‘ജനജീവിതം ആശങ്കയിലാക്കി കൊയിലാണ്ടിയില്‍ ചൊറിയന്‍ പുഴു ശല്യം’; പ്രശ്‌നത്തില്‍ നഗരസഭ ഇടപെടണമെന്ന് കോണ്‍ഗ്രസ്‌


കൊയിലാണ്ടി: ജനജീവിതം ആശങ്കയിലാക്കി നഗരസഭ പരിധിയിലുടനീളം വ്യാപിച്ചു കൊണ്ടിരിക്കുന്ന ചൊറിയൻ പുഴു ശല്യത്തിൽ നഗരസഭ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ്‌ സൗത്ത് – നോർത്ത് മണ്ഡലം പ്രസിഡണ്ടുമാരായ അരുൺ മണമൽ, രജീഷ് വെങ്ങളത്ത് കണ്ടി, കോർ കമ്മിറ്റി ചെയർമാൻ ടി.പി കൃഷ്ണൻ എന്നിവർ ആവശ്യപ്പെട്ടു.

വാഴ കൃഷി ഉൾപ്പെടെയുള്ള കാർഷിക മേഖലയ്ക്കും, അലങ്കാര പൂച്ചെടികൾക്കും വലിയ നാശമാണ് പുഴുക്കൾ വരുത്തുന്നത്. ഇതിന് പുറമെ പുഴുക്കളുമായുള്ള സമ്പർക്കം മൂലം ജനങ്ങൾക്ക് സംഭവിക്കുന്ന ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ വേറെയുമുണ്ട്. അടിയന്തര നടപടികൾ സ്വീകരിച്ചിട്ടില്ലെങ്കിൽ സാമൂഹികമായി വലിയ പ്രത്യാഘാതങ്ങൾക്ക് ഇത് വഴിയൊരുക്കുമെന്നും പ്രശ്‌നത്തില്‍ നഗരസഭയുടെ അനാസ്ഥ തുടർന്നാൽ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും കോൺഗ്രസ്സ് വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടെയാണ് കൊയിലാണ്ടി നഗരസഭാ പരിധിയിലെ വിവിധയിടങ്ങളില്‍ പുഴു ശല്യം രൂക്ഷമായത്. വീട്ടുപറമ്പുകളിലെ വാഴകള്‍, പപ്പായ, ചെറിയ ചെടികള്‍, പുല്ലുകള്‍ എല്ലാം എന്നുവേണ്ട ഒട്ടുമിക്ക സസ്യങ്ങളെയും തിന്നു തീര്‍ത്താണ് ചൊറിയന്‍ പുഴു പെരുകുന്നത്. കാലാവസ്ഥയിലുണ്ടായ മാറ്റമാണ് വലിയ തോതില്‍ ഇവ പെരുകാനിടയായതെന്നാണ് കാര്‍ഷിക രംഗത്തെ വിദഗ്ധര്‍ പറയുന്നത്. സാധാരണയായി മഴ തുടങ്ങുമ്പോഴാണ് ചൊറിയന്‍ പുഴുവിന്റെ ആക്രമണം ഉണ്ടാകാറുള്ളത്. എന്നാല്‍ മഴ നന്നായി വിട്ടുനിന്നതും പിന്നാലെ തന്നെ കാര്‍മേഘാവൃതമാകുകയും ചെയ്തതോടെയാണ് ഇവ പെരുകാന്‍ അനുകൂലമായ സാഹചര്യമുണ്ടായതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Description: Congress wants the municipality to intervene in the problem of scabies