കോഴിക്കോട് ബീച്ചില്‍ പതിനാറുകാരനുനേരെ ലൈംഗികാതിക്രമം, എതിര്‍ത്തപ്പോള്‍ കടലില്‍ മുക്കിക്കൊല്ലാന്‍ ശ്രമം; ക്വട്ടേഷന്‍ തലവനും കൂട്ടാളികളും അറസ്റ്റില്‍


കോഴിക്കോട്: പാലക്കാട്ടുനിന്ന് സുഹൃത്തുക്കളോടൊപ്പം ബീച്ചിലെത്തിയ പതിനാറുകാരനുനേരെ ലൈംഗികാതിക്രമം നടത്തിയ ക്വട്ടേഷന്‍ തലവനും കൂട്ടാളികളും അറസ്റ്റില്‍. ക്വട്ടേഷന്‍ തലവന്‍ പന്നിയങ്കര സ്വദേശി നൈനൂക്ക് (40), കൂട്ടാളികളായ നിഷാദ് അലി (35), സാജര്‍ (35), ജാസിം (35) എന്നിവരെയാണ് പിടിയിലായത്.

കോഴിക്കോട്ടെ വിദ്യാഭ്യാസസ്ഥാപനത്തില്‍ പഠിക്കുന്ന കുട്ടി സുഹൃത്തുക്കളോടൊപ്പം ബുധനാഴ്ച പുലര്‍ച്ചെ കോഴിക്കോട് ബീച്ചില്‍ കളിക്കുകയായിരുന്നു. ഇതിനിടെ കുട്ടിയെ നൈനൂക്ക് ലൈംഗികമായി അതിക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച മറ്റുകുട്ടികളെ നൈനൂക്കും നിഷാദ് അലിയും കടലില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചുവെന്നും ടൗണ്‍ പോലീസ് പറഞ്ഞു.

നൈനൂക്കിനെ പിടികൂടാനായി പോലീസ് പന്നിയങ്കരയിലെത്തിയപ്പോള്‍ ഗ്യാസ്സിലിന്‍ഡര്‍ തുറന്നുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വാതില്‍ ചവിട്ടിത്തുറന്ന് പ്രതിയെയും കൂട്ടാളികളെയും സാഹസികമായാണ് പോലീസ് കീഴ്പ്പെടുത്തിയത്. പോലീസ് വാഹനവും അക്രമികള്‍ അടിച്ചുതകര്‍ത്തു. പോലീസിനെ ആക്രമിച്ച കേസിലാണ് സാജര്‍, ജാസിം എന്നിവരെ അറസ്റ്റുചെയ്തത്.

ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ബൈജു കെ ജോസിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ സുഭാഷ് ചന്ദ്രന്‍, ജിബിന്‍ ജെ ഫ്രഡി, മുഹമ്മദ് സിയാദ്, പന്നിയങ്കര എസ്.ഐ കിരണ്‍, മനോജ് എടയടത്ത്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സജേഷ് കുമാര്‍, ബിനില്‍കുമാര്‍, ബഷീര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുജിത്ത്, സി.കെ. പ്രവീണ്‍കുമാര്‍, ജിതിന്‍, ബിനുരാജ് എന്നിവരും പ്രതികളെ അറസ്റ്റു ചെയ്ത സംഘത്തില്‍ ഉണ്ടായിരുന്നു. പരിക്കേറ്റ പോലീസുകാരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.