ദിവസേന എത്തുന്നത് 69 സ്‌കൂളുകളില്‍ നിന്നായി രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികളും അധ്യാപകരും; കൊയിലാണ്ടി സ്റ്റേഡിയത്തില്‍ ശുചിമുറിയില്ലാതെ ബുദ്ധിമുട്ടി സബ്ജില്ലാ മത്സരങ്ങള്‍ക്കെത്തുന്ന വിദ്യാര്‍ത്ഥികള്‍



കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേഡിയത്തില്‍ ശുചിമുറി സൗകര്യമില്ലാതെ ബുദ്ധിമുട്ടി ഉപജില്ലാ സ്പോര്‍ട്സിനെത്തിയ വിദ്യാര്‍ത്ഥികളും അധ്യാപകരും. മൂന്ന് ദിവസമായി നടന്നുവരുന്ന സ്പോര്‍ട് മത്സരത്തില്‍ കാണികളായും പങ്കെടുക്കാന്‍ എത്തിയവരുമായി രണ്ടായിരത്തിന് മുകളില്‍ ആളുകളാണ് സ്റ്റേഡിയത്തില്‍ എത്തുന്നത്. അറുപത്തിയൊന്‍പത് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് മത്സരത്തില്‍ ദിവസേന പങ്കെടുക്കാനെത്തുന്നത്.

എന്നാല്‍ ടോയ്ലറ്റ് സൗകര്യം ഇല്ലാത്തത് വിദ്യാര്‍ത്ഥികളെ വലിയ രീതിയിലാണ് ബാധിക്കുന്നത്. നിലവില്‍ ഫയര്‍ സ്റ്റേഷന്‍ ഉപയോഗിക്കുന്ന ഒരു ടോയ്ലറ്റ് മാത്രമേ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുള്ളൂ. പല വിദ്യാര്‍ത്ഥികളും പ്രാഥമിക ആവശ്യത്തിനായി മറ്റുവഴികള്‍ തേടുകയാണ്. ഫയര്‍ സ്റ്റേഷന് പിറകിലുള്ള രണ്ട് ശുചിമുറിയുടെ സമീപത്തേയ്ക്ക് ദുര്‍ഗന്ധം മൂലം അടുക്കാന്‍ കഴിയില്ല. ടോയ്ലറ്റ് ശുചീകരണവും കൃത്യമായി നടക്കുന്നില്ല.

സമീപത്ത് പ്ലാസ്റ്റിക്കും മറ്റും കൂട്ടിയിട്ട നിലയിലാണുള്ളത്. ഇതില്‍ ഒരു ടോയ്ലറ്റ് മാത്രമാണ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത്. വൃത്തിഹീനമായ ഈ സാഹചര്യത്തില്‍ ഒരേ ടോയ്ലറ്റില്‍ നിരവധി ആളുകള്‍ പോവുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുവാനും സാധ്യതയുണ്ട്.

കൂടാതെ നിലവില്‍ ഉപയോഗിക്കുന്ന ശുചിമുറിയ്ക്കും വസ്ത്രം മാറാനുള്ള മുറിയ്ക്കും ഡോര്‍ ഇല്ലാത്തതും ജനാലകളും ഇല്ലാത്തതും വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വത്തെ ബാധിക്കുന്നുണ്ട്. അതേസമയം സമീപത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യവും രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. എത്രയുംപെട്ടെന്ന് പരിഹാരം കാണണമെന്നാണ് അധ്യാപകുടെയും വിദ്യാര്‍ത്ഥികളുടെയും ആവശ്യം.