ജീവനക്കാര്‍ രണ്ടും കല്‍പ്പിച്ചിറങ്ങി, പാഴ് വസ്തുക്കളും, പുല്ലുമെല്ലാം നിമിഷനേരംകൊണ്ട് എത്തേണ്ടിടത്തെത്തി; രണ്ടു മണിക്കൂറിനുള്ളില്‍ കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷന്‍ ക്ലീന്‍


കൊയിലാണ്ടി: മേപ്പറുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും പുല്ലുകളും നിറഞ്ഞിരുന്ന കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷന്‍ വെറും രണ്ട് മണിക്കൂര്‍ കൊണ്ട് ക്ലീന്‍ ആയി. മുന്നിട്ടിറങ്ങിയതാകട്ടെ ഇവിടുത്തെ ജീവനക്കാരും. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായാണ് കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷനില്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തിയത്. വൈകുന്നേരം മൂന്നു മണി മുതല്‍ തുടങ്ങിയ ശുചീകരണത്തില്‍ ‘ മുഴുവന്‍ ജീവനക്കാരും പങ്കെടുത്തു.

മിനി സിവില്‍ സ്റ്റേഷനിലെ 13 ഓളം ഓഫീസുകളിലെ ഉപയോഗശൂന്യമായ പേപ്പറുകള്‍, പ്ലാസ്റ്റിക് കവറുകള്‍, തെര്‍മോക്കോള്‍ എന്നിവ നീക്കംചെയ്ത് നഗരസഭ എംസിഎഫിലേക്ക് മാറ്റി. മിനി സിവില്‍ സ്റ്റേഷനിലെ പൊട്ടിപ്പൊളിഞ്ഞ ഫര്‍ണിച്ചറുകള്‍ അടുക്കി വെക്കുകയും ചെയ്തു. കോമ്പൗണ്ടിലെ പുല്ല് ചെത്തി മനോഹരമാക്കുകയും ചെയ്തു.

ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നത് ഉറപ്പാക്കുന്നതിനും അജൈവ മാലിന്യങ്ങള്‍ ഹരിതകര്‍മ്മ സേനക്ക് കൈമാറുന്നത് കാര്യക്ഷമമായി നടത്തുന്നതിനും ജീവനക്കാര്‍ക്ക് ചുമതലയും നല്‍കി. മിനി സിവില്‍ സ്റ്റേഷന്‍ ജീവനക്കാരുടെ സഹകരണത്തോടെ പരിസരം ചെടികള്‍ വച്ച് മനോഹരമാക്കുമെന്നും ജൈവ പച്ചക്കറി കൃഷി ആരംഭിക്കുമെന്നും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച് മാത്രമേ യോഗങ്ങള്‍ നടത്തുകയുള്ളൂ എന്നും തഹസില്‍ദാര്‍ പറഞ്ഞു

ശുചീകരണ പ്രവൃത്തികള്‍ക്ക് തഹസില്‍ദാര്‍ ജയശ്രീ എസ്.വാര്യര്‍, നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ ടി.കെ.സതീഷ് കുമാര്‍, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.റിഷാദ്, സുബൈര്‍.സി തഹസില്‍ദാര്‍ ഭൂരേഖ, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ഇ.എം.ബിജു, ബബിത.ബി, ഹരിപ്രസാദ് കെ.കെ, മിനി.എ, മനു ആറാട്ട് പറമ്പില്‍, സുനന്ദ പി.ടി, ഉഷ.കെ.വി, ഷാജി.എം, മൊയ്തീന്‍.സി.കെ, അസിസ്റ്റന്റ് എക്ല്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മൈനര്‍ ഇറിഗേഷന്‍ സബ് ഡിവിഷന്‍ കൊയിലാണ്ടി ഹാബി, ടൗണ്‍ എംപ്ലോയിമെന്റ് ഓഫീസര്‍ സുരേഷ് ബാബു.കെ.പി, അസിസ്റ്റന്റ് എക്ല്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ PWD ബില്‍ഡിംഗ്ങ്ങ് ബിനീഷ്.കെ.കെ, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ PWD റോഡ്‌സ് മിഥുന്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ നന്ദിത.വി.പി, തഹസില്‍ദാര്‍ LA ജനറല്‍ കല ഭാസ്‌ക്കര്‍ തുടങ്ങിയവര്‍ പങ്കാളികളായി.