമസം ഉണ്ടായെന്ന വാദം കോടതി കണക്കിലെടുക്കുകയായിരുന്നു. വിചാരണ കോടതി വയ്ക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് അറസ്റ്റ് തടഞ്ഞത്.