കുറ്റ്യാടിയിൽ തെരുവുനായ ആക്രമണം; വിദ്യാർത്ഥിയുൾപ്പെടെ ആറ്പേർക്ക് കടിയേറ്റു
കുറ്റ്യാടി: കുറ്റ്യാടിയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ആക്രമണത്തില്‍ വിദ്യാർത്ഥി ഉള്‍പ്പെടെ ആറുപേർക്ക് പരിക്കേറ്റു. കുറ്റ്യാടി ഊരത്ത്, മാവുള്ള ചാല്, കുളങ്ങര താഴ ഭാഗങ്ങളിലാണ് തെരുവുനായ ആക്രമണം നടന്നത്. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം.
പരിക്കേറ്റവരില്‍ ചെറുവിലങ്ങില്‍ പപ്പൻ (65), ഭാര്യ ലീല (60) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും കല്ലാച്ചി ഇയ്യംങ്കോട്ട് കാപ്പാരോട്ടുമ്മല് സിജിന (34), പുത്തൻപുരയില്സൗമ്യ (37), മാക്കൂല്‍ അഹിലാമിയ(6), വെള്ളരി ചാലില്‍ പോക്കർ (70) എന്നിവരെ കുറ്റ്യാടി ഗവ. ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വടകര ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കടിച്ചതെന്ന് സംശയിക്കുന്ന ഒരു നായയെ നാട്ടുകാർ വളയന്നൂരില്‍ നിന്നും പിടികൂടി. നായകള്‍ക്ക് പേ ഇളകിയതാണോ എന്ന് സംശയിക്കുന്നു. കൂടുതല്‍ നായകള്‍ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പ്രദേശത്ത് തെരുവ്നായകളുടെ ശല്യം രൂക്ഷമാണ്. അധികൃതർ സത്വര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Summary: Street dog attack in Kuttiyadi; Six people, including a student, were bitten