നന്തി ടൗണ്‍ ഇനി അടിമുടി മാറും; വിശ്രമ കേന്ദ്രവും, പാര്‍ക്കിംഗ് സൗകര്യവും ഓട്ടോ സ്റ്റാന്‍ഡും ഉള്‍പ്പെടെ നിരവധി സൗകര്യങ്ങള്‍, നന്തി ടൗണിനെ ഒന്നാകെ ആധുനികവത്ക്കരിക്കാന്‍ പ്ലാന്‍ തയ്യാറായി


മൂടാടി: നന്തി ടൗണിനെ ഒന്നാകെ ആധുനികവത്ക്കരിക്കാന്‍ പ്ലാന്‍ തയ്യാറായി. കണ്ണൂര്‍ എസ്.കെ ആര്‍ക്കിടെക്റ്റിന്റെ സഹായത്തോടെയാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. ഓട്ടോ സ്റ്റാന്റ്, പാര്‍ക്കിംഗ് സംവിധാനങ്ങള്‍, നന്തി ടൗണിലെ വെള്ളക്കെട്ടിന് പരിഹാരമേകാന്‍ ഡ്രൈനേജ് നിര്‍മ്മാണം, ടൗണിലെത്തുന്നവര്‍ക്ക് വിശ്രമിക്കുവാന്‍ സ്ഥലം, ചെറിയപരിപാടികള്‍ നടത്തുവാനുള്ള സംവിധാനം, എന്നിങ്ങനെയാണ് മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


നന്തി മേല്‍പ്പാലം മുതല്‍ പുതുതായി നിര്‍മ്മിക്കുന്ന അണ്ടര്‍പാസ്സ് വരെയാണ് നവീകരണം നടത്തുന്നത്. ഊരാളുങ്കലിനെ കൊണ്ട് ആദ്യം ടോട്ടല്‍ സ്‌റ്റേഷന്‍ സര്‍വ്വേ നടത്തിയതിന് ശേഷമാണ് പ്ലാനിംഗിലേയ്ക്ക് കടന്നത്. രണ്ട് കോടിയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരിക്കുന്നത്. എം.എല്‍.എ മുഖാന്തരം പി.ഡബ്ല്യൂഡി യ്ക്ക് സമര്‍പ്പിച്ച് ഭരണാനുമതി നേടിയ ശേഷം നവീകരണ പ്രവൃത്തികള്‍ ആരംഭിക്കുമെന്ന് മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീകുമാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

പ്ലാന്‍ വിശദീകരണ യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി സനീര്‍ വില്ലം കണ്ടി, ഓട്ടോ യൂണിയന്‍ ഭാരവാഹി സുനില്‍ അക്കമ്പത്ത്, സഹകരണ ബാങ്ക് പ്രസിഡന്റ് വിജയരാഘവന്‍ മാസ്റ്റര്‍, സി.വി പ്രകാശ് ബാബു, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജിവാനന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ആര്‍കിടെക്റ്റ് സുജിത് പ്ലാന്‍ വിശദികരണം നടത്തി.