വേദിയില്‍ നിറഞ്ഞാടി അച്ഛനും മക്കളും; കാണികളുടെ കണ്ണും മനസും നിറച്ച് ചേലിയ കഥകളി വിദ്യാലയത്തിലെ കഥകളിയരങ്ങ്


കൊയിലാണ്ടി: നൂറ് കണക്കിന് ആസ്വാദകര്‍…നിറഞ്ഞ കൈയ്യടി…നവരാത്രി രാവില്‍ കാണികളുടെ മനസ് നിറച്ച് ചേലിയ കഥകളി വിദ്യാലയത്തിലെ കഥകളിയരങ്ങ്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള കഥകളി കാണാനായി ഇന്നലെ
അഞ്ച് മണിയോടെ തന്നെ ആളുകള്‍ വിദ്യാലയത്തിലേക്ക് എത്തിയിരുന്നു. 6.30ന് പരിപാടി തുടങ്ങുമ്പോഴേക്കും സദസ് നിറഞ്ഞ് കവിഞ്ഞു.

കുചേലവൃത്തം കഥകളി ആയിരുന്നു ഇന്നലെ. പരിപാടി തുടങ്ങി പകുതിയായപ്പോഴാണ് വേദിയിലുള്ള അഭിനേതാക്കളെക്കുറിച്ച് കാണികള്‍ അറിഞ്ഞത്. അച്ഛനും മക്കളുമായിരുന്നു വേദിയില്‍ നിറഞ്ഞാടിയത്. കുചേലനായി കലാമണ്ഡലം പ്രേംകുമാറും കൃഷ്ണനായി മകൾ ആർദ്രയുമാണ് വേദി കീഴടക്കിയത്. ഒപ്പം കുമാരി നന്ദിനി രുഗ്മണിയായി വേഷമിട്ടപ്പോള്‍ നന്ദിനിയുടെ അച്ഛന്‍ കലാമണ്ഡലം ശിവദാസ് ആണ് ചെണ്ടയില്‍ താളമിട്ടത്. ഇവര്‍ക്കൊപ്പം കോട്ടുക്കൽ ശബരീഷ് മദ്ദളത്തില്‍ പക്കമേളമൊരുക്കി. കലാമണ്ഡലം അനിൽ രവി, മാസ്റ്റർ അശ്വന്ത് എന്നിവർ പാട്ടിലും ലിജീഷ് പൂക്കാട് ചുട്ടിയിലും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.

അച്ഛനും മക്കളുമാണ് വേദിയില്‍ നിറഞ്ഞാടുന്നത് എന്നറിഞ്ഞപ്പോള്‍ കാണികള്‍ക്കും ആശ്ചര്യമായി. രാത്രി 9.മണിക്ക്‌ കുലേചവൃത്തം അവസാനിക്കുമ്പോള്‍ സദസില്‍ നൂറ് കണക്കിന് പേരായിരുന്നു കാണികളായി ഉണ്ടായിരുന്നത്. ചേലിയ കഥകളി വിദ്യാലയത്തിന്റെ പ്രിന്‍സിപ്പാള്‍ ആണ് കലാമണ്ഡലം പ്രേംകുമാര്‍. വിദ്യാലയത്തിലെ ചെണ്ട അധ്യാപകനാണ് കലാമണ്ഡലം ശിവദാസ്‌.

കൊയിലാണ്ടി നഗരസഭാ ടൗണ്‍ ഹാളില്‍ ഇന്ന് വൈകിട്ട് 3മണി മുതലാണ്‌ കഥകളി വിദ്യാലയത്തിലെ നവരാത്രി ആഘോഷങ്ങളുടെ സമാപന പരിപാടികള്‍ നടക്കുക. കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാക്കളായ ഡോക്ടര്‍ എം.ആര്‍.രാഘവവാരിയര്‍, കവി കല്പറ്റ നാരായണന്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് നൃത്ത, വാദ്യ, സംഗീത വിദ്യാര്‍ത്ഥികളുടെ ആദ്യാവതരണങ്ങള്‍ അരങ്ങേറും.

Description: Kathakaliyarang at Chelia Kathakali Vidyalayam