പേരാമ്പ്രയില്‍ വീടിനോട് ചേര്‍ന്നുള്ള തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു; രണ്ടായിരത്തോളം തേങ്ങ കത്തിനശിച്ചു


പേരാമ്പ്ര: പേരാമ്പ്രയില്‍ വീടിനോട് ചേര്‍ന്നുള്ള തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു. ഇന്നലെ വൈകീട്ട് മൂന്ന മണിയോടെയാണ് സംഭവം. ചെമ്പനോട കുറത്തിപ്പാറയില്‍ സേവ്യര്‍ കാര്യാവില്‍ എന്നയാളുടെ വീടിനടുത്തുള്ള തേങ്ങാകൂടയ്ക്കാണ് തീപിടിച്ചത്.
തീപിടുത്തത്തില്‍ രണ്ടായിരത്തോളം തേങ്ങയും തേങ്ങാക്കൂട് ഭാഗികമായും കത്തി നശിച്ചു.

തീപടരുന്നത് കണ്ട പ്രദേശവാസികള്‍ സമയോചിതമായി ഇടപെട്ട് തീ അണച്ചതിനാലാണ് വലിയ അപകടം ഒഴിവായത്. വീടിന്റെ പിന്‍ഭാഗത്തോട് ചേര്‍ന്നായിരുന്നു തേങ്ങാക്കുട ഉണ്ടായിരുന്നത്. 6000 തേങ്ങയും അടക്കയും തേങ്ങാക്കൂടയില്‍ ഉണ്ടായിരുന്നതായി ഉടമസ്ഥന്‍ പറഞ്ഞു.

വിവരം അറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്രയില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി റഫീക്കിന്റെ നേതൃത്വത്തില്‍ അഗ്‌നിരക്ഷാസേനയും പെരുവണ്ണാമുഴി പോലീസും സ്ഥലത്തെത്തിയിരുന്നു.