കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിൽ നിന്നും വീണുമരിച്ച സംഭവം; കണ്ണൂർ സ്വദേശിയായ റെയിൽവെ കരാർ ജീവനക്കാരൻ അറസ്റ്റിൽ, പുറത്തേക്ക് തള്ളിയിട്ടതാണെന്ന് സാക്ഷി മൊഴി


കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ച സംഭവത്തിൽ റെയിൽവേ കരാർ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശി ടി.എസ് അനിൽകുമാറാണ് അറസ്റ്റിലായത്. അനിൽകുമാർ ശരവണനെ തള്ളിയിട്ടതാണെന്ന ദൃക്സാക്ഷിമൊഴി പോലീസിന് ലഭിച്ചതായാണ് വിവരം. ഇയാൾക്കെതിരെ മനപൂർവമായ നരഹത്യക്ക് റെയിൽവേ പൊലീസ് കേസെടുത്തു.

തമിഴ്നാട് കാഞ്ചീപുരം സ്വദേശിയാണ് മരിച്ച ശരവണൻ. തലശേരിയിലെ ബന്ധുവിനെ സന്ദർശിച്ച ചെന്നൈയിലേക്ക് മടങ്ങാൻ ട്രെയിൻ കയറിയ ശരവണൻ കോഴിക്കോട് എത്തിയപ്പോഴാണ് ചെന്നൈ എക്സ‌്പ്രസിൽ നിന്ന് മംഗലൂരു കൊച്ചുവേളി എക്‌സ്പ്രസിലേക്ക് മാറി കയറിയത്. എസി കംപാർട്മെന്റിന്റെ വാതിലിൽ ഇരുന്ന ശരവണൻ, ട്രെയിൻ നീങ്ങുന്നതിനിടെ പുറത്തേക്ക് വീണ് പ്ലാറ്റ് ഫോമിൻ്റെയും കോച്ചിന്റെയും ഇടയിൽപ്പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു.

ട്രെയിനിൽ ബെഡ് ഒരുക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന കണ്ണൂർ സ്വദേശിയുമായി ഇയാൾ വാഗ്വാദത്തിൽ ഏർപ്പെട്ടെന്നും, ട്രെയിനിൽ നിന്നും തള്ളിയിട്ടതാണോ എന്ന സംശയം പ്ലാറ്റ്ഫോമിൽ നിന്ന സ്ത്രീ ആർ.പി.എഫിനെ ധരിപ്പിച്ചതോടെയാണ് സംശയം ഉടലെടുത്തത്. മനപൂർവ്വം ശരവണനെ തളളിയിട്ടിട്ടില്ലെന്നാണ് കരാർ ജീവനക്കാരൻ ആദ്യം പൊലീസിന് നൽകിയ മൊഴി. ശരവണൻ്റെ മൃതദേഹം തുടർ നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. നാളെ കാഞ്ചീപുരത്ത് നിന്ന് ബന്ധുക്കൾ എത്തിയ ശേഷമാവും മൃതദ്ദേഹം വിട്ടു നൽകുക. 25 കാരനായ ശരവൻ ചെന്നൈയിൽ ബസിലെ ക്ലീനറായി ജോലി ചെയ്യുകയായിരുന്നു.

Description: A young man died after falling from a train; Railway contract employee arrested