”നടേരി പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ഉടന്‍ തുടങ്ങണം” സി.പി.ഐ.എം നമ്പ്രത്തുകര ലോക്കല്‍ സമ്മേളനം


കൊയിലാണ്ടി: സംസ്ഥാന ബജറ്റില്‍ പണം അനുവദിച്ച നടേരി കടവ് പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ഉടന്‍ തുടങ്ങണമെന്ന് സി.പി.ഐ.എം നമ്പ്രത്തുകര ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കീഴരിയൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രധാന പാടശേഖരമായ കല്ലിട്ടൊടി പാടശേഖരത്തിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയാന്‍ നിലവിലുള്ള വി.സി ബി പുനര്‍നിര്‍മിക്കാന്‍ ഇവിടേക്ക് റോഡ് ഗതാഗതം ഇല്ലാത്തത് തടസമായി നില്‍ക്കുകയാണ്. പ്രസ്തുത പ്രദേശത്ത് റോഡ് നിര്‍മ്മിച്ച് നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനോടും ഗ്രാമപഞ്ചായത്തിനോടും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

നമ്പ്രത്തുകര യു.പി.സ്‌കൂൡ താജുദ്ദീന്‍ നഗറില്‍ നടന്ന സമ്മേളനം സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം കെ.ദാസന്‍ ഉദ്ഘാടനം ചെയ്തു. ഹരീന്ദ്രന്‍ മാസ്റ്റര്‍, കൊന്നാരി രാധാകൃഷ്ണന്‍, അമന്‍ സരാദ എന്നിവരുള്‍പ്പെട്ട പ്രസീഡിയം സമ്മേളന പരിപാടികള്‍ നിയന്ത്രിച്ചു. ഏരിയ സെക്രട്ടറി ചന്ദ്രന്‍മാസ്റ്റര്‍, ഏരിയ കമ്മിറ്റിയംഗങ്ങളായ പി.ബാബുരാജ്, ഷിജു മാസ്റ്റര്‍, അഡ്വ.എല്‍.ജി ലിജീഷ്, അശ്വനിദേവ്, ടി.കെ.ബാബു എന്നിവര്‍ പങ്കെടുത്തു.

കെ.പി. ഭാസ്‌കരന്‍ സെക്രട്ടറിയായ 13 അംഗ ലോക്കല്‍ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. സമ്മേളനത്തിന്റെ ഭാഗമായി നാളെ നമ്പ്രത്തുകരയില്‍ റെഡ് വളണ്ടിയര്‍മാര്‍ച്ചും പൊതുസമ്മേളനവും നടക്കും. കുന്നോത്തുമുക്കില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുക.

Summary: CPIM Namprathukara Local Conference