‘മഴ ഇന്നലത്തേതിലും ശക്തമായി പെയ്യുകയാണ്, നാല്പത്തിയെട്ടു മണിക്കൂർ കഴിഞ്ഞിട്ടും കണ്ടെത്താനായിട്ടില്ല, രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു; പതങ്കയത്ത് ഒഴുക്കിൽപ്പെട്ടു കാണാതായ പതിനേഴുകാരനായി തിരച്ചിൽ നടത്തുന്ന എൻ.ഡി.ആർ.എഫ് സംഘാംഗം കൊയിലാണ്ടി സ്വദേശി വൈശാഖ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട്


കോടഞ്ചേരി: രണ്ടു ദിവസങ്ങൾ പിന്നിടുമ്പോഴും പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായുള്ള തിരച്ചിൽ തുടരുന്നു. ഈസ്റ്റ് മലയമ്മ പൂലോത്ത് നിസാറിന്റെ മകൻ ഹുസ്നി മുബാറക് ആണ് ഒഴുക്കിൽപ്പെട്ടത്. പ്രതികൂല കാലാവസ്ഥയും പുഴയിൽ വെള്ളം കൂടിയതും മൂലം തിരച്ചിൽ നിരവധി തവണ തടസ്സപെട്ടു.

ഇവിടെ കനത്ത മഴ തുടരുകയാണ്, അടിയൊഴുക്ക് ശക്തമാണ്, അതിനാൽ തന്നെ തിരച്ചിൽ ഏറെ ദുഷ്കരമായിരിക്കുകയാണെന്ന് തിരച്ചിൽ നടത്തുന്ന എൻ.ഡി.ആർ.എഫ് സംഘത്തിലെ ഉദ്യോഗസ്ഥൻ വൈശാഖ് കെ ദാസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. കൊയിലാണ്ടി പുളിയഞ്ചേരി സ്വദേശിയാണ് കേളോത്ത് വൈശാഖ്.

‘ഇന്നലത്തേതിലും കനത്ത മഴ ആണ് ഇന്ന്, അടിയൊഴുക്ക് ശക്തമായതോടെ തിരച്ചിൽ ഏറെ പ്രയാസകരമായിരിക്കുകയാണ്. ചുറ്റും പാറ ഉള്ളതിനാൽ ബോട്ട് ഉപയോഗിച്ച് അതിന്റെ ഉള്ളിലേക്കിറങ്ങി രക്ഷാപ്രവർത്തനം സാധ്യമല്ല. അരികുകളിൽ നിന്നുള്ള രക്ഷ പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. പോലീസ്, ഫയർ ഫോഴ്സ്, സ്കൂബ, സന്നദ്ധ പ്രവർത്തകർ തുടങ്ങി എല്ലാവരും ഇവിടെ ശ്രമം തുടരുകയാണ്’. അദ്ദേഹം കൂട്ടിച്ചേർത്തു.

എൻ.ഡി.ആർ.എഫ്ന്റെ പത്തൊൻപത് അംഗ സംഘമാണ് ഇവിടെ തിരച്ചിൽ നടത്തുന്നത്. മഴ കാലം ആരംഭിച്ചതോടെ റെസ്ക്യൂ ടീം ആയി കോഴിക്കോട് ജില്ലയിൽ ഒന്നര മാസമായി ക്യാമ്പടിച്ചിരിക്കുകയാണ് ഇവർ.

കൂട്ടുകാർക്കൊപ്പം കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടം കാണാനെത്തിയ ഹുസ്നി തിങ്കളാഴ്ച വൈകിട്ടാണ് ഒഴുക്കിൽപ്പെട്ടത്. മഴയെ തുടർന്ന് വിവിധ തവണ തിരച്ചിൽ നിർത്തി വെക്കേണ്ടതായി വന്നു. ഇതുവരെ ആകെ 19 പേരാണ് ഇവിടെ ഒഴുക്കിൽ പെട്ടിട്ടുള്ളത്.

പോലീസും ഫയർ ഫോഴ്സും, എൻ.ഡി. ആർ.എഫ് സന്നദ്ധ സംഘടനകളും സ്ഥലത്ത് ക്യാമ്പ് ചെയ്തെങ്കിലും ശക്തമായ മഴയും, മലവെള്ളപ്പാച്ചിലും തുടരുകയാണ്. തിരച്ചിൽ ഇറങ്ങുന്ന സന്നദ്ധ സംഘടനകൾ അറിയിക്കണമെന്നും ഒറ്റയ്ക്ക് ആരും ഇറങ്ങരുത് എന്നും കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു.

അതുപോലെതന്നെ പഞ്ചായത്തിലെ ചാലിപ്പുഴ, ഇരുവഞ്ഞിപ്പുഴ, ഇരുതുള്ളി പുഴ എന്നീ പുഴകളിൽ കനത്ത മഴവെള്ളപ്പാച്ചിൽ ഉണ്ടാകാനിടയുള്ളതുകൊണ്ട് മൺസൂൺ ടൂറിസം താത്കാലികമായി നിരോധിച്ചു.

വീഡിയോ കാണാം: